മുംബൈ: ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. രോഹിത് ശര്‍മക്ക് കീഴില്‍ ശക്തമായ 15 അംഗ ടീമിനെയാണ് ഇന്ത്യ തിരഞ്ഞെടുത്തിരിക്കുന്നത്. പാകിസ്താന്‍ ആതിഥേയരാവുന്ന ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. നായകന്‍ രോഹിത് ശര്‍മക്കും സൂപ്പര്‍ താരം വിരാട് കോലിക്കും പരിശീലകന്‍ ഗൗതം ഗംഭീറിനുമെല്ലാം ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫി നിലനില്‍പ്പിന്റെ പ്രശ്‌നമാണെന്ന് പറയാം.
അതുകൊണ്ടുതന്നെ മികച്ച പ്രകടനത്തോടെ കസറാന്‍ ഇവര്‍ക്ക് സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. ഇന്ത്യയുടെ ആദ്യ മത്സരം ബംഗ്ലാദേശിനെതിരേയാണ്. ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താന്‍ മത്സരം ഫെബ്രുവരി 23നാണ്. ഇന്ത്യക്ക് മികച്ച താരനിരയുണ്ടെങ്കിലും ഫോമും ഫിറ്റ്‌നസും ടീമിനെ പിന്നോട്ടടിക്കുന്ന കാര്യങ്ങളാണെന്ന് പറയാം. ഇപ്പോഴിതാ ഇത്തവണത്തെ കപ്പ് ഇന്ത്യ നേടാന്‍ സാധ്യതയില്ലെന്ന് പ്രവചിച്ചിരിക്കുകയാണ് മുന്‍ താരവും ഇതിഹാസവുമായ സുനില്‍ ഗവാസ്‌ക്കര്‍.
ഇത്തവണ കപ്പ് പാകിസ്താന്
ഇത്തവണ ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടാന്‍ കൂടുതല്‍ സാധ്യത പാകിസ്താനാണെന്നാണ് സുനില്‍ ഗവാസ്‌ക്കര്‍ പറയുന്നത്. ആതിഥേയരായതിനാല്‍ പാകിസ്താന് കൂടുതല്‍ സാധ്യതയുണ്ട്. ഇന്ത്യയുടെ മത്സരങ്ങള്‍ മാത്രമാണ് ദുബായില്‍ നടക്കുന്നത്. സ്വന്തം തട്ടകത്തില്‍ നടക്കുന്ന മത്സരങ്ങളില്‍ പാകിസ്താന് മുന്‍തൂക്കമുണ്ട്. സമീപകാലത്തെ പാകിസ്താന്റെ പ്രകടനങ്ങളും വിലയിരുത്തുമ്പോള്‍ ഇത്തവണ കപ്പ് പാകിസ്താന്‍ നേടുമെന്ന് വിലയിരുത്തിയാലും തെറ്റാവില്ല.
'ഇത്തവണത്തെ ഫേവറേറ്റുകള്‍ പാകിസ്താനാണ്. തട്ടകത്തില്‍ ഏത് ടീമിനേയും തോല്‍പ്പിക്കുക പ്രയാസമാണ്. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ഇന്ത്യ ഫൈനലിലാണ് തോറ്റത്. അതിന് മുമ്പുള്ള പ്രകടനങ്ങളെല്ലാം വളരെ മികച്ചതായിരുന്നു' സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കവെ ഗവാസ്‌ക്കര്‍ പറഞ്ഞു. മുഹമ്മദ് റിസ്വാന്‍ നായകനായി വന്നതോടെ പാകിസ്താന്റെ പ്രകടന നിലവാരം വളരെയധികം ഉയര്‍ന്നിട്ടുണ്ട്. ഇത്തവണ പാകിസ്താന്‍ എല്ലാവര്‍ക്കും വലിയ ഭീഷണിയാണെന്ന് പറയാം.

ഇന്ത്യന്‍ ടീമില്‍ പ്രശ്‌നങ്ങളേറെ
നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനുള്ളില്‍ ഭിന്നത ശക്തമാണ്. പരിശീലകന്‍ ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചില നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ ഇതൊന്നും നായകന്‍ രോഹിത് ശര്‍മയും മുഖ്യ സെലക്ടറായ അജിത് അഗാര്‍ക്കറും പരിഗണിച്ചില്ല. ഇതിന്റെ പേരില്‍ ഇന്ത്യന്‍ ടീമില്‍ ഭിന്നതയുണ്ടെന്നാണ് വിവരം. സഞ്ജു സാംസണെ ടീമില്‍ ഉള്‍പ്പെടുത്തണമെന്നും ഹാര്‍ദിക് പാണ്ഡ്യയെ വൈസ് ക്യാപ്റ്റനാക്കണമെന്നുമാണ് ഗംഭീര്‍ നിര്‍ദേശിച്ചത്.
എന്നാല്‍ ഇതിന് രോഹിത് എതിര് നിന്നു. ഇന്ത്യന്‍ ടീമിനുള്ളിലെ പ്രശ്‌നങ്ങള്‍ രൂക്ഷമായിരിക്കെ ടീമിന്റെ വിജയ സാധ്യത കുറവാണെന്ന് തന്നെ പറയാം. പാകിസ്താനെ ഇന്ത്യ തോല്‍പ്പിച്ചാലും കപ്പിലേക്കെത്താന്‍ ന്യൂസീലന്‍ഡ്, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നീ വമ്പന്മാരെയെല്ലാം ഇന്ത്യക്ക് തോല്‍പ്പിക്കേണ്ടതായുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇന്ത്യക്ക് ഈ വമ്പന്മാരെയെല്ലാം തോല്‍പ്പിക്കുകയെന്നത് പ്രയാസമാണെന്ന് തന്നെ പറയാം.
ഇന്ത്യ പരിക്കില്‍ വലയുന്നു
ഇന്ത്യന്‍ ടീമിനെ പരിക്ക് വലക്കുകയാണ്. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ പരിക്കിന്റെ പിടിയിലാണ്. മുഹമ്മദ് ഷമി വലിയ ഇടവേളക്ക് ശേഷമാണ് തിരിച്ചുവരാനൊരുങ്ങുന്നത്. ഇപ്പോഴും പൂര്‍ണ്ണ ഫിറ്റാണെന്ന് പറയാറായിട്ടില്ല. ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളെ മോശം ഫോമും വേട്ടയാടുകയാണ്. വിരാട് കോലിയും രോഹിത് ശര്‍മയും പഴയ മികവ് കാട്ടുന്നില്ല. കെ എല്‍ രാഹുല്‍ നിര്‍ണ്ണായക മത്സരങ്ങളില്‍ കളി മറക്കുന്നവനാണ്.
ശ്രേയസ് അയ്യരുടെ സമീപകാല ഫോം മികച്ചതാണെങ്കിലും ഷോര്‍ട്ട് ബോള്‍ ദൗര്‍ബല്യം ഇപ്പോഴുമുണ്ട്. ഇതോടൊപ്പമാണ് ഇന്ത്യന്‍ ടീമിലെ ഭിന്നതയും പ്രശ്‌നമാണ്. അതുകൊണ്ടുതന്നെ കപ്പിലേക്കെത്താന്‍ ഇന്ത്യക്ക് വളരെ പ്രയാസമായിരിക്കുമെന്ന് തന്നെ പറയാം.