Champions Trophy: രോഹിത്തും കോലിയുമില്ല, 2 ഇന്ത്യക്കാര്‍; ചാമ്പ്യന്‍സ് ട്രോഫി ഓള്‍ടൈം 11 ഇതാ
ഐസിസി ചാമ്പ്യന്‍സ് ട്രോഫിയുടെ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം ഉണരാന്‍ പോവുകയാണ്. പാകിസ്താന്‍ ആതിഥേയരാവുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇത്തവണ ആരാവും കപ്പിലേക്കെത്തുകയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇന്ത്യയും ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും ന്യൂസീലന്‍ഡുമെല്ലാം ഇത്തവണ കരുത്തുറ്റ നിരയോടെയാണ് ഇറങ്ങുന്നത്. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ അവസാനമായി മുത്തമിട്ടത് 2013ലായിരുന്നു. 2017ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ ഫൈനലില്‍ പാകിസ്താനോട് തോറ്റിരുന്നു.
ഇത്തവണ എന്ത് വിലകൊടുത്തും കപ്പിലേക്കെത്താമെന്ന പ്രതീക്ഷയിലാണ് ഇന്ത്യയുള്ളത്. ശക്തമായ ടീം ഇന്ത്യക്കൊപ്പമുണ്ട്. രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീമിന് ഇത്തവണ കിരീടത്തിലേക്കെത്താനാവാത്ത പക്ഷം പല സൂപ്പര്‍ താരങ്ങളുടേയും ചീട്ട് കീറാനും സാധ്യതയുണ്ട്. മറ്റൊരു ചാമ്പ്യന്‍സ് ട്രോഫി വരാനിരിക്കെ ടൂര്‍ണമെന്റിലെ ഓള്‍ടൈം ഐപിഎല്‍ 11 പരിശോധിച്ചാല്‍ ആരൊക്കെയാവും അതില്‍ ഉള്‍പ്പെടുക? പരിശോധിക്കാം.
ക്രിസ് ഗെയ്ല്‍-ശിഖര്‍ ധവാന്‍
ഓപ്പണര്‍മാരായി ക്രിസ് ഗെയ്‌ലിനേയും ശിഖര്‍ ധവാനേയുമാണ് പരിഗണിക്കാന്‍ സാധിക്കുക. രണ്ട് പേരും ഇടം കൈയന്‍ ഓപ്പണര്‍മാരാണ്. മികച്ച റെക്കോഡും ഇരുവര്‍ക്കും അവകാശപ്പെടാന്‍ സാധിക്കും. ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമനാണ് ക്രിസ് ഗെയ്ല്‍. 17 മത്സരത്തില്‍ നിന്ന് 791 റണ്‍സാണ് അദ്ദേഹം നേടിയത്. മൂന്ന് സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയും നേടാന്‍ ഗെയ്‌ലിന് സാധിച്ചിട്ടുണ്ട്. ശിഖര്‍ ധവാനും ചാമ്പ്യന്‍സ് ട്രോഫിയില്‍ മികച്ച റെക്കോഡുള്ള താരമാണ്. മൂന്ന് വീതം സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയും ധവാന്‍ നേടിയിട്ടുണ്ട്. 10 മത്സരത്തില്‍ നിന്ന് 701 റണ്‍സാണ് ധവാന്റെ പേരിലുള്ളത്.
സൗരവ് ഗാംഗുലി, കുമാര്‍ സംഗക്കാര, മഹേല ജയവര്‍ധന
മൂന്നാം നമ്പറില്‍ മുന്‍ ഇന്ത്യന്‍ നായകനായ സൗരവ് ഗാംഗുലിക്കാണ് അവസരം. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ ഗാംഗുലി മൂന്ന് സെഞ്ച്വറികള്‍ ടൂര്‍ണമെന്റില്‍ നേടിയിട്ടുണ്ട്. 11 ഇന്നിങ്‌സില്‍ നിന്ന് 665 റണ്‍സാണ് ഗാംഗുലി നേടിയത്. പുറത്താവാതെ 141 റണ്‍സ് നേടിയതാണ് ഗാംഗുലിയുടെ ഉയര്‍ന്ന സ്‌കോര്‍. ഇന്ത്യയുടെ എക്കാലത്തേയും മികച്ച നായകന്മാരിലൊരാളാണ് ഗാംഗുലി. നാലാം നമ്പറില്‍ കുമാര്‍ സംഗക്കാരക്കാണ് അവസരം.
മുന്‍ ശ്രീലങ്കന്‍ നായകനും വിക്കറ്റ് കീപ്പറുമായ സംഗക്കാര 21 ഇന്നിങ്‌സില്‍ നിന്ന് 683 റണ്‍സാണ് നേടിയത്. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ സംഗക്കാര ഒരു സെഞ്ച്വറിയും നാല് അര്‍ധ സെഞ്ച്വറികളുമാണ് ടൂര്‍ണമെന്റില്‍ നേടിയിട്ടുള്ളത്. അഞ്ചാം നമ്പറില്‍ മഹേല ജയവര്‍ധനക്കാണ് അവസരം. വലം കൈയന്‍ ബാറ്റ്‌സ്മാനായ ജയവര്‍ധന 742 റണ്‍സാണ് നേടിയത്. അഞ്ച് അര്‍ധ സെഞ്ച്വറികളാണ് ജയവര്‍ധനയുടെ സമ്പാദ്യം.

ജാക്‌സ് കാലിസ്, ഷെയ്ന്‍ വാട്‌സണ്‍, കെയ്ല്‍ മില്‍സ്
പേസ് ഓള്‍റൗണ്ടര്‍മാരായി ജാക്‌സ് കാലിസും ഷെയ്ന്‍ വാട്‌സണുമാണുള്ളത്. ദക്ഷിണാഫ്രിക്കയ്ക്കാരനായ കാലിസ് 17 ഇന്നിങ്‌സില്‍ നിന്ന് 653 റണ്‍സാണ് നേടിയത്. ഇതില്‍ ഒരു സെഞ്ച്വറിയും മൂന്ന് ഫിഫ്റ്റിയുമുണ്ട്. 20 വിക്കറ്റും അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. ലോക ക്രിക്കറ്റിലെത്തന്നെ ഏറ്റവും മികച്ച പേസ് ഓള്‍റൗണ്ടര്‍മാരിലൊരാളാണ് കാലിസ്. ഷെയ്ന്‍ വാട്‌സണും മോശക്കാരനല്ല. വമ്പന്‍ റെക്കോഡ് സ്വന്തമാക്കിയിട്ടുള്ള വാട്‌സണ്‍ 15 ഇന്നിങ്‌സില്‍ നിന്ന് 453 റണ്‍സാണ് നേടിയത്.
41.18 ശരാശരിയില്‍ കളിച്ച വാട്‌സണ്‍ 17 വിക്കറ്റും നേടിയിട്ടുണ്ട്. പേസ് ഓള്‍റൗണ്ടറെന്ന നിലയില്‍ വമ്പന്‍ റെക്കോഡ് അവകാശപ്പെടാന്‍ വാട്‌സനാവും. ന്യൂസീലന്‍ഡ് പേസറായ കെയ്ല്‍ മില്‍സ് 15 മത്സരത്തില്‍ നിന്ന് 28 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്. 30 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് നേടിയതാണ് മികച്ച ബൗളിങ് പ്രകടനം.
മുത്തയ്യ മുരളീധരന്‍, ഗ്ലെന്‍ മഗ്രാത്ത്, ജെയിംസ് ആന്‍ഡേഴ്‌സന്‍
സ്പിന്നറായി മുത്തയ്യ മുരളീധരനാണ് അവസരം. മുന്‍ ശ്രീലങ്കന്‍ ഇതിഹാസം 15 ഇന്നിങ്‌സില്‍ നിന്ന് 24 വിക്കറ്റുകളാണ് നേടിയത്. ചാമ്പ്യന്‍സ് ട്രോഫിയിലെ വിക്കറ്റ് വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്താണ് മുരളീധരന്‍. മുന്‍ ഓസീസ് പേസറായ ഗ്ലെന്‍ മഗ്രാത്ത് ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസര്‍മാരിലൊരാളാണ്. മികച്ച ലൈനും ലെങ്തും അവകാശപ്പെടാന്‍ സാധിക്കുന്ന മഗ്രാത്ത് 12 മത്സരത്തില്‍ നിന്ന് 21 വിക്കറ്റുകളാണ് നേടിയത്. 37 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് നേടിയതാണ് മികച്ച ബൗളിങ് പ്രകടനം. ജെയിംസ് ആന്‍ഡേഴ്‌സനാണ് 11ാമന്‍. ഇംഗ്ലണ്ടിന്റെ സ്വിങ് പേസറായ ആന്‍ഡേഴ്‌സന്‍ 12 മത്സരത്തില്‍ നിന്ന് 21 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications