മുംബൈ: ചാമ്പ്യന്‍സ് ട്രോഫിക്കുള്ള പടയൊരുക്കം അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഇത്തവണ പാകിസ്താന്‍ ആതിഥേയരാവുന്ന ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ മത്സരങ്ങള്‍ മാത്രം ദുബായിലാണ് നടക്കുന്നത്. ശക്തമായ ടീം കരുത്തോടെയാണ് ഇത്തവണ എല്ലാ ടീമുകളും എത്തുന്നത്. ഇന്ത്യയെ സംബന്ധിച്ച് ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫി അഭിമാന പ്രശ്‌നമാണ്. പരിശീലകന്‍ ഗൗത ഗംഭീറിന്റേയും നായകന്‍ രോഹിത് ശര്‍മയുടേയും ഭാവി തീരുമാനിക്കുക ചാമ്പ്യന്‍സ് ട്രോഫിയിലെ പ്രകടനമാവും.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര തൂത്തുവാരിയ ഇന്ത്യ വലിയ ആത്മവിശ്വാസത്തോടെയാണ് ചാമ്പ്യന്‍സ് ട്രോഫിക്കെത്തുന്നത്. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളി. പാകിസ്താനെതിരായ മത്സരം 23നാണ്. ഇത്തവണത്തെ ഇന്ത്യ-പാക് പോരാട്ടം കൂടുതല്‍ ആവേശകരമാവുമെന്നുറപ്പ്. ഇന്ത്യയും പാകിസ്താനും ഉജ്ജ്വല ഫോമിലാണ് കളിക്കുന്നത്. അതുകൊണ്ടുതന്നെ തീപാറും പോരാട്ടം പ്രതീക്ഷിക്കാം. ഇപ്പോഴിതാ ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫിയിലെ എക്‌സ് ഫാക്ടര്‍ ആരാണെന്ന് തിരഞ്ഞെടുത്തിരിക്കുകയാണ് ഗൗതം ഗംഭീര്‍.
വരുണ്‍ ചക്രവര്‍ത്തിയാണ് എക്‌സ് ഫാക്ടര്‍
ഇന്ത്യ അവസാന സമയത്ത് ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ മാറ്റം വരുത്തിയിരുന്നു. പരിക്കേറ്റ ജസ്പ്രീത് ബുംറക്ക് പകരം ഹര്‍ഷിത് റാണയെ ടീമിലേക്ക് പരിഗണിച്ചപ്പോള്‍ യശ്വസി ജയ്‌സ്വാളിന് പകരം വരുണ്‍ ചക്രവര്‍ത്തിയേയും പരിഗണിച്ചു. ദുബായിലാണ് ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ നടക്കുന്നത്. ദുബായിലെ സാഹചര്യത്തില്‍ തിളങ്ങാന്‍ ശേഷിയുള്ളവനാണ് വരുണ്‍. ഐപിഎല്ലിലൂടെ താരമത് തെളിയിച്ചിട്ടുമുണ്ട്.
ഇപ്പോഴിതാ വരുണാണ് ഇന്ത്യയുടെ എക്‌സ് ഫാക്ടറെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഗൗതം ഗംഭീര്‍. 'മധ്യ ഓവറുകളില്‍ വിക്കറ്റ് നേടാന്‍ കഴിവുള്ള ഒരു ബൗളറെ ഇന്ത്യക്ക് ആവശ്യമാണ്. വരുണ്‍ അതിന് കഴിവുള്ള ബൗളറാണെന്ന് നമുക്കെല്ലാം അറിയാം. വരുണ്‍ എല്ലാവര്‍ക്കും വലിയ ഭീഷണിയാണ്. ഒട്ടുമിക്ക ടീമുകളും അവനെതിരേ കളിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അവന്‍ ടീമിന്റെ എക്‌സ് ഫാക്ടര്‍ താരമാണ്. അവന്‍ പ്ലേയിങ് 11ലുണ്ടാവുമെന്ന് ഞാന്‍ ഉറപ്പ് പറയുന്നില്ല. എന്നാല്‍ മധ്യനിരയില്‍ വിക്കറ്റ് നേടിയെടുക്കാന്‍ അവന് കഴിവുണ്ട്. അത് എപ്പോഴും ടീമിന് ഗുണം ചെയ്യുന്നതാണ്' ഗംഭീര്‍ പറഞ്ഞു.

ഇന്ത്യയുടെ സമീപകാല പ്രകടനം മികച്ചത്
ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സര ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരിയിരിക്കുകയാണ്. ഇതിലൂടെ സമീപകാലത്തെ ഇന്ത്യയുടെ നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും ടീമിന് സാധിച്ചിട്ടുണ്ട്. നായകന്‍ രോഹിത് ശര്‍മയുടെ മോശം ഫോമാണ് സമീപകാലത്തെ ഇന്ത്യയുടെ പ്രധാന പ്രശ്‌നം. എന്നാല്‍ ഇംഗ്ലണ്ടിനെതിരേ സെഞ്ച്വറി നേടി തിരിച്ചുവരാന്‍ രോഹിത്തിനായി. അര്‍ധ സെഞ്ച്വറിയോടെ വിരാട് കോലിക്കും ഫോമിലേക്കെത്താന്‍ സാധിച്ചു.
നാലാം നമ്പറിലേക്ക് ശ്രേയസ് അയ്യര്‍ വന്നതോടെ ടീം കരുത്ത് കൂടുതല്‍ ശക്തമായി. ഇംഗ്ലണ്ട് പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനത്തോടെ മധ്യനിരയില്‍ തിളങ്ങാന്‍ ശ്രേയസിന് സാധിച്ചിട്ടുണ്ട്. അക്ഷര്‍ പട്ടേല്‍ അഞ്ചാം നമ്പറില്‍ ശോഭിക്കുന്നത് ഇന്ത്യക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്ന കാര്യമാണ്. ഇന്ത്യയുടെ സ്പിന്നര്‍മാര്‍ മധ്യ ഓവറുകളില്‍ എതിരാളികള്‍ക്ക് വലിയ ഭീഷണി ഉയര്‍ത്തുന്നു. ഇതെല്ലാം ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്ക് ഗുണം ചെയ്യുമെന്ന് തന്നെ കരുതാം.
രോഹിത്തിനും ഗംഭീറിനും നിര്‍ണ്ണായകം
രോഹിത്തിനും ഗൗതം ഗംഭീറിനും ചാമ്പ്യന്‍സ് ട്രോഫി വളരെ നിര്‍ണ്ണായകമാണ്. നിരാശപ്പെടുത്തിയാല്‍ രണ്ട് പേരുടേയും ചീട്ടുകീറിയേക്കും. ഇന്ത്യക്ക് ഏകദിനത്തില്‍ വലിയൊരു പ്രകടനം ഗൗതം ഗംഭീറിന്റെ പരിശീലനത്തിന് കീഴില്‍ നടത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ പ്രകടനം അല്‍പ്പം ആശ്വാസമാണ്. ഇന്ത്യക്ക് ഇപ്പോള്‍ ശക്തമായ ടീം കരുത്ത് അവകാശപ്പെടാന്‍ സാധിക്കുമെങ്കിലും കപ്പിലേക്കെത്താന്‍ ഭാഗ്യം തുണക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.