Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Champions Trophy: ഈ അഞ്ച് യുവതാരങ്ങളെ നോക്കിവെച്ചോ, മിന്നിച്ചേക്കും; ഒരു ഇന്ത്യക്കാരനും

കറാച്ചി: ഐസിസി ചാമ്പ്യന്‍സ് ട്രോഫി ആവേശകരമായി ആരംഭിക്കാന്‍ പോവുകയാണ്. പാകിസ്താന്‍ ആതിഥേയരാവുന്ന ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് മാത്രം ദുബായിയാണ് വേദി. ഇത്തവണ സൂപ്പര്‍ പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്. ആതിഥേയരെന്ന നിലയില്‍ പാകിസ്താന് മുന്‍തൂക്കമുണ്ടെങ്കിലും ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ഇന്ത്യ, ന്യൂസീലന്‍ഡ് എന്നിവരെല്ലാം കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ ശേഷിയുള്ളവരാണ്. ഇത്തവണ പരിക്ക് എല്ലാ ടീമുകള്‍ക്കും വലിയ തലവേദനയായിട്ടുണ്ട്.

ഇടവേളക്ക് ശേഷം ഇന്ത്യ-പാകിസ്താന്‍ പോരാട്ടം കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. 23നാണ് ഈ മത്സരം. ഇത്തവണ സീനിയര്‍ താരങ്ങളെ കടത്തിവെട്ടി കൈയടി നേടാന്‍ ചില യുവതാരങ്ങള്‍ കാത്തിരിക്കുന്നുണ്ട്. സമീപകാലത്തെ മികച്ച പ്രകടനങ്ങളിലൂടെ ഇതിനോടകം ശ്രദ്ധ നേടിയെടുക്കാന്‍ ഇവര്‍ക്ക് സാധിച്ചിട്ടുണ്ട്. ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫിയില്‍ തകര്‍പ്പന്‍ പ്രകടനത്തിലൂടെ എല്ലാവരേയും ഞെട്ടിക്കാന്‍ കാത്തിരിക്കുന്ന യുവതാരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ഹര്‍ഷിത് റാണ

ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ പേസ് നിരയിലെ യുവ സാന്നിധ്യമാണ് ഹര്‍ഷിത് റാണ. ജസ്പ്രീത് ബുംറക്ക് പരിക്കേറ്റപ്പോള്‍ പകരക്കാരനായി ടീമിലിടം നേടിയ താരമാണ് ഹര്‍ഷിത്. വലം കൈയന്‍ പേസറായ ഹര്‍ഷിത് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലൂടെയാണ് അരങ്ങേറ്റം നടത്തിയത്. 17 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 28 വിക്കറ്റാണ് ഹര്‍ഷിത് വീഴ്ത്തിയത്. ഗൗതം ഗംഭീറിന്റെ വിശ്വസ്തനായ ബൗളറാണ് ഹര്‍ഷിത്. പ്ലേയിങ് 11ല്‍ ഹര്‍ഷിതിന് സീറ്റ് ലഭിച്ചേക്കും. ഭേദപ്പെട്ട നിലയില്‍ ബാറ്റ് ചെയ്യാനും കഴിവുള്ള താരങ്ങളിലൊരാളാണ് ഹര്‍ഷിത് റാണയെന്ന് പറയാം.

വില്യം ഒറൗര്‍ക്കി

ഇത്തവണ സംതുലിതമായ ടീമുമായാണ് ന്യൂസീലന്‍ഡ് ചാമ്പ്യന്‍സ് ട്രോഫിക്ക് ഇറങ്ങുന്നത്. പാകിസ്താന്‍ വേദിയായ ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ കപ്പ് നേടിയാണ് കിവീസ് ചാമ്പ്യന്‍സ് ട്രോഫിക്ക് വരുന്നത്. ഇത്തവണത്തെ കിവീസ് നിരയില്‍ എടുത്തു പറയേണ്ട യുവതാരമാണ് പേസര്‍ വില്യം ഒറൗര്‍ക്കി. ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ മൂന്ന് മത്സരത്തില്‍ നിന്ന് ആറ് വിക്കറ്റുമായി താരം ശോഭിച്ചു. ഏകദിനത്തില്‍ 14 വിക്കറ്റുകള്‍ നേടിയ വില്യം ചാമ്പ്യന്‍സ് ട്രോഫിയില്‍ വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ സാധ്യതയുള്ള താരങ്ങളിലൊരാളാണ്.

harshit rana

അബ്രാര്‍ അഹമ്മദ്

നിലവിലെ ചാമ്പ്യന്മാരും ആതിഥേയരുമായ പാകിസ്താന്‍ ടീമിലെ യുവ താരമാണ് അബ്രാര്‍ അഹമ്മദ്. ലെഗ് സ്പിന്നറായ താരത്തിന് ടീമില്‍ നിര്‍ണ്ണായക റോളാണുള്ളത്. 26കാരനായ താരം ഏഴ് ഏകദിനത്തില്‍ നിന്ന് 13 വിക്കറ്റുകളാണ് നേടിയത്. പല താരങ്ങള്‍ക്കും നേരിട്ട് പരിചയമില്ലാത്ത ബൗളറാണ് അബ്രാര്‍. ഇന്ത്യക്കെതിരായ ചിരവൈരി പോരാട്ടത്തില്‍ പാകിസ്താന്റെ തുറുപ്പുചീട്ടായി അബ്രാര്‍ മാറാനാണ് സാധ്യത. കളിച്ച മത്സരങ്ങളിലെല്ലാം ശ്രദ്ധേയ പ്രകടനം നടത്താന്‍ അബ്രാറിന് സാധിച്ചിട്ടുണ്ട്.

ആരോണ്‍ ഹാര്‍ഡി

26കാരനായ ഓസ്‌ട്രേലിയന്‍ പേസ് ഓള്‍റൗണ്ടറാണ് ആരോണ്‍ ഹാര്‍ഡി. മിച്ചല്‍ മാര്‍ഷ്, മാര്‍ക്കസ് സ്‌റ്റോയിണിസ് എന്നിവരുടെ വിടവ് നികത്തി ഓസ്‌ട്രേലിയന്‍ ടീമിനായി മിന്നിക്കാന്‍ കഴിവുള്ളവനാണ് ഹാര്‍ഡി. 13 ഏകദിനം കളിച്ച താരം 10 വിക്കറ്റും 166 റണ്‍സും നേടി. മധ്യനിരയില്‍ മാച്ച് വിന്നറായി മാറാന്‍ ശേഷിയുള്ളവനാണ് ഹാര്‍ഡി. ലിസ്റ്റ് എ ക്രിക്കറ്റിലും മികച്ച റെക്കോഡ് താരത്തിന് അവകാശപ്പെടാന്‍ സാധിക്കും. ഇത്തവണ ഓസ്‌ട്രേലിയ വലിയ പ്രതീക്ഷ വെക്കുന്ന താരങ്ങളിലൊരാളാണ് ഹാര്‍ഡിയെന്ന് പറയാം.

നൂര്‍ അഹമ്മദ്

അഫ്ഗാനിസ്ഥാന്റെ നൂര്‍ അഹമ്മദും ഇത്തവണ തിളങ്ങാന്‍ ശേഷിയുള്ള യുവതാരമാണ്. 20കാരനായ സ്പിന്നര്‍ ഇതിനോടകം ടി20 ലീഗുകളിലൂടെ കൈയടി നേടിയ താരമാണ്. അല്ലാ ഖസന്‍ഫാറിന്റെ അഭാവത്തില്‍ നൂര്‍ അഹമ്മദിന് പ്ലേയിങ് 11 സ്ഥാനം ഉറപ്പാണ്. റാഷിദ് ഖാനൊപ്പം നൂറിന്റെ സ്പിന്‍ മികവിനേയും എതിരാളികള്‍ ഭയക്കണം. 10 ഏകദിനത്തില്‍ നിന്ന് 9 വിക്കറ്റ് മാത്രമാണ് നേടിയതെങ്കിലും നൂറില്‍ വലിയ പ്രതീക്ഷയാണുള്ളത്.

Story first published: Monday, February 17, 2025, 22:46 [IST]
Other articles published on Feb 17, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+