ദുബായ്: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിനായുള്ള പടയൊരുക്കത്തിലേക്ക് ഇന്ത്യന്‍ ടീം കടന്നിരിക്കുകയാണ്. ഓസ്ട്രേലിയന്‍ പര്യടനത്തിലെ നാണംകെട്ട തോല്‍വിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ശക്തമായ തിരിച്ചുവരവിനാണ് ഇന്ത്യ ശ്രമിക്കുന്നത്. പരിശീലകന്‍ ഗൗതം ഗംഭീറിനും നായകന്‍ രോഹിത് ശര്‍മക്കുമടക്കം പല പ്രധാന താരങ്ങള്‍ക്കും ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫി വളരെ പ്രധാനപ്പെട്ട പ്രശ്നമാണ്. ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യയെ സംബന്ധിച്ച് അഭിമാന പോരാട്ടമാണ്.
അതുകൊണ്ടുതന്നെ ഏറ്റവും മികച്ച ടീമിനെത്തന്നെ ഇന്ത്യക്ക് കളത്തിലിറക്കേണ്ടതായുണ്ട്. രോഹിത് ശര്‍മക്ക് കീഴിലാവും ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിക്കിറങ്ങുക. ഏറ്റവും മികച്ച താരങ്ങളെ ഇന്ത്യ കളത്തിലിറക്കാന്‍ ധൈര്യം കാട്ടിയാല്‍ ചില സൂപ്പര്‍ താരങ്ങളടക്കം ടൂര്‍ണമെന്റില്‍ നിന്ന് തഴയപ്പെട്ടേക്കും. ഇത്തരത്തില്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് തഴയപ്പെടാന്‍ സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.
സഞ്ജു സാംസണ്‍
ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ സഞ്ജു സാംസണ്‍ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമില്‍ നിന്ന് തഴയപ്പെടാന്‍ സാധ്യത കൂടുതലാണ്. ടി20യില്‍ മിന്നും ഫോമിലാണ് സഞ്ജുവുള്ളത്. കഴിഞ്ഞ വര്‍ഷം മൂന്ന് സെഞ്ച്വറികളാണ് അദ്ദേഹം ടി20യില്‍ നേടിയത്. ഏകദിനത്തില്‍ 56ന് മുകളില്‍ ശരാശരി സഞ്ജു സാംസണിനുണ്ട്. എന്നാല്‍ ഏറെ നാളുകളായി സഞ്ജു ഏകദിന ടീമില്‍ നിന്ന് തഴയപ്പെട്ട് നില്‍ക്കുകയാണ്. സഞ്ജു ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇടം അര്‍ഹിക്കുന്നവനാണ്. സമീപകാലത്തെ ഫോമും മികച്ചതാണ്. എന്നാല്‍ സഞ്ജു സാംസണ്‍ തഴയപ്പെട്ടേക്കും. കെ എല്‍ രാഹുലിനേയും റിഷഭ് പന്തിനേയും വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ഇന്ത്യ പരിഗണിക്കാനാണ് സാധ്യത കൂടുതല്‍.
വാഷിങ്ടണ്‍ സുന്ദര്‍
ഇന്ത്യയുടെ യുവ സ്പിന്‍ ഓള്‍റൗണ്ടറാണ് വാഷിങ്ടണ്‍ സുന്ദര്‍. ന്യൂബോളിലടക്കം വിശ്വസിച്ച് പന്തേല്‍പ്പിക്കാന്‍ സാധിക്കുന്ന താരമാണ് സുന്ദര്‍. മധ്യനിരയില്‍ ബാറ്റിങ് കരുത്തുകൊണ്ടും സുന്ദര്‍ ടീമിന് മുതല്‍ക്കൂട്ടാവും. ഇന്ത്യ സുന്ദറിനെ ടീമിലേക്ക് പരിഗണിക്കുമെന്ന് കരുതുന്നവര്‍ ഏറെയാണ്.

എന്നാല്‍ സുന്ദര്‍ തഴയപ്പെടാനാണ് സാധ്യത കൂടുതല്‍. സുന്ദറിനെ തഴഞ്ഞ് പകരം ഇന്ത്യ വരുണ്‍ ചക്രവര്‍ത്തിയെ കളിപ്പിച്ചേക്കും. ദുബായിലാണ് ഇന്ത്യയുടെ മത്സരങ്ങള്‍ നടക്കുന്നത്. ഇവിടെ സുന്ദറിനെക്കാള്‍ തിളങ്ങാന്‍ വരുണിന് സാധിച്ചേക്കും. ഇത് വിലയിരുത്തി പരിശീലകന്‍ ഗൗതം ഗംഭീര്‍ വരുണിന് അവസരം നല്‍കാനാണ് സാധ്യത കൂടുതല്‍.
അര്‍ഷ്ദീപ് സിങ്
ഇന്ത്യ ടീമിലേക്ക് പരിഗണിക്കുമെന്ന് എല്ലാവരും കരുതുന്ന താരമാണ് ഇടം കൈയന്‍ പേസറായ അര്‍ഷ്ദീപ് സിങ്. നിലവിലെ ഇന്ത്യന്‍ ടീമില്‍ ഇടം കൈയന്‍ പേസര്‍മാരുടെ അഭാവമുണ്ട്. അതുകൊണ്ടുതന്നെ അര്‍ഷ്ദീപ് സിങ്ങിനെ ഇന്ത്യ കൊണ്ടുവരണമെന്ന് പല പ്രമുഖരും അഭിപ്രായപ്പെടുന്നുണ്ട്. എന്നാല്‍ ഇന്ത്യ അര്‍ഷ്ദീപിനെ തഴഞ്ഞേക്കും. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവര്‍ക്ക് സീറ്റുറപ്പാണ്. അര്‍ഷ്ദീപിനെ തഴഞ്ഞ് ഇന്ത്യ ഹര്‍ഷിത് റാണയെ ടീമില്‍ ഉള്‍പ്പെടുത്താനാണ് സാധ്യതകളുള്ളത്. ഗൗതം ഗംഭീര്‍ ഹര്‍ഷിത് റാണക്ക് കൂടുതല്‍ പിന്തുണ നല്‍കിയേക്കും.
മുഹമ്മദ് ഷമി
ഇന്ത്യന്‍ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന താരമാണ് മുഹമ്മദ് ഷമി. സീനിയര്‍ പേസര്‍ പരിക്കിനെത്തുടര്‍ന്ന് ഏറെ നാളുകളായി ടീമിന് പുറത്താണ്. ഇപ്പോള്‍ വീണ്ടും അദ്ദേഹം തിരിച്ചെത്തിയിട്ടുണ്ട്. ഫിറ്റ്നസ് പ്രശ്നത്തെത്തുടര്‍ന്ന് ഓസീസ് പര്യടനം ഷമിക്ക് നഷ്ടമായിരുന്നു. ഇപ്പോള്‍ ഷമിയെ ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് തഴയാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഫിറ്റ്നസ് പ്രശ്നം ചൂണ്ടിക്കാട്ടി ഗംഭീറും രോഹിത്തും ഷമിയെ തഴഞ്ഞാലും അത്ഭുതപ്പെടാവില്ല. ഓസീസ് പരമ്പരയിലെ തോല്‍വിയില്‍ നിന്ന് ഇന്ത്യ പാഠം ഉള്‍ക്കൊള്ളുമോയെന്ന് കണ്ടറിയാം.