മുംബൈ: ചാമ്പ്യന്‍സ് ട്രോഫിയുടെ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം കടന്നിരിക്കുകയാണ്. ഇത്തവണ പാകിസ്താന്‍ ആതിഥേയരാവുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ മാത്രം ദുബായിലാണ് നടക്കുന്നത്. ഓസ്‌ട്രേലിയയും ന്യൂസീലന്‍ഡും പാകിസ്താനുമെല്ലാം ഉള്‍പ്പെടുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്. സമീപകാലത്തെ ഇന്ത്യയുടെ പ്രകടനം നോക്കുമ്പോള്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ കിരീടം നേടേണ്ടത് അഭിമാന പ്രശ്‌നമാണ്.
ഗൗതം ഗംഭീറിന് പരിശീലകനെന്ന നിലയില്‍ എന്ത് വിലകൊടുത്തും ഇന്ത്യയെ കപ്പിലേക്കെത്തിക്കേണ്ടതായുണ്ട്. ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കും കാര്യങ്ങള്‍ എളുപ്പമല്ല. വലിയ വെല്ലുവിളികളാണ് ഇന്ത്യക്ക് മുന്നിലുള്ളത്. പാകിസ്താനില്‍ കളിക്കാനാവില്ലെന്ന ശക്തമായ നിലപാടെടുത്തതോടെ ഇന്ത്യക്ക് ദുബായ് പ്രത്യേക വേദിയാക്കിയാണ് ചാമ്പ്യന്‍സ് ട്രോഫി നടത്തുന്നത്. ഇക്കാരണത്താല്‍ത്തന്നെ ഇന്ത്യയോട് കണക്കുവീട്ടാനുള്ള വാശിയോടെയാവും പാകിസ്താന്‍ ഇറങ്ങുകയെന്നുറപ്പ്.
ഇതിനോടകം ചാമ്പ്യന്‍സ് ട്രോഫി സംബന്ധിച്ചുള്ള പല പ്രവചനങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ ന്യൂസീലന്‍ഡിന്റെ രചിന്‍ രവീന്ദ്ര ചാമ്പ്യന്‍സ് ട്രോഫിയിലെ ഫൈനലിസ്റ്റുകള്‍ ആരൊക്കെയാവുമെന്ന് പ്രവചിച്ചിരിക്കുകയാണ്.
ഓസീസ്-കിവീസ് ഫൈനല്‍
ഇന്ത്യയും പാകിസ്താനും ഫൈനലിലെത്തില്ലെന്നും ന്യൂസീലന്‍ഡും ഓസ്‌ട്രേലിയയും ഫൈനലിലെത്തുമെന്നുമാണ് രചിന്‍ രവീന്ദ്ര പറയുന്നത്. 'ഫൈനലില്‍ ആരൊക്കെയെത്തുമെന്ന് പ്രവചിക്കുക വളരെ പ്രയാസമാണ്. ഞാന്‍ ഉള്‍പ്പെട്ടിരിക്കുന്ന ടീമായതിനാല്‍ത്തന്നെ ന്യൂസീലന്‍ഡ് ഫൈനലില്‍ കളിക്കുമെന്നാണ് കരുതുന്നത്. ഓസ്‌ട്രേലിയയും ഫൈനലിലെത്തിയേക്കും. അവര്‍ വളരെ ശക്തരായ ടീമാണ്. എല്ലാ ഫോര്‍മാറ്റിലും തങ്ങള്‍ എത്രത്തോളം ശക്തരാണെന്ന് പ്രകടനത്തിലൂടെ തെളിയിക്കാന്‍ അവര്‍ക്ക് സാധിക്കുന്നുണ്ട്.
നിലവിലെ ഏകദിന ലോകകപ്പ് ജേതാക്കളാണ് ഓസ്‌ട്രേലിയ. അതുകൊണ്ടുതന്നെ ഓസ്‌ട്രേലിയ-ന്യൂസീലന്‍ഡ് ഫൈനലാവും സംഭവിക്കുകയെന്നാണ് കരുതുന്നത്. എന്താവും സംഭവിക്കുകയെന്ന് ഓരോ മത്സരത്തിലെ പ്രകടനം വിലയിരുത്തി കണ്ടറിയാം' രചിന്‍ രവീന്ദ്ര പറഞ്ഞു. ഇന്ത്യയുടെ ടീം കരുത്തിനെ രചിന്‍ പൂര്‍ണ്ണമായും അവഗണിച്ചു. ഇന്ത്യയുടെ സമീപകാല പ്രകടനങ്ങള്‍ നിരാശപ്പെടുത്തുന്നതാണെന്ന് നിസംശയം പറയാം. ഇതാണ് രചിന്‍ ഇന്ത്യയെ തഴയാനുള്ള കാരണവും.

ഇന്ത്യയെ അലട്ടി നിരവധി പ്രശ്‌നങ്ങള്‍
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ അലട്ടുന്ന നിരവധി പ്രശ്‌നങ്ങളുണ്ടെന്നതാണ് വസ്തുത. ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോലും ഇന്ത്യക്ക് മുകളില്‍ ആശയക്കുഴപ്പമുണ്ട്. വിക്കറ്റ് കീപ്പറായി കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, സഞ്ജു സാംസണ്‍ എന്നിവരില്‍ ആരൊക്കെ വേണമെന്നതും സ്പിന്‍ ഓള്‍റൗണ്ടറായി ആരൊക്കെ വേണമെന്നുമെല്ലാം പ്രധാന ചോദ്യങ്ങളാണ്. രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ മോശം ഫോമിലൂടെ കടന്ന് പോകുന്നതും ഇന്ത്യക്ക് തലവേദനയാണ്.
ഇന്ത്യയുടെ പ്രധാന താരങ്ങളെല്ലാം ഫിറ്റ്‌നസ് പ്രശ്‌നവും മോശം ഫോമും നേരിടുന്ന സാഹചര്യത്തില്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമല്ല. ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ ഫൈനലിലെത്താന്‍ സാധ്യത കുറവാണെന്ന് തന്നെ പറയാം. അത്ഭുത പ്രകടനങ്ങളോടെ ഇന്ത്യ ഉയര്‍ന്നുവരുമെന്നാണ് ആരാധക പ്രതീക്ഷ. ഇതിനൊത്ത് മികവ് കാട്ടാന്‍ ഇന്ത്യന്‍ പടക്ക് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. എന്തായാലും ഇന്ത്യയുടെ കിരീട സാധ്യതകള്‍ കുറവാണെന്ന് തന്നെ പറയാം.
ഓസ്‌ട്രേലിയക്ക് കൂടുതല്‍ കിരീട സാധ്യത
പാകിസ്താനാണ് ആതിഥേയരെങ്കിലും ഇത്തവണ ഓസ്‌ട്രേലിയയെ എല്ലാവരും ഭയക്കേണ്ടതായുണ്ട്. എല്ലാ ഫോര്‍മാറ്റിലും മികവ് കാട്ടാന്‍ ഓസീസിനാവുന്നുണ്ട്. പാറ്റ് കമ്മിന്‍സിന് കീഴില്‍ ഗംഭീര ടീമിനെയാണ് ഓസീസ് പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലെ ലോകകപ്പ് ജേതാക്കളെന്ന മുന്‍തൂക്കം ഓസീസിനുണ്ട്. അതുകൊണ്ടുതന്നെ ഓസീസില്‍ നിന്ന് സര്‍വാധിപത്യ പ്രകടനം ഇത്തവണ പ്രതീക്ഷിക്കാം.
പാകിസ്താന്‍ അപ്രതീക്ഷിത മുന്നേറ്റം നടത്തുമോയെന്നതും കണ്ടറിയണം. ഇംഗ്ലണ്ടിനെ പൂര്‍ണ്ണമായും എഴുതിത്തള്ളാനുമാവില്ല. അതുകൊണ്ടുതെന്ന ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫിയില്‍ തീപാറും പോരാട്ടങ്ങള്‍ പ്രതീക്ഷിക്കാം. എല്ലാ വിമര്‍ശകരുടേയും വായടപ്പിച്ച് ഇന്ത്യക്ക് കിരീടം നേടാനാവുമെന്ന ആരാധക പ്രതീക്ഷ കാക്കാന്‍ രോഹിത്തിനും സാധിക്കുമോയെന്നത് കണ്ടറിയാം.