മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പുതുവര്‍ഷത്തില്‍ കാത്തിരിക്കുന്ന പ്രധാന ടൂര്‍ണമെന്റുകളിലൊന്നാണ് ചാമ്പ്യന്‍സ് ട്രോഫി. പാകിസ്താന്‍ ആതിഥേയരാവുന്ന ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിന്റെ ഷെഡ്യൂള്‍ കഴിഞ്ഞ ദിവസമാണ് ഐസിസി പുറത്തുവിട്ടത്. പാകിസ്താനില്‍ കളിക്കാന്‍ ഇന്ത്യ തയ്യാറാവാതെ ഇരുന്നതോടെ ഇന്ത്യയുടെ മത്സരങ്ങളുടെ വേദി ദുബായിലേക്ക് മാറ്റി ഹൈബ്രിഡ് മോഡലില്‍ ടൂര്‍ണമെന്റ് നടത്താമെന്നാണ് ധാരണയായിരിക്കുന്നത്.
ഇന്ത്യയെ സംബന്ധിച്ച് ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫി വളരെ നിര്‍ണ്ണായകമാണ്. പാകിസ്താനും ഇന്ത്യയും തമ്മിലുള്ള അഭിപ്രായ ഭിന്നത ശക്തമായി നില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യക്ക് ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടേണ്ടത് അഭിമാന പ്രശ്‌നമാണെന്ന് പറയാം. രോഹിത് ശര്‍മക്ക് കീഴില്‍ ഇന്ത്യ കളിക്കുന്ന അവസാന ഐസിസി ട്രോഫി ടൂര്‍ണമെന്റായിരിക്കും ഇതെന്ന് പറയാം. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഏറ്റവും മികച്ച ടീമിനെത്തന്നെ ഇന്ത്യക്ക് കളത്തിലിറക്കേണ്ടതായുണ്ട്.
മികച്ച താരനിര ഇന്ത്യക്കുണ്ടെങ്കിലും മികച്ച ചില യുവതാരങ്ങളെക്കൂടി ഇന്ത്യക്ക് ടീമിലേക്ക് കൊണ്ടുവരേണ്ടതായുണ്ട്. ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പ് ഇന്ത്യക്ക് ഇംഗ്ലണ്ടിനെതിരായ ഏകദിന, ടി20 പരമ്പരയുണ്ട്. ചാമ്പ്യന്‍സ് ട്രോഫി മുന്നില്‍ക്കണ്ട് ഇന്ത്യ ഏകദിന അരങ്ങേറ്റത്തിന് അവസരം നല്‍കാന്‍ സാധ്യതയുള്ള മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.
നിതീഷ് കുമാര്‍ റെഡ്ഡി
ഇന്ത്യ ഏകദിനത്തില്‍ അരങ്ങേറ്റത്തിന് അവസരം നല്‍കാന്‍ കൂടുതല്‍ സാധ്യതയുള്ള താരമാണ് നിതീഷ് കുമാര്‍ റെഡ്ഡി. വലം കൈയന്‍ മീഡിയം പേസ് ഓള്‍റൗണ്ടറായ നിതീഷ് കുമാര്‍ നിലവില്‍ ഇന്ത്യക്കായി ടി20യിലും ടെസ്റ്റിലും സജീവമാണ്. നിലവില്‍ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര കളിക്കുകയാണ് യുവതാരം. അതിവേഗത്തില്‍ റണ്‍സുയര്‍ത്താനും പന്തുകൊണ്ട് ഇംപാക്ട് സൃഷ്ടിക്കാനും നിതീഷിന് കഴിവുണ്ട്. ഇന്ത്യയുടെ മീഡിയം പേസ് ഓള്‍റൗണ്ടറായ ഹാര്‍ദിക് പാണ്ഡ്യ സമീപകാലത്തായി ഏകദിനത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.
ഈ സാഹചര്യത്തില്‍ ഇന്ത്യക്ക് മറ്റൊരു പേസ് ഓള്‍റൗണ്ടറെ ആവശ്യമാണ്. അതുകൊണ്ടുതന്നെ നിതീഷ് കുമാര്‍ റെഡ്ഡിക്ക് ഇന്ത്യ വിളി നല്‍കാനുള്ള സാധ്യതയാണ് കൂടുതല്‍. ഇംഗ്ലണ്ട് പരമ്പരയിലൂടെ താരത്തിന്റെ അരങ്ങേറ്റം പ്രതീക്ഷിക്കാം. മധ്യനിരയില്‍ ഇന്ത്യയുടെ മാച്ച് വിന്നറായി മാറാന്‍ കഴിവുള്ള ബാറ്റ്‌സ്മാനാണ് നിതീഷ് കുമാര്‍. എന്തായാലും ഇന്ത്യ നിതീഷ് കുമാറിന് വൈകാതെ ഏകദിന അരങ്ങേറ്റത്തിന് അവസരം നല്‍കുമെന്ന് തന്നെ പറയാം.

യശ്വസി ജയ്‌സ്വാള്‍
ഇന്ത്യയുടെ ഇടം കൈയന്‍ ഓപ്പണറാണ് യശ്വസി ജയ്‌സ്വാള്‍. ടി20യിലും ടെസ്റ്റിലും ഇന്ത്യക്കായി മിന്നിക്കാന്‍ ജയ്‌സ്വാളിന് സാധിക്കുന്നുണ്ട്. എന്നാല്‍ ഏകദിനത്തിലേക്ക് താരത്തിന് ഇതുവരെ വിളി എത്തിയിട്ടില്ല. നിലവില്‍ രോഹിത് ശര്‍മയും ശുബ്മാന്‍ ഗില്ലും ചേര്‍ന്നാണ് ഇന്ത്യക്കായി ഏകദിനത്തില്‍ ഓപ്പണ്‍ ചെയ്യുന്നത്. ഈ കൂട്ടുകെട്ട് മോശമല്ലാത്ത പ്രകടനവും നടത്തുന്നുണ്ട്. അതുകൊണ്ടുതന്നെ ഇതുവരെ ജയ്‌സ്വാളിനെ ഇന്ത്യ ഏകദിനത്തിലേക്ക് പരിഗണിച്ചിട്ടില്ല.
അതേ സമയം ചാമ്പ്യന്‍സ് ട്രോഫി വരാനിരിക്കെ ഇന്ത്യക്ക് ജയ്‌സ്വാളിനെ ആവശ്യമാണ്. അതുകൊണ്ടുതന്നെ ജയ്‌സ്വാളിന് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലൂടെ അരങ്ങേറിയേക്കും. ഇടം കൈയന്‍ താരം അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ളവനാണ്. പേസിനേയും സ്പിന്നിനേയും ഒരുപോലെ നേരിടാന്‍ ജയ്‌സ്വാളിന് ശേഷിയുണ്ട്. ദുബായിലെ സാഹചര്യത്തില്‍ തിളങ്ങാന്‍ കെല്‍പ്പുള്ള ബൗളറാണ് ജയ്‌സ്വാള്‍.
ഹര്‍ഷിത് റാണ
ഏകദിനത്തില്‍ ശക്തമായ ബൗളിങ് കരുത്ത് ഇന്ത്യക്കുണ്ട്. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവര്‍ കരുത്ത് പകരുമ്പോള്‍ മൂന്നാമനാവാന്‍ ഇപ്പോള്‍ മികച്ചൊരു താരമില്ല. ഈ സാഹചര്യത്തില്‍ ഹര്‍ഷിത് റാണയെ ഇന്ത്യ ഏകദിനത്തിലേക്ക് പരിഗണിച്ചേക്കും. ഇന്ത്യ വളര്‍ത്താന്‍ ആഗ്രഹിക്കുന്ന യുവ പേസര്‍മാരിലൊരാളാണ് ഹര്‍ഷിത് റാണ. ഗൗതം ഗംഭീറും ഹര്‍ഷിതിനെ പിന്തുണക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഹര്‍ഷിതിന്റെ ഏകദിന അരങ്ങേറ്റം വൈകില്ല.