മുംബൈ: ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. രോഹിത് ശര്‍മയെ നായകനാക്കിയും വൈസ് ക്യാപ്റ്റനായി ശുബ്മാന്‍ ഗില്ലിനേയും നിയമിച്ചുള്ള ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായ ടീമിനെയാണ് ഇന്ത്യ തിരഞ്ഞെടുത്തിരിക്കുന്നത്. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ് എന്നിവരാണ് പേസ് നിരയിലുള്ളത്. സൂപ്പര്‍ പേസര്‍ മുഹമ്മദ് സിറാജിനെ ഇന്ത്യ തഴഞ്ഞുവെന്നതാണ് എടുത്തു പറയേണ്ടത്.
വിക്കറ്റ് കീപ്പര്‍മാരായി കെ എല്‍ രാഹുലും റിഷഭ് പന്തുമെത്തിയപ്പോള്‍ സഞ്ജു സാംസണ്‍ തഴയപ്പെട്ടു. ശ്രേയസ് അയ്യര്‍ ടീമിലേക്ക് മടങ്ങിയെത്തിയപ്പോള്‍ കരുണ്‍ നായരുടെ ഉജ്ജ്വല ഫോം സെലക്ടര്‍മാര്‍ പരിഗണിച്ചില്ല. ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി ടീം പ്രഖ്യാപനം പല പ്രധാന ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കൂടിയാണ്. ഇത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.
അടുത്ത നായകന്‍ ഗില്‍
ഇന്ത്യയുടെ ഏകദിനത്തിലെ അടുത്ത നായകനായി ശുബ്മാന്‍ ഗില്ലിനെയാണ് ടീം കാണുന്നതെന്ന് വ്യക്തം. മോശം ഫോമിലുള്ള ഗില്ലിനെ ഇന്ത്യ ടീമിലെടുത്തേക്കില്ലെന്ന് വരെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ വൈസ് ക്യാപ്റ്റന്‍ റോള്‍ നല്‍കിയാണ് ഇന്ത്യ ഗില്ലിനെ പരിഗണിച്ചത്. ഇതോടെ അടുത്ത സൂപ്പര്‍ താരമായും നായകനായും ഗില്ലിനെത്തന്നെയാണ് ഇന്ത്യ കാണുന്നതെന്ന് വ്യക്തം. രോഹിത് ശര്‍മക്കൊപ്പം ഓപ്പണറായി ആരെന്നതും വലിയ ചോദ്യമായിരുന്നു. വൈസ് ക്യാപ്റ്റന്‍ സ്ഥാനം ഗില്ലിന് ലഭിച്ചതോടെ രോഹിത്തിനൊപ്പം ഓപ്പണറായി ഗില്‍ തുടരുമെന്നും വ്യക്തമായിരിക്കുകയാണ്.
സഞ്ജു ഏകദിന പദ്ധതികളില്ല
ഇന്ത്യയുടെ ഏകദിന ടീമില്‍ സഞ്ജു സാംസണിന് സ്ഥാനമില്ലെന്ന് വ്യക്തം. ഇന്ത്യ 56ന് മുകളില്‍ ശരാശരിയുള്ള സഞ്ജുവിനെ ടീമിലേക്ക് പരിഗണിക്കുമോയെന്നത് എല്ലാവരും ഉറ്റുനോക്കിയിരുന്നു. എന്നാല്‍ സഞ്ജുവിനെ പരിഗണിച്ചില്ല. കെ എല്‍ രാഹുലും റിഷഭ് പന്തുമാണ് വിക്കറ്റ് കീപ്പര്‍മാരായി സ്ഥാനം നേടിയത്. ഇതോടെ സഞ്ജുവിന്റെ ഏകദിനത്തിലെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയേറ്റിരിക്കുകയാണ്. ടി20യില്‍ മാത്രമായി സഞ്ജു ഒതുക്കപ്പെട്ടിരിക്കുകയാണ്.

ഹാര്‍ദിക് പാണ്ഡ്യക്ക് സ്ഥാനമുണ്ട്
ഏറെ നാളുകളായി ഹാര്‍ദിക് പാണ്ഡ്യ ഏകദിന ടീമില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. 10 ഓവര്‍ പന്തെറിയാന്‍ സാധിക്കാതെ ഹാര്‍ദിക് പാണ്ഡ്യയെ ഇന്ത്യ ഏകദിന ടീമിലേക്ക് പരിഗണിക്കില്ലെന്നായിരുന്നു തീരുമാനം. ആഭ്യന്തര ക്രിക്കറ്റടക്കം കളിക്കാന്‍ ഹാര്‍ദിക് തയ്യാറായതോടെ ഇന്ത്യയുടെ പേസ് ഓള്‍റൗണ്ടര്‍ റോളില്‍ ഹാര്‍ദിക് പാണ്ഡ്യക്ക് ഇനിയും സ്ഥാനമുണ്ടെന്ന് വ്യക്തം. റിസര്‍വ് താരമായി നിതീഷ് കുമാര്‍ റെഡ്ഡിയേയും ഇന്ത്യ പരിഗണിച്ചു. നിതീഷിനും ഏകദിന ടീമിനൊപ്പം ഭാവിയുണ്ടെന്ന് ടീം മാനേജ്‌മെന്റ് വിലയിരുത്തിയിരിക്കുകയാണ്.
സീനിയര്‍ താരങ്ങള്‍ക്ക് നിര്‍ണ്ണായക സ്ഥാനം
മോശം ഫോമിലുള്ള സീനിയര്‍ താരങ്ങളെ ഫോം വിലയിരുത്തിയാലും ഇന്ത്യ ടീമിലേക്ക് പരിഗണിക്കുകയെന്നായിരുന്നു റിപ്പോര്‍ട്ട്. ആഭ്യന്തര ക്രിക്കറ്റില്‍ ഫോമിലുള്ള താരങ്ങളെ ഇന്ത്യ പിന്തുണക്കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ കരുണ്‍ നായര്‍ ഉള്‍പ്പെടെ തഴയപ്പെട്ടു. മോശം ഫോമിലായിരുന്നിട്ടും രോഹിത് ശര്‍മക്കും വിരാട് കോലിക്കും ശുബ്മാന്‍ ഗില്ലിനും ഇന്ത്യന്‍ ടീമില്‍ സ്ഥാനം ലഭിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. പരിശീലകന്‍ ഗൗതം ഗംഭീറിന്റെ നിലപാടുകള്‍ നടപ്പിലാക്കിക്കണ്ടില്ലെന്ന് തന്നെ പറയാം. എന്തായാലും ഇന്ത്യയുടെ ടീം നിലവിലെ സാഹചര്യത്തില്‍ ശക്തമാണെന്ന് തന്നെ വിലയിരുത്താം.
ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി സ്‌ക്വാഡ്
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, വിരാട് കോലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്.