മുംബൈ: ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സൂപ്പര്‍ താരങ്ങളെല്ലാം ഉള്‍പ്പെട്ടിട്ടുണ്ട്. ശുബ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ എന്നിവരെല്ലാം ഇന്ത്യന്‍ ടീമിലുണ്ട്. ഇടവേളക്ക് ശേഷം മുഹമ്മദ് ഷമിയും ജസ്പ്രീത് ബുംറയും വീണ്ടും പേസ് നിരയില്‍ ഒന്നിക്കാന്‍ പോവുകയാണ്. ഇതെല്ലാം ഇന്ത്യക്ക് ഗുണകരമാവുമെന്നാണ് ആരാധകരുടേയും പ്രതീക്ഷ.
ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. പാകിസ്താനാണ് ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫിയുടെ ആതിഥേയര്‍. എന്നാല്‍ ഇന്ത്യ പാകിസ്താനില്‍ കളിക്കാന്‍ തയ്യാറാവാത്തതിനാല്‍ ദുബായിലാണ് ഇന്ത്യയുടെ മത്സരങ്ങള്‍ നടക്കാന്‍ പോകുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യയെ തോല്‍പ്പിക്കാനുറച്ചാവും പാകിസ്താന്റെ വരവ്. എന്ത് വിലകൊടുത്തും ജയിക്കേണ്ടത് ഇന്ത്യക്ക് അഭിമാന പ്രശ്‌നമാണ്.
അതുകൊണ്ടുതന്നെ ഏറ്റവും മികച്ച പ്ലേയിങ് 11നെ ഇന്ത്യക്ക് കളത്തിലിറക്കണം. പല താരങ്ങളുടേയും ഫോമും ഫിറ്റ്‌നസും ഇന്ത്യയെ സംബന്ധിച്ച് പ്രശ്‌നമാണ്. ഇതിനോടകം പലരും ഇന്ത്യയുടെ പ്ലേയിങ് 11നെ നിര്‍ദേശിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഇന്ത്യയുടെ മുന്‍ ബാറ്റിങ് കോച്ചായ സഞ്ജയ് ബംഗാര്‍ ഇന്ത്യയുടെ പ്ലേയിങ് 11 തിരഞ്ഞെടുത്തിരിക്കുകയാണ്.
രോഹിത് ശര്‍മയും ഗില്ലും ഓപ്പണിങ്
ഇന്ത്യയുടെ ഓപ്പണര്‍മാരായി രോഹിത് ശര്‍മയും ശുബ്മാന്‍ ഗില്ലും മതിയെന്നാണ് ബംഗാര്‍ നിര്‍ദേശിക്കുന്നത്. യശ്വസി ജയ്‌സ്വാളിന്റെ വരവോടെ ഇന്ത്യ ഓപ്പണിങ് കൂട്ടുകെട്ടില്‍ മാറ്റം വരുത്തണമെന്ന് നിര്‍ദേശിക്കുന്നവര്‍ ഏറെയാണ്. എന്നാല്‍ രോഹിത്തിനൊപ്പം ഗില്‍ ഓപ്പണറായി വരണമെന്നാണ് ബംഗാര്‍ നിര്‍ദേശിക്കുന്നത്. ഇന്ത്യ ശുബ്മാന്‍ ഗില്ലിനെ വൈസ് ക്യാപ്റ്റനായി പ്രഖ്യാപിച്ച് കഴിഞ്ഞു. അതുകൊണ്ടുതന്നെ ഗില്‍ ഓപ്പണറായി എത്തുമെന്ന് ഏറെക്കുറെ ഉറപ്പാണ്.
വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍
മൂന്നാം നമ്പറില്‍ വിരാട് കോലിക്ക് സീറ്റുറപ്പാണ്. മോശം ഫോമിലാണെന്ന് പറയുമ്പോഴും ഐസിസി ടൂര്‍ണമെന്റുകളില്‍ കോലിയുടെ മികവ് ഒന്ന് വേറെ തന്നെയാണ്. ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാരുടെ മുന്‍ നിരയില്‍ത്തന്നെ വിരാട് കോലിയുണ്ട്. ഇത്തവണയും കോലിയുടെ ബാറ്റിങ്ങിലാണ് ഇന്ത്യയുടെ പ്രധാന പ്രതീക്ഷ. ഏകദിനത്തില്‍ ഇപ്പോഴും കോലിക്ക് വലിയ ഭാവിയുണ്ടെന്ന് തന്നെയാണ് ടീം മാനേജ്‌മെന്റിന്റെ വിലയിരുത്തല്‍.

നാലാം നമ്പറില്‍ ശ്രേയസ് അയ്യര്‍ വരണമെന്നാണ് ബംഗാര്‍ അഭിപ്രായപ്പെടുന്നത്. ക്ലാസിക് താരമായ ശ്രേയസ് ഏറെ നാളുകളായി ഇന്ത്യന്‍ ടീമിന് പുറത്താണ്. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ ശ്രേയസ് അയ്യര്‍ ഇപ്പോള്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് അര്‍ഹിക്കുന്നുണ്ട്. ഏകദിന ലോകകപ്പിലെ മിന്നും ഫോം ശ്രേയസ് തുടരുമെന്ന് തന്നെ കരുതാം.
അഞ്ചാം നമ്പറില്‍ കെ എല്‍ രാഹുലിനാണ് സീറ്റ്. വിക്കറ്റ് കീപ്പറായി ഇന്ത്യ രാഹുലിനെ കളിപ്പിക്കണമെന്നാണ് ബംഗാര്‍ നിര്‍ദേശിക്കുന്നത്. അവസാന ഏകദിന ലോകകപ്പിലും ഇന്ത്യക്കായി തകര്‍പ്പന്‍ പ്രകടനം നടത്താന്‍ രാഹുലിനായിരുന്നു. ശ്രേയസ് രാഹുല്‍ എന്നിവരുടെ മധ്യനിരയിലെ കൂട്ടുകെട്ട് ഇന്ത്യക്ക് വളരെ നിര്‍ണ്ണായകമാണെന്ന് പറയാം. റിഷഭ് പന്തിന് പ്ലേയിങ് 11 സ്ഥാനമില്ല.
ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍
ആറാം നമ്പറില്‍ പേസ് ഓള്‍റൗണ്ടറായി ഹാര്‍ദിക് പാണ്ഡ്യ വരുമെന്നുറപ്പ്. പന്തുകൊണ്ടും ബാറ്റുകൊണ്ടും ഹാര്‍ദിക്കിന്റെ പ്രകടനം ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. ഏകദിനത്തില്‍ ഇടവേളക്ക് ശേഷമാണ് ഹാര്‍ദിക് കളിക്കാന്‍ പോകുന്നത്. അതുകൊണ്ടുതന്നെ ഹാര്‍ദിക്കിന്റെ പ്രകടനം എങ്ങനെയാവുമെന്നത് കണ്ടറിയണം. രണ്ട് സ്പിന്‍ ഓള്‍റൗണ്ടര്‍മാര്‍ പ്ലേയിങ് 11 വേണമെന്നാണ് ബംഗാര്‍ പറയുന്നത്. രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരെയാണ് ബംഗാര്‍ നിര്‍ദേശിക്കുന്നത്.
കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്
ഒമ്പതാം നമ്പറില്‍ സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി കുല്‍ദീപ് യാദവ് കളിക്കണമെന്നാണ് ബംഗാര്‍ നിര്‍ദേശിക്കുന്നത്. പേസ് നിരയില്‍ മുഹമ്മദ് ഷമി വേണ്ടെന്നാണ് ബംഗാര്‍ പറയുന്നത്. പകരം ജസ്പ്രീത് ബുംറക്കൊപ്പം ഇടം കൈയന്‍ പേസറായി അര്‍ഷ്ദീപ് സിങ്ങിനെ കളിപ്പിക്കണമെന്നാണ് ബംഗാര്‍ പറയുന്നത്. മുഹമ്മദ് ഷമി 14 മാസത്തെ ഇടവേളക്ക് ശേഷമാണ് തിരിച്ചെത്തുന്നത്. അതുകൊണ്ടുതന്നെ പ്രകടനം എങ്ങനെയാവുമെന്നത് കണ്ടറിയേണ്ടതാണ്.