മുംബൈ: ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാനിരിക്കെ എല്ലാവരും ഉറ്റുനോക്കുന്നത് സഞ്ജു സാംസണിന് ടീമിലിടം ലഭിക്കുമോയെന്നതാണ്. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ സഞ്ജു സാംസണ്‍ വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമില്‍ നിന്ന് വിട്ടുനിന്നിരുന്നു. ഇതോടെയാണ് സഞ്ജുവിന്റെ ചാമ്പ്യന്‍സ് ട്രോഫി പ്രതീക്ഷകള്‍ക്ക് വലിയ തിരിച്ചടി നേരിട്ടത്. ഏകദിനത്തില്‍ 56ന് മുകളില്‍ ശരാശരിയുള്ള താരമാണ് സഞ്ജു സാംസണ്‍.
എന്നാല്‍ സമീപകാലത്തായി ടി20യില്‍ മാത്രമാണ് സഞ്ജുവിനെ ഇന്ത്യ പരിഗണിക്കുന്നത്. ഏകദിനത്തിലേക്ക് അദ്ദേഹം പരിഗണിക്കപ്പെടാനിരിക്കെയാണ് വിജയ് ഹസാരെ ട്രോഫി ടീമില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സഞ്ജു തീരുമാനിച്ചത്. ഇതോടെ അദ്ദേഹത്തിന്റെ ചാമ്പ്യന്‍സ് ട്രോഫി പ്രതീക്ഷകള്‍ക്കും തിരിച്ചടിയായിരിക്കുകയാണ്. ഇപ്പോഴിതാ ബിസിസി ഐ സഞ്ജു വിജയ് ഹസാരെ ട്രോഫി കളിക്കാത്തതിനെക്കുറിച്ച് അന്വേഷണത്തിന് ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്.
വിജയ് ഹസാരെ ട്രോഫി ടീമില്‍ നിന്ന് മാറി നിന്നതോടെ സഞ്ജുവിന്റെ ചാമ്പ്യന്‍സ് ട്രോഫിയിലെ പ്രതീക്ഷകള്‍ പൂര്‍ണ്ണമായും അവസാനിച്ചോ? ഇനി ടീമിലെത്താന്‍ എന്തൊക്കെ വഴികളാണുള്ളതെന്ന് പരിശോധിക്കാം.
പരിശീലനം ശക്തമാക്കണം
സഞ്ജു സാംസണിന് ഇനി മുന്നിലുള്ള വഴി സെലക്ടര്‍മാരുടെ ശ്രദ്ധേ നേടിയെടുക്കുകയെന്നതാണ്. വിജയ് ഹസാരെ ട്രോഫിയില്‍ കളിച്ചിരുന്നെങ്കില്‍ സഞ്ജുവിന് മികച്ച പ്രകടനത്തോടെ സെലക്ടര്‍മാരുടെ ശ്രദ്ധ നേടിയെടുക്കാമായിരുന്നു. എന്നാല്‍ ഇൗ അവസരം നഷ്ടപ്പെടുത്തിയതിനാല്‍ സഞ്ജുവിന്റെ മുന്നിലുള്ള പ്രധാന വഴി ശക്തമായ പരിശീലനം നടത്തുകയെന്നതാണ്. നിലവില്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാംപില്‍ രാഹുല്‍ ദ്രാവിഡിന് കീഴില്‍ സഞ്ജു പരിശീലനം നടത്തുന്നുണ്ട്.
എന്നാല്‍ ഇത് ഐപിഎല്ലിനായുള്ള മുന്നൊരുക്കമായാണ് വ്യാഖാനിക്കപ്പെടുന്നത്. ഈ സാഹചര്യത്തില്‍ സഞ്ജു കെസിഎയില്‍ പരിശീലനം നടത്തുന്നതാണ് കൂടുതല്‍ നല്ലത്. സഞ്ജുവിന്റെ പരിശീലനം വിലയിരുത്തി സെലക്ടര്‍മാര്‍ക്ക് അദ്ദേഹത്തെ ടീമിലേക്ക് പരിഗണിക്കാനാവും. സഞ്ജുവിന്റെ സമീപകാല ഫോം മികച്ചതാണെന്നത് പ്ലസ് പോയിന്റാണ്. അതുകൊണ്ടുതന്നെ പരിശീലനത്തില്‍ മികവ് കാട്ടാനായാല്‍ സെലക്ടര്‍മാര്‍ പരിഗണിച്ചേക്കും.

കെസിഎ ഭാവിവാഹികളുടെ പിന്തുണ നേടണം
സഞ്ജു സാംസണ്‍ വിജയ് ഹസാരെ ട്രോഫി ടൂര്‍ണമെന്റില്‍ നിന്ന് വിട്ടുനിന്നത് ലോക മണ്ടത്തരമായിപ്പോയെന്ന് തന്നെ പറയാം. ഇക്കാര്യത്തില്‍ നിലവില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ സഞ്ജു സാംസണിന് എതിരാണ്. സഞ്ജു സാംസണ്‍ ടീം തിരഞ്ഞെടുപ്പിന്റെ ക്യാംപില്‍ പങ്കെടുത്തിരുന്നില്ല. ഞാന്‍ പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചെങ്കിലും വ്യക്തമായ കാരണം സഞ്ജു ബോധിപ്പിക്കാത്തതില്‍ വലിയ അതൃപ്തി കെസിഎക്കുണ്ട്.
കഴിഞ്ഞ ദിവസം കെ എസിഎ സെക്രട്ടറി സഞ്ജു കൃത്യമായ വിശദീകരണം നല്‍കാത്തതിലെ അതൃപ്തി പരസ്യമാക്കിയിരുന്നു. ബിസിസി ഐ ഇപ്പോള്‍ അന്വേഷണത്തിന് ഒരുങ്ങുന്ന സാഹചര്യത്തില്‍ കെസിഎയുടെ പിന്തുണ സഞ്ജുവിന് അത്യാവശ്യമാണ്. നിലവില്‍ കെസിഎയുടെ നിലപാട് സഞ്ജുവിന് എതിരായിട്ടാണുള്ളത്. എന്നാല്‍ ഇവരെ ഒപ്പം നിര്‍ത്താന്‍ സഞ്ജുവിന് സാധിക്കേണ്ടതായുണ്ട്. അല്ലാത്ത പക്ഷം സഞ്ജുവിന് ചാമ്പ്യന്‍സ് ട്രോഫി ടീമിലെത്തുക പ്രയാസമായിരിക്കും.
ഗൗതം ഗംഭീറിന്റെ തീരുമാനം നിര്‍ണ്ണായകം
പരിശീലകനെന്ന നിലയില്‍ ഗൗതം ഗംഭീറിന്റെ തീരുമാനം വളരെ പ്രധാനപ്പെട്ടതാണ്. നിലവില്‍ ടി20യില്‍ ഗംഭീര്‍ സഞ്ജുവിനെ പിന്തുണക്കുന്നുണ്ട്. എന്നാല്‍ ഏകദിനത്തില്‍ ഇത്തരമൊരു പിന്തുണ നല്‍കുന്നില്ല. ഈ സാഹചര്യത്തില്‍ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ നിലപാട് ഇക്കാര്യത്തില്‍ നിര്‍ണ്ണായകമാവും. റിഷഭ് പന്തില്‍ ഗംഭീറിന് വിശ്വാസം നഷ്ടമായിരിക്കുകയാണ്. കെ എല്‍ രാഹുലിനേയും ഗംഭീര്‍ കാര്യമായി പിന്തുണക്കുന്നില്ല. ഈ സാഹചര്യത്തില്‍ സഞ്ജുവിന് മുന്നില്‍ ഇനിയും സാധ്യതകളുണ്ട്. എന്നാല്‍ ഗംഭീറിന്റെ തീരുമാനമാണ് ഇക്കാര്യത്തില്‍ ഏറ്റവും നിര്‍ണ്ണായകമാവുക. മധ്യനിരയില്‍ ഇന്ത്യക്കായി മിന്നിക്കാന്‍ സഞ്ജു ഉണ്ടാവുമെന്ന് തന്നെ പ്രതീക്ഷിക്കാം.