ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ബംഗ്ലാദേശിനെതിരേ ഇന്ത്യന്‍ ബൗളര്‍മാര്‍ കരുത്ത് കാട്ടിയിരിക്കുകയാണ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനെത്തിയ ബംഗ്ലാദേശിനെ ഇന്ത്യന്‍ ബൗളര്‍മാര്‍ എറിഞ്ഞൊതുക്കി. 35 റണ്‍സിനിടെ ബംഗ്ലാദേശിന്റെ അഞ്ച് പ്രധാന വിക്കറ്റുകളാണ് കൂടാരം കയറിയത്. മുഹമ്മദ് ഷമി ആദ്യ ഓവറില്‍ത്തന്നെ വിക്കറ്റ് നേടിയപ്പോള്‍ പിന്നാലെ എത്തിയവരെല്ലാം വിക്കറ്റുകള്‍ നേടി ബംഗ്ലാദേശിനെ വരിഞ്ഞു മുറുക്കുകയായിരുന്നു.
ഇതില്‍ എടുത്തു പറയേണ്ടത് അക്ഷര്‍ പട്ടേലിന്റെ ബൗളിങ്ങാണ്. ഒമ്പതാം ഓവറില്‍ പന്തെറിയാനെത്തിയ അക്ഷര്‍ രണ്ട് വിക്കറ്റുകളാണ് ഇന്ത്യക്കായി നേടിയത്. ഓപ്പണര്‍ തന്‍സിദ് അഹമ്മദിനേയും (25) സീനിയര്‍ താരം മുഷ്ഫിഖര്‍ റഹീമിനേയുമാണ് (0) അക്ഷര്‍ മടക്കി അയച്ചത്. ഹാട്രിക് നേടാനുള്ള സുവര്‍ണ്ണാവസരം അക്ഷര്‍ പട്ടേലിന് ലഭിച്ചതാണ്. എന്നാല്‍ നായകന്‍ രോഹിത് ശര്‍മയുടെ വലിയ പിഴവ് അക്ഷറിന്റെ ഹാട്രിക് മോഹം തകര്‍ക്കുകയായിരുന്നു.
രോഹിത് സ്ലിപ്പില്‍ ക്യാച്ച് കൈവിട്ടു
അക്ഷര്‍ പട്ടേലിന് പന്തേല്‍പ്പിച്ചപ്പോള്‍ നായകന്‍ രോഹിത് ശര്‍മ പ്രതീക്ഷിച്ചത് തന്നെയാണ് നടന്നത്. രണ്ടാം പന്തില്‍ നിലയുറപ്പിച്ച തന്‍സിദ് അഹമ്മദിനെ അക്ഷര്‍ പുറത്താക്കി. കട്ട് ഷോട്ടിന് ശ്രമിച്ച തന്‍സിദിന് പിഴച്ചപ്പോള്‍ വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുല്‍ ഗംഭീരമായി പന്ത് കൈക്കലാക്കി. അക്ഷറിന് ഉറപ്പില്ലാതിരുന്ന വിക്കറ്റ് രാഹുലിന്റെ അപ്പീലിലാണ് ഇന്ത്യക്ക് ലഭിച്ചത്. പിന്നാലെ ക്രീസിലെത്തിയ മുഷ്ഫിഖര്‍ റഹീമിനെയും അക്ഷറിന്റെ പന്തില്‍ രാഹുല്‍ കൈയിലാക്കി.
നാലാം പന്ത് ഹാട്രിക് നേടാനുള്ള അവസരമാണ് അക്ഷറിന് തുറന്ന് നല്‍കിയത്. ജാക്കര്‍ അലി ക്രീസില്‍ നില്‍ക്കുമ്പോള്‍ സ്ലിപ്പില്‍ ഫീല്‍ഡറായി രോഹിത്തുമെത്തി. രണ്ട് സ്ലിപ്പുള്‍പ്പെടെ ബാറ്റ്‌സ്മാനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ഇന്ത്യയുടെ തന്ത്രം ഫലം കാണുകയും ചെയ്തു. പ്രതിരോധത്തിന് ശ്രമിച്ച ജാക്കര്‍ അലിക്ക് പിഴച്ചപ്പോള്‍ സൈഡ് എഡ്ജായി പന്ത് സ്ലിപ്പിലേക്ക്. ഫസ്റ്റ് സ്ലിപ്പ് നിന്ന രോഹിത്തിന് അനായാസമായി പന്ത് കൈയിലാക്കാമായിരുന്നു.

എന്നാല്‍ രോഹിത്തിന് ഇത് കൈയിലൊതുക്കാന്‍ സാധിക്കാതെ പോയി. ഇതോടെ നിര്‍ണ്ണായക ഹാട്രിക് അക്ഷറിന് നഷ്ടമാവുകയും ചെയ്തു. ബംഗ്ലാദേശിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കാമായിരുന്നു എന്നതിലുപരി അക്ഷറിന്റെ ആദ്യ അന്താരാഷ്ട്ര ഹാട്രിക് എന്ന നേട്ടമാണ് രോഹിത്തിന്റെ പിഴവില്‍ നഷ്ടമായത്.
അക്ഷറിനോട് മാപ്പ് പറഞ്ഞ് രോഹിത്
അക്ഷര്‍ പട്ടേലിനേയും ഇന്ത്യന്‍ താരങ്ങളേയും ഒരുപോലെ നിരാശരാക്കുന്ന പിഴവാണ് രോഹിത് ശര്‍മ വരുത്തിയത്. ക്യാച്ച് നഷ്ടമായതിന് പിന്നാലെ നിലത്തടിച്ചാണ് രോഹിത് നിരാശ പങ്കുവെച്ചത്. പിന്നാലെ അക്ഷര്‍ പട്ടേലിനോട് രോഹിത് മാപ്പ് ചോദിക്കുകയും ചെയ്തു. ഈ ഓവറിന് ശേഷവും രോഹിത്തിനെ ഈ നിരാശ വിട്ടുമാറിയില്ലെന്ന് പറയാം. ഇടക്കിടെ ഈ പിഴവ് ഓര്‍ത്ത് രോഹിത് നിരാശപ്പെടുന്നത് കാണാന്‍ സാധിക്കുമായിരുന്നു.
തുടക്കത്തിലേ മികച്ച ഫീല്‍ഡിങ് കാഴ്ചവെച്ച ഇന്ത്യക്ക് പിന്നീട് നിരവധി പിഴവുകള്‍ സംഭവിച്ചു. കുല്‍ദീപ് യാദവിന്റെ ഓവറില്‍ ഹാര്‍ദിക് പാണ്ഡ്യ ക്യാച്ച് പാഴാക്കി. അല്‍പ്പം പ്രയാസമുള്ളതാണെങ്കിലും ഹാര്‍ദിക്കിനെപ്പോലൊരു ഫീല്‍ഡര്‍ക്ക് അനായാസമായി എടുക്കാനാകുന്ന ക്യാച്ചായിരുന്നു ഇത്. മികച്ച ക്യാച്ചുകള്‍ നേടിയ രാഹുല്‍ പിന്നീട് സ്റ്റംപിങ് അവസരം പാഴാക്കി. റണ്ണൗട്ടവസരങ്ങളും മുതലാക്കാന്‍ ഇന്ത്യക്ക് സാധിക്കാതെ പോയി.
രോഹിത്തിന് രൂക്ഷ വിമര്‍ശനം
ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ പിഴവ് സ്വാഭാവികമായി ക്രിക്കറ്റില്‍ സംഭവിക്കുന്നതാണ്. എന്നാല്‍ അക്ഷറിന്റെ ഹാട്രിക് നഷ്ടമായത് ആരാധകരേയും നിരാശരാക്കിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ രോഹിത്തിനെതിരേ വിമര്‍ശനവും ഉയരുന്നുണ്ട്. സ്ലിപ്പില്‍ കോലിയേയും ഗില്ലിനേയും നിര്‍ത്തിയാല്‍ മതിയായിരുന്നുവെന്നും ശ്രേയസ് അയ്യരായിരുന്നെങ്കിലും അത് കൈയിലാക്കുമായിരുന്നുവെന്നുമാണ് ആരാധകര്‍ പ്രതികരിക്കുന്നത്. എന്നാല്‍ അക്ഷറിന്റെ ഭാഗ്യക്കേടായി ഇത് പറയാം. എന്തായാലും രോഹിത്തിനെതിരേ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.