മുംബൈ: ഐസിസി ചാമ്പ്യന്‍സ് ട്രോഫി വരാനിരിക്കെ ടീമുകള്‍ ശക്തമായ മുന്നൊരുക്കത്തിലേക്ക് കടന്നിരിക്കുകയാണ്. ഇത്തവണ പാകിസ്താന്‍ ആതിഥേയരാവുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ആരാവും കപ്പിലേക്കെത്തുകയെന്നതാണ് കണ്ടറിയേണ്ടത്. പാകിസ്താന്‍, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ഇന്ത്യ, ന്യൂസീലന്‍ഡ് എന്നിവരെല്ലാം ശക്തമായ താരനിരയോടെയാണ് എത്തുന്നത്. അതുകൊണ്ടുതന്നെ ചാമ്പ്യന്‍സ് ട്രോഫി പോരാട്ടങ്ങള്‍ കടുക്കുമെന്നുറപ്പാണ്.
കപ്പിലേക്കെത്തുക ഒരു ടീമിനും എളുപ്പമാവില്ലെന്നുറപ്പ്. ഇന്ത്യയുടെ മത്സരങ്ങള്‍ മാത്രം ദുബായിലാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് അല്‍പ്പം മേല്‍കൈ അവകാശപ്പെടാം. രോഹിത് ശര്‍മയെ നായകനാക്കിയാണ് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിക്ക് ഇറങ്ങുന്നത്. രോഹിത് ശര്‍മയും വിരാട് കോലിയും സമീപകാലത്തായി മോശം ഫോമിലാണ്. അതുകൊണ്ടുതന്നെ വലിയ ആശങ്കകളാണ് ഇന്ത്യക്ക് ചാമ്പ്യന്‍സ് ട്രോഫിയിലുള്ളത്. രോഹിത്തിനേയും കോലിയേയും വിശ്വസിച്ച് ഇനിയും ഇന്ത്യ മുന്നോട്ട് പോണോയെന്നതാണ് പ്രധാനപ്പെട്ട ചോദ്യം.
ഇപ്പോഴിതാ ചാമ്പ്യന്‍സ് ട്രോഫിയിലെ വിരാട് കോലിയുടേയും രോഹിത് ശര്‍മയുടേയും റോളിനെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യയുടെ പരിശീലകനായ ഗൗതം ഗംഭീര്‍. രണ്ട് പേര്‍ക്കും ടീമില്‍ പ്രധാന റോളാണുള്ളതെന്നാണ് ഗംഭീര്‍ പറയുന്നത്.
അനുഭവസമ്പത്തിന് പകരംവെക്കാനാവില്ല
രോഹിത്തും കോലിയും സമീപകാലത്ത് മോശം ഫോമിലാണ്. രണ്ട് പേര്‍ക്കും നിലവാരം കാട്ടാനാവുന്നില്ല. ഐസിസി ടൂര്‍ണമെന്റുകളില്‍ ഇരുവരുടേയും കണക്കുകള്‍ ഗംഭീരമാണ്. എന്നാല്‍ നിലവിലെ ഫോം നോക്കുമ്പോള്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ വിശ്വസിപ്പിച്ച് കളിപ്പിക്കാന്‍ സാധിക്കില്ല. എന്നാല്‍ രണ്ട് പേരും അനുഭവസമ്പന്നരായ താരങ്ങളാണ്. അതുകൊണ്ടുതന്നെ ഇവരുടെ സാന്നിധ്യം ഇന്ത്യന്‍ ടീമിന് ആവശ്യമാണെന്നാണ് ഗംഭീര്‍ പറയുന്നത്.
'രോഹിത്തും കോലിയും ടീമിന് വളരെയധികം മൂല്യം നല്‍കുന്ന താരങ്ങളാണ്. ഡ്രസിങ് റൂമില്‍ ഇവരുടെ സാന്നിധ്യം ടീമിന് പ്രത്യേക ആത്മവിശ്വാസം നല്‍കുന്ന കാര്യമാണ്. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇവര്‍ക്ക് നിര്‍ണ്ണായക റോളാണുള്ളത്. ഇരുവരും വളരെ ആര്‍ത്തിയോടെയാണ് കാത്തിരിക്കുന്നത്. രാജ്യത്തിനായി കളിക്കുകയെന്നതും മികവ് കാട്ടുകയെന്നതും ഇവര്‍ക്ക് വൈകാരികമായ കാര്യമാണ്' ഗൗതം ഗംഭീര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കവെ പറഞ്ഞു.

രോഹിത്തും കോലിയും ഫോമിലേക്കെത്തണം
ചാമ്പ്യന്‍സ് ട്രോഫി കിരീടം ഇന്ത്യയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. അതുകൊണ്ടുതന്നെ എന്ത് വിലകൊടുത്തും ഇന്ത്യക്ക് ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടിയെടുക്കേണ്ടതായുണ്ട്. ഇതിന് വിരാട് കോലിയുടേയും രോഹിത് ശര്‍മയുടേയും ഫോം വളരെ പ്രധാനപ്പെട്ടതാണ്. രണ്ട് പേരും ഫോമിലേക്കെത്താതെ ഇന്ത്യക്ക് ട്രോഫി പ്രതീക്ഷിക്കാനാവില്ല. ചാമ്പ്യന്‍സ് ട്രോഫി ദുബായിലാണ്. ഇവിടെ രോഹിത്തിനും കോലിക്കും അനുഭവസമ്പത്തുണ്ട്.
ഏകദിന ഫോര്‍മാറ്റില്‍ ഇവര്‍ക്ക് ഫോം വീണ്ടെടുക്കാന്‍ സാധിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. കോലിക്ക് ഓഫ് സൈഡിലാണ് ദൗര്‍ബല്യം. സ്റ്റംപിന് പുറത്തെത്തുന്ന പന്തുകളില്‍ കോലിക്ക് കാലിടറുകയാണ്. ഈ പ്രശ്‌നത്തിന് പരിഹാരം കാണാനായാല്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ കസറാനായേക്കും. രോഹിത് ശര്‍മക്ക് വലിയ സ്‌കോറിലേക്കുയരാന്‍ സാധിക്കുന്നില്ലെന്നതാണ് പ്രശ്‌നം. ഇതിനെല്ലാം പരിഹാരം കാണാനാവുമെന്ന് തന്നെ പ്രതീക്ഷിക്കാം.
ഇന്ത്യക്ക് ശക്തമായ ടീം
ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്ക് ശക്തമായ ടീമാണുള്ളത്. മധ്യനിരയില്‍ കെ എല്‍ രാഹുലിനൊപ്പം ശ്രേയസ് അയ്യര്‍ എത്തിയതോടെ അവസാന ലോകകപ്പിലെ മികവ് ആവര്‍ത്തിക്കപ്പെടുമെന്ന് തന്നെ പ്രതീക്ഷിക്കാം. എന്നാല്‍ മുഹമ്മദ് ഷമിയുടേയും ജസ്പ്രീത് ബുംറയുടേയും പരിക്ക് ഇന്ത്യക്ക് ആശങ്ക സൃഷ്ടിക്കുന്നു. ഈ വെല്ലുവിളികളൊക്കെ മറികടന്ന് ഇന്ത്യ കപ്പിലേക്കെത്തുമെന്ന് തന്നെ കരുതാം.
കുല്‍ദീപ് യാദവും പരിക്കിന്റെ ഇടവേളക്ക് ശേഷമാണ് തിരിച്ചെത്തുന്നത്. ടീം കരുത്തില്‍ ഇന്ത്യ അതി ശക്തരാണ്. ഫോം എങ്ങനെയാവുമെന്നതാണ് കണ്ടറിയേണ്ടത്. ഇന്ത്യക്ക് കപ്പിലേക്കെത്താന്‍ സാധിക്കാതെ പോയാല്‍ ഗൗതം ഗംഭീറിന്റെ പരിശീലകസ്ഥാനം തെറിച്ചേക്കും. രോഹിത്തിനും ടൂര്‍ണമെന്റ് വളരെ നിര്‍ണ്ണായകമാണ്.