Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Champions Trophy: രാഹുല്‍ ടെസ്റ്റില്‍ മാത്രം! ചാമ്പ്യന്‍സ് ട്രോഫി കളിക്കില്ല; ഇഷാന്‍ തിരിച്ചെത്തും

മുംബൈ: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിനായുള്ള മുന്നൊരുക്കങ്ങള്‍ ഇതിനോടകം ടീമുകളെല്ലാം ആരംഭിച്ചിട്ടുണ്ട്. പാകിസ്താന്‍ ആതിഥേയരാവുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ പങ്കെടുക്കുമോയെന്ന ചോദ്യമാണ് സജീവമായി ഉയര്‍ന്ന് കേള്‍ക്കുന്നത്. പാകിസ്താനില്‍ നിന്ന് വേദി മാറ്റാതെ ഇന്ത്യ കളിക്കില്ലെന്നാണ് പുറത്തുവരുന്ന വിവരം. എന്തായാലും ചാമ്പ്യന്‍സ് ട്രോഫിക്കായുള്ള മുന്നൊരുക്കം ഒരുവശത്ത് സജീവമായി നടക്കുകയാണ്.

ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി ഗൗതം ഗംഭീര്‍ എത്തിയ ശേഷം നടക്കുന്ന ആദ്യത്തെ ഐസിസി ടൂര്‍ണമെന്റാണിത്. അതുകൊണ്ടുതന്നെ ഇന്ത്യയെ കിരീടത്തിലേക്കെത്തിക്കേണ്ടത് ഗംഭീറിനെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. ഇതിനോടകം ചില നിര്‍ണ്ണായക അഴിച്ചുപണികള്‍ ഗംഭീര്‍ ഇന്ത്യന്‍ ടീമില്‍ നടത്തിയിട്ടുണ്ട്. ഇനിയും ചില അഴിച്ചുപണികള്‍ ടീമിലുണ്ടാവുമെന്നാണ് വിവരം. ഇപ്പോഴിതാ കെ എല്‍ രാഹുല്‍ ചാമ്പ്യന്‍സ് ട്രോഫിക്കുണ്ടാകില്ലെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.

ഇന്ത്യന്‍ ടീം സെലക്ടര്‍മാരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ ഏകദിനത്തില്‍ രാഹുലിനെ പരിഗണിക്കാന്‍ ഗൗതം ഗംഭീറിന് താല്‍പര്യമില്ലെന്നാണ് സൂചന. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സില്‍ കെ എല്‍ രാഹുല്‍ നായകനായിരുന്നപ്പോള്‍ ഗൗതം ഗംഭീര്‍ ഉപദേഷ്ടാവായിരുന്നു. ഇരുവരും തമ്മില്‍ നല്ല ബന്ധമായിരുന്നു ഉള്ളത്. എന്നാല്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായപ്പോള്‍ ഈ സ്‌നേഹം ഗംഭീര്‍ രാഹുലിനോട് കാട്ടുന്നില്ല. ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ രാഹുല്‍ ഫ്‌ളോപ്പായിരുന്നു.

ഇപ്പോള്‍ രാഹുലിനെ ടെസ്റ്റില്‍ മാത്രം കളിപ്പിക്കാനാണ് ഗംഭീര്‍ ആലോചിക്കുന്നത്. ഒരേ താരങ്ങളെ മൂന്ന് ഫോര്‍മാറ്റിലും കളിപ്പിക്കാതെ ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ വിദേശ ടീമുകളിലേത് പോലെ റൊട്ടേഷന്‍ പോളിസി കൊണ്ടുവരാന്‍ പോവുകയാണെന്നാണ് വിവരം. റിഷഭ് പന്തിനെ ഏകദിനത്തിലേക്കും ടെസ്റ്റിലേക്കും പരിഗണിക്കും. എന്നാല്‍ രാഹുലിനെ ടെസ്റ്റില്‍ മാത്രമാവും ഇനി കളിപ്പിക്കുകയെന്നാണ് സൂചന. ടി20 ടീമില്‍ നിന്ന് രാഹുല്‍ നേരത്തെ പുറത്തായതാണ്.

sanju samson

ഇനിയൊരു തിരിച്ചുവരവ് ടി20 ടീമിലേക്കുണ്ടാവില്ല. ഏകദിനത്തില്‍ റിഷഭ് പന്തിനൊപ്പം ഇഷാന്‍ കിഷനെ വിക്കറ്റ് കീപ്പര്‍ റോളില്‍ കളിപ്പിക്കാനാണ് ടീം മാനേജ്‌മെന്റ് പദ്ധതിയിടുന്നത്. ഇപ്പോള്‍ ടീമിന് പുറത്തുള്ള ഇഷാന്‍ കിഷന്‍ ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനമാണ് നടത്തുന്നത്. ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറിയടക്കം നേടിയിട്ടുള്ള ഇഷാനെ വീണ്ടും ഏകദിന ടീമിലേക്ക് പരിഗണിച്ചേക്കുമെന്നാണ് വിവരം. ടി20 ടീമിലേക്ക് ഇഷാനെ പരിഗണിക്കുന്ന കാര്യം ഐപിഎല്ലിന് ശേഷം തീരുമാനിക്കാമെന്ന നിലപാടിലാണ് ടീമുള്ളത്.

ടി20യിലും ചില പ്രധാന മാറ്റത്തിന് ഇന്ത്യ തയ്യാറെടുക്കുകയാണ്. ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനം റിഷഭ് പന്തിന് തന്നെയാവും. ബാക്കപ്പ് വിക്കറ്റ് കീപ്പറായി സഞ്ജു സാംസണ്‍ തുടര്‍ന്നേക്കും. സഞ്ജു ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ കളിച്ച രണ്ട് മത്സരത്തിലും ഡെക്കായിരുന്നു. എന്നാല്‍ സഞ്ജുവിനെ പൂര്‍ണ്ണമായും തഴഞ്ഞേക്കില്ലെന്നാണ് വിവരം. സഞ്ജുവില്‍ ഇപ്പോഴും ടീം മാനേജ്‌മെന്റും ഗംഭീറും വിശ്വാസം അര്‍പ്പിക്കുന്നുണ്ട്.

സഞ്ജുവിന്റെ കണക്കുകള്‍ നോക്കുമ്പോള്‍ ഏകദിനത്തിലാണ് മികച്ചത്. എന്നാല്‍ ഏകദിന ടീമിലേക്ക് സഞ്ജുവിനെ പരിഗണിക്കില്ല. ടി20യില്‍ സഞ്ജു തുടരുമെന്നാണ് വിവരമുള്ളത്. ഇനി ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയാണ് വരാനിരിക്കുന്നത്. ഇതില്‍ സഞ്ജുവും വിക്കറ്റ് കീപ്പറായി ഉണ്ടാവുമെന്നതാണ് എടുത്തു പറയേണ്ടത്. ദ്രുവ് ജുറേലിനെ ടി20 ഫോര്‍മാറ്റില്‍ വളര്‍ത്തിക്കൊണ്ടുവരാനും ഗംഭീര്‍ ആലോചിക്കുന്നുണ്ടെന്നാണ് വിവരം.

ടെസ്റ്റില്‍ രാഹുല്‍ കളിക്കുമെങ്കിലും ബാക്കപ്പ് വിക്കറ്റ് കീപ്പര്‍ സ്ഥാനം അദ്ദേഹത്തിന് ലഭിക്കില്ല. ടെസ്റ്റില്‍ ബാക്കപ്പായി ദ്രുവ് ജുറേല്‍, സര്‍ഫറാസ് ഖാന്‍ എന്നിവരിലൊരാളെയാണ് പരിഗണിക്കുന്നത്. രണ്ട് പേരും സമീപകാലത്തായി മികച്ച പ്രകടനം ടെസ്റ്റില്‍ നടത്തിയിട്ടുള്ള താരങ്ങളാണ്. അതുകൊണ്ടുതന്നെ ഇവരില്‍ ആരെയാവും ഇന്ത്യ പരിഗണിക്കുകയെന്നത് കണ്ടറിയണം. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്ക് കിരീടം നേടാന്‍ സാധിക്കാതെ പോയാല്‍ അത് വലിയ തിരിച്ചടിയാവുമെന്നുറപ്പാണ്.

Story first published: Tuesday, August 20, 2024, 6:50 [IST]
Other articles published on Aug 20, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+