മുംബൈ: ചാമ്പ്യന്‍സ് ട്രോഫി,ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര എന്നിവയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നാളെ പ്രഖ്യാപിക്കാന്‍ പോവുകയാണ്. നായകനായി രോഹിത് ശര്‍മ തുടരുമെന്ന് വ്യക്തമായിരിക്കുകയാണ്. രോഹിത് ശര്‍മയും മുഖ്യ സെലക്ടറായ അജിത് അഗാര്‍ക്കറും ചേര്‍ന്നാവും നാളെ മാധ്യമങ്ങളെ കാണുക. ഇന്ത്യന്‍ ടീമില്‍ വലിയ സര്‍പ്രൈസുകള്‍ ഉണ്ടായേക്കില്ലെന്നാണ് പുറത്തുവരുന്ന വിവരം. മോശം ഫോമിലുള്ള താരങ്ങളെ വിശ്വാസം അര്‍പ്പിച്ചാവും ഇന്ത്യ മുന്നോട്ട് പോവുക.
നായകനായി രോഹിത് ശര്‍മക്ക് ലാസ്റ്റ് ചാന്‍സായി ചാമ്പ്യന്‍സ് ട്രോഫി മാറും. വിരാട് കോലിയും ശുബ്മാന്‍ ഗില്ലുമെല്ലാം ടീമില്‍ തുടരും. ഇന്ത്യ ചില നിര്‍ണ്ണായക മാറ്റങ്ങള്‍ വരുത്തിയേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ പ്രകടനം വിലയിരുത്തി ഇന്ത്യ അവസാന സമയത്ത് ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ മാറ്റം വരുത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യ പരിഗണിക്കാന്‍ സാധ്യതയുള്ള സാധ്യതാ ടീമിതാ.
രോഹിത് ശര്‍മ, ശുബ്മാന്‍ ഗില്‍, യശ്വസി ജയ്‌സ്വാള്‍
ഓപ്പണര്‍മാരായി രോഹിത് ശര്‍മയേയും ശുബ്മാന്‍ ഗില്ലിനേയും തന്നെയാണ് സെലക്ടര്‍മാര്‍ കാണുന്നത്. ഇന്ത്യക്കായി ഏകദിനത്തില്‍ നിലവില്‍ ഓപ്പണ്‍ ചെയ്യുന്നത് വലം കൈയന്‍മാരായ രോഹിത് ശര്‍മയും ശുബ്മാന്‍ ഗില്ലുമാണ്. രണ്ട് പേര്‍ക്കും മികച്ച റെക്കോഡുകളുമുണ്ട്. അതുകൊണ്ടുതന്നെ ഈ കൂട്ടുകെട്ടിനെ നിലനിര്‍ത്തി ഇന്ത്യ മുന്നോട്ട് പോകുമെന്നാണ് റിപ്പോര്‍ട്ട്. ഇടം കൈയന്‍ ഓപ്പണറായ യശ്വസി ജയ്‌സ്വാളിനെ ബാക്കപ്പ് ഓപ്പണറായും പരിഗണിക്കും. റുതുരാജ് ഗെയ്ക് വാദ്, ഇഷാന്‍ കിഷന്‍ എന്നിവര്‍ക്ക് ടീമില്‍ സ്ഥാനമുണ്ടായേക്കില്ല.
വിരാട് കോലി, ശ്രേയസ് അയ്യര്‍, കരുണ്‍ നായര്‍
സൂപ്പര്‍ താരം വിരാട് കോലിക്കും ടീമില്‍ സ്ഥാനമുണ്ടാവും.മോശം ഫോമിലാണെന്നത് വസ്തുതയാണെങ്കിലും ഐസിസി ടൂര്‍ണമെന്റുകളിലെ കോലിയുടെ മികച്ച പ്രകടനം വിലയിരുത്തുമ്പോള്‍ താരം ടീമില്‍ ഉണ്ടാവുമെന്നുറപ്പാണ്. ടീം മാനേജ്‌മെന്റുമായി ഉടക്കി ടീമിന് പുറത്തായിരുന്ന ശ്രേയസ് അയ്യര്‍ തിരിച്ചെത്തും. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനം വിലയിരുത്തിയാണ് ശ്രേയസിന് തിരിച്ചുവരവിന് അവസരം നല്‍കാനൊരുങ്ങുന്നത്. വിജയ് ഹസാരെ ട്രോഫിയില്‍ ഗംഭീര പ്രകടനം നടത്തുന്ന കരുണ്‍ നായര്‍ക്ക് ടീമിലേക്ക് സര്‍പ്രൈസ് വിളി നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.
കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, ദ്രുവ് ജുറേല്‍/ റിഷഭ് പന്ത്
കെ എല്‍ രാഹുലിനെ പ്രധാന വിക്കറ്റ് കീപ്പറായി ഇന്ത്യ പരിഗണിച്ചേക്കും. അവസാന ഏകദിന ലോകകപ്പില്‍ ഗംഭീര പ്രകടനമാണ് വിക്കറ്റ് കീപ്പറായി രാഹുല്‍ നടത്തിയത്. മധ്യനിരയില്‍ ശ്രേയസ് അയ്യര്‍, രാഹുല്‍ കൂട്ടുകെട്ടിനാവും ഇന്ത്യ പ്രാധാന്യം നല്‍കുക. പേസ് ഓള്‍റൗണ്ടറായി നിതീഷ് കുമാര്‍ റെഡ്ഡിയുണ്ടാവില്ല. പകരം സീനിയര്‍ താരം ഹാര്‍ദിക് പാണ്ഡ്യക്കാണ് ഇന്ത്യ വിളി നല്‍കുക. ബാക്കപ്പ് വിക്കറ്റ് കീപ്പറായി ദ്രുവ് ജുറേല്‍ എത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. റിഷഭ് പന്തിന്റെ കാര്യത്തില്‍ നിര്‍ണ്ണായക തീരുമാനം ഉണ്ടായേക്കും. സഞ്ജു സാംസണിന് ടീമില്‍ ഇടമുണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.

അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ
അക്ഷര്‍ പട്ടേലാവും സ്പിന്‍ ഓള്‍റൗണ്ടര്‍. വാഷിങ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ എന്നിവരെ ഇന്ത്യ തഴയുമെന്നാണ് റിപ്പോര്‍ട്ട്. സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി കുല്‍ദീപ് യാദവിനെ തിരികെ വിളിക്കും. ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ കുല്‍ദീപ് യാദവിന് സാധിച്ചിട്ടുണ്ട്. ഇന്ത്യയുടെ വേദി ദുബായിയായതിനാല്‍ കുല്‍ദീപ് യാദവിന്റെ കൈക്കുഴ സ്പിന്നിന് നിര്‍ണ്ണായക റോള്‍ ടീമിലുണ്ടാവും. പേസ് നിരയില്‍ ജസ്പ്രീത് ബുംറയുണ്ടാവും. നിലവില്‍ പുറം വേദനയുണ്ടെങ്കിലും ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ ബുംറക്ക് സാധിക്കുമെന്നാണ് ടീം മാനേജ്‌മെന്റ് വിലയിരുത്തുന്നത്.
മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ
പേസ് നിരയില്‍ മുഹമ്മദ് ഷമി ടീമിലുണ്ടാവും. പരിക്കില്‍ നിന്ന് മോചിതനായ ഷമി ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്കുള്ള ടീമില്‍ ഇടം നേടിയിട്ടുണ്ട്. ഷമിയുടെ തിരിച്ചുവരവ് ഇന്ത്യക്ക് ഗുണം ചെയ്യുമെന്നുറപ്പ്. ഏകദിനത്തില്‍ മികച്ച റെക്കോഡുള്ള മുഹമ്മദ് സിറാജും ടീമിലുണ്ടാവും. ഹര്‍ഷിത് റാണയാവും യുവ പേസര്‍. ഗൗതം ഗംഭീറിന്റെ വിശ്വസ്തനാണ് ഹര്‍ഷിത് റാണ. അര്‍ഷ്ദീപ് സിങ്ങിനെ ടീമിലേക്ക് പരിഗണിച്ചേക്കില്ല.