മുംബൈ: ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കായുള്ള മുന്നൊരുക്കം പാകിസ്താനില്‍ തകൃതിയായി നടക്കുകയാണ്. ഇത്തവണ ആതിഥേയത്വം വഹിക്കാനുള്ള അവകാശം പാകിസ്താനാണ്. അതുകൊണ്ടുതന്നെ ടൂര്‍ണമെന്റിന് ആതിഥേയരാവാനുള്ള പണിപ്പുരയിലാണ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ്. എന്നാല്‍ ടൂര്‍ണമെന്റിന് മുമ്പ് ഇന്ത്യക്ക് വലിയ തലവേദനയാവുന്നത് ഇന്ത്യയുടെ പങ്കാളിത്തമാണ്. പാകിസ്താനില്‍ കളിക്കാനില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ഇന്ത്യ.
ഇന്ത്യയില്ലാതെ ചാമ്പ്യന്‍സ് ട്രോഫി നടത്തുകയെന്നത് സാമ്പത്തികമായി വലിയ നഷ്ടം പാകിസ്താനുണ്ടാക്കും. പ്രധാന സ്‌പോണ്‍സര്‍മാര്‍ പിന്മാറുകയും പരസ്യവും സംപ്രേഷണ അവകാശത്തിന് ലഭിക്കുന്ന തുക കുറയുകയും ചെയ്യും. ഈ സാഹചര്യത്തില്‍ ഇന്ത്യയെ കളിപ്പിക്കാന്‍ പല നിര്‍ദേശങ്ങളും പാകിസ്താന്‍ ടീം മുന്നോട്ട് വെച്ചിരുന്നു. പാകിസ്താനില്‍ നിന്ന് മത്സര ശേഷം ഇന്ത്യയിലേക്ക് പോകാവുന്ന തരത്തില്‍ വിമാന സൗകര്യമടക്കം പിസിബി ഓഫര്‍ ചെയ്തിരുന്നു.
എന്നാല്‍ ഇതെല്ലാം ഇന്ത്യ തള്ളിക്കളഞ്ഞിരുന്നു. ഇപ്പോഴിതാ ചാമ്പ്യന്‍സ് ട്രോഫിയുടെ കാര്യത്തില്‍ ഇന്ത്യ നിലപാട് ഔദ്യോഗികമായി വ്യക്തമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഇന്ത്യ പാകിസ്താനില്‍ കളിക്കില്ലെന്ന് തന്നെയാണ് നിലപാട്. ഇതോടെ ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് മറ്റൊരു വേദി കണ്ടെത്തേണ്ട അവസ്ഥയാണ്.
ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് ദുബായ് വേദി?
ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് ദുബായ് വേദിയാവുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. ഇന്ത്യയെ ഒഴിവാക്കി മുന്നോട്ട് പോകാന്‍ പാകിസ്താനാവില്ല. അതുകൊണ്ടുതന്നെ ഇന്ത്യയുടെ നിര്‍ദേശവുമായി സഹകരിക്കേണ്ട അവസ്ഥയിലേക്ക് പാകിസ്താന് എത്തേണ്ടതായി വരും. ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവടങ്ങളില്‍വെച്ച് ടൂര്‍ണമെന്റ് നടത്തുന്നതിലും പാകിസ്താന് എളുപ്പം ദുബായില്‍ ഇന്ത്യയുടെ മത്സരം സംഘടിപ്പിക്കുന്നതാണ്. ഇന്ത്യക്കും കൂടുതല്‍ താല്‍പര്യം ഇതിനോടാണ്.
ഇന്ത്യയുടെ നിര്‍ദേശം അനുസരിച്ച് പാകിസ്താന്‍ മുന്നോട്ട് പോകാന്‍ മറ്റൊരു കാരണമുണ്ട്. ബിസിസി ഐ തലപ്പത്ത് ഇപ്പോള്‍ ജയ് ഷായാണ്. മുന്‍ ബിസിസി ഐ സെക്രട്ടറിയായ ജയ് ഷാ ഇന്ത്യക്ക് അനുകൂലമായേ തീരുമാനമെടുക്കുകയുള്ളൂ. അതുകൊണ്ടുതന്നെ ഇന്ത്യയെ പുറത്താക്കി ടൂര്‍ണമെന്റ് നടത്താന്‍ പാകിസ്താന് സാധിക്കില്ല. ദുബായ് ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ താല്‍പര്യം അറിയിച്ചിട്ടുമുണ്ട്. അതുകൊണ്ടുതന്നെ ദുബായില്‍ത്തന്നെ മത്സരം നടക്കാനാണ് കൂടുതല്‍ സാധ്യത.

പിസിബിക്ക് കടുത്ത അതൃപ്തി
പാകിസ്താനും ഇന്ത്യയും തമ്മിലുള്ള രാഷ്ട്രീശ പ്രശ്‌നങ്ങള്‍ കളിക്കളത്തിലേക്ക് നീണ്ടത് മുംബൈ ഭീകരാക്രമണത്തിന് ശേഷമാണ്. ഇതിന് ശേഷം ഇരു രാജ്യങ്ങളും തമ്മില്‍ ക്രിക്കറ്റ് പരമ്പരകള്‍ നടന്നിട്ടില്ല. ഐസിസി ടൂര്‍ണമെന്റില്‍ മാത്രമാണ് പരസ്പരം ഏറ്റുമുട്ടുന്നത്. 2017ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ ഫൈനലില്‍ തോല്‍പ്പിച്ചാണ് പാകിസ്താന്‍ കിരീടം നേടിയത്. ഇത്തവണ ഇന്ത്യയെ തോല്‍പ്പിച്ച് കപ്പടിക്കാമെന്ന പ്രതീക്ഷയിലാണ് പാകിസ്താനുള്ളത്.
പാകിസ്താനില്‍വെച്ച് ഇന്ത്യയെ തോല്‍പ്പിച്ചാല്‍ അത് പാകിസ്താന്‍ ടീമിനും ആരാധകര്‍ക്കും വലിയ ആവേശം നല്‍കും. അതുകൊണ്ടുതന്നെ പിസിബി ഇന്ത്യയെ പാകിസ്താനില്‍ കളിപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ്. എന്നാല്‍ നേരത്തെ മുതല്‍ പാകിസ്താനില്‍ കളിക്കില്ലെന്നതായിരുന്നു ഇന്ത്യയുടെ നിലപാട്. ഇപ്പോഴും അക്കാര്യത്തില്‍ ടീം ഉറച്ച് നില്‍ക്കുകയാണ്. എന്തായാലും പിസിബി ഇന്ത്യയുടെ നിലപാടില്‍ അതൃപ്തരാണെന്ന് തന്നെ പറയാം.
ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യക്ക് എളുപ്പമാവില്ല
ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് ഇന്ത്യക്ക് എളുപ്പമാവില്ലെന്നുറപ്പാണ്. പാകിസ്താനില്‍ ഇന്ത്യ കളിക്കാന്‍ തയ്യാറാവില്ല. ദുബായില്‍ വേദിയായാലും ഇന്ത്യക്ക് പ്രയാസമാണ്. സ്പിന്നിനെ തുണക്കുന്ന പിച്ചാണ് ദുബായിലേത്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ ബാറ്റിങ് നിര തകര്‍ന്നടിയാന്‍ സാധ്യത കൂടുതലാണ്. സമീപകാലത്തായി ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാര്‍ സ്പിന്നര്‍മാര്‍ക്കെതിരേ പ്രയാസപ്പെടുന്നതാണ് കാണുന്നത്. എന്തായാലും വരുന്ന ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യക്ക് അഭിമാന പ്രശ്‌നമാണ്. പിസിബി നടത്തുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ കപ്പിലേക്കെത്താന്‍ ഇന്ത്യക്കാവുമോയെന്നതാണ് കണ്ടറിയേണ്ടത്.