ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ സെമി ഫൈനല്‍ ബെര്‍ത്തിനായുള്ള പോരാട്ടങ്ങള്‍ മുറുകുകയാണ്. നിലവില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും മാത്രമേ സെമിയിലേക്കു ടിക്കറ്റെടുത്തിട്ടുള്ളൂ. ശേഷിച്ച രണ്ടു ടീമുകളാവാന്‍ സൗത്താഫ്രിക്ക, ഓസ്‌ട്രേലിയ, അഫ്ഗാനിസ്താന്‍ എന്നിവരാണ് രംഗത്തുള്ളത്. ഇവരില്‍ ആരൊക്കെ സെമിയിലുണ്ടാവുമെന്നു ഈയാഴ്ച തന്നെ ഉത്തരം ലഭിക്കുകയും ചെയ്യും.
മരണഗ്രൂപ്പായ ബിയില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തിയാണ് അഫ്ഗാന്‍ ടൂര്‍ണമെന്റിലേക്കു ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. എട്ടു റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയമാണ് അവര്‍ നേടിയത്. അഫ്ഗാന്റെ ഈ മടങ്ങിവരവിനെ ഇന്ത്യയും സൂക്ഷിക്കുക തന്നെ വേണം. കാരണം സെമിയില്‍ ഇന്ത്യയുടെ എതിരാളികളായി അവര്‍ വരാനുള്ള സാധ്യത കൂടുതലാണ്.

ഇന്ത്യ- അഫ്ഗാന്‍ സെമി നടക്കുമോ?
ഇന്ത്യയും അഫ്ഗാനിസ്താനും തമ്മില്‍ സെമി ഫൈനലില്‍ ഏറ്റുമുട്ടാനുള്ള സാധ്യത തള്ളാന്‍ കഴിയില്ല. ഗ്രൂപ്പ് എയില്‍ ഇന്ത്യ ഒന്നാമതും ബിയില്‍ അഫ്ഗാന്‍ രണ്ടാമതും വന്നാല്‍ സെമിയില്‍ ഇരുടീമുകളുമാവും നേര്‍ക്കുനേര്‍ വരുന്നത്. നിലവില്‍ ഗൂപ്പ് എയില്‍ ന്യൂസിലാന്‍ഡ് തലപ്പത്തും ഇന്ത്യ രണ്ടാമതുമാണ്. നാലു പോയിന്റ് വീതമാണ് ഇരുടീമുകള്‍ക്കുമുള്ളതെങ്കിലും മികച്ച നെറ്റ് റണ്‍റേറ്റ് കിവികളെ ഒന്നാം സ്ഥാനക്കാരാക്കുകയായിരുന്നു.
ഞായറാഴ്ച നടക്കാനിരിക്കുന്ന ഇന്ത്യ- ന്യൂസിലാന്‍ഡ് പോരാട്ടമായിരിക്കും ഗ്രൂപ്പ് ജേതാക്കളെ തീരുമാനിക്കുക. ഈ മല്‍സരത്തില്‍ ജയിക്കാന്‍ ഇന്ത്യക്കു കഴിഞ്ഞാല്‍ ഗ്രൂപ്പില്‍ ഒന്നാംസ്ഥാനക്കാരായി സെമിയിലെത്താം. പിന്നെ സംഭവിക്കേണ്ടത് ഗ്രൂപ്പ് ബിയില്‍ അഫ്ഗാന്‍ രണ്ടാമതെത്തുകയെന്നതാണ്.
നിലവില്‍ സൗത്താഫ്രിക്ക, ഓസ്‌ട്രേലിയ എന്നിവര്‍ക്കു പിന്നില്‍ മൂന്നാമതാണ് അഫ്ഗാന്‍. ആദ്യ രണ്ടു സ്ഥാനക്കാര്‍ക്കും മൂന്നും അഫ്ഗാന് രണ്ടും പോയിന്റാണുള്ളത്. അതുകൊണ്ടു തന്നെ മൂന്നു ടീമുകളില്‍ ആര്‍ക്കും സെമിയിലെത്താം. സൗത്താഫ്രിക്കയും ഇംഗ്ലണ്ടും തമ്മിലാണ് അവസാന റൗണ്ടില്‍ ഏറ്റുമുട്ടുക. അഫ്ഗാനാവട്ടെ ഓസ്‌ട്രേലിയയുമായും കൊമ്പുകോര്‍ക്കും.
ഇംഗ്ലണ്ടിനെതിരേ സൗത്താഫ്രിക്ക ജയിക്കുകയും ഓസീസിനെ അഫ്ഗാന്‍ ഞെട്ടിക്കുകയും ചെയ്താല്‍ ഇരുടീമുകളും സെമിയിലെത്തും. സൗത്താഫ്രിക്ക ഗ്രൂപ്പ് ജേതാക്കളാവുമ്പോള്‍ അഫ്ഗാന്‍ രണ്ടാംസ്ഥാനത്തും ഫിനിഷ് ചെയ്യും. ഇതു നടന്നാല്‍ അഫ്ഗാനായിരിക്കും സെമിയില്‍ ഇന്ത്യയുടെ എതിരാളികള്‍. മറ്റൊരു സെമിയില്‍ സൗത്താഫ്രിക്കയും ന്യൂസിലാന്‍ഡും ഏറ്റുമുട്ടും.
ചാമ്പ്യന്‍സ് ട്രോഫി: രോഹിത്തടക്കം 2 പേര്‍ പുറത്ത്!! ഗില്‍ നയിക്കും, കിവീസിനെതിരായ ഇന്ത്യന്‍ 11
അഫ്ഗാന്‍ കുഴപ്പക്കാരോ?
അന്താരാഷ്ട്ര ക്രിക്കറ്റിലെ ഇതുവരെയുള്ള കണക്കുകളെടുത്താല്‍ അഫ്ഗാനിസ്താനെതിരേ ഇന്ത്യക്കു വ്യക്തമായ മേധാവിത്വം അവാശപ്പെടാം. കാരണം മൂന്നു ഫോര്‍മാറ്റുകളിലും ഇതുവരെ ഇന്ത്യയെ വീഴ്ത്താന്‍ അഫ്ഗാനു കഴിഞ്ഞിട്ടില്ല. പക്ഷെ ഈ കാരണം കൊണ്ടു മാത്രം ഇത്തവണ സെമിയില്‍ അഫ്ഗാനെതിരേ ഇന്ത്യ തന്നെ ജയിച്ചു കയറുമെന്നു ഉറപ്പിക്കാന്‍ വരട്ടെ.
ഇന്ത്യന്‍ ടീമിന്റെ സെമി ഫൈനല്‍ നടക്കുക ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ്. വേഗം കുറഞ്ഞ ഇവിടുത്തെ പിച്ച് സ്പിന്നര്‍മാരെ സഹായിക്കുന്നതുമാണ്. ഇന്ത്യ ഭയക്കേണ്ടതും ഇതു തന്നെയാണ്. കാരണം റാഷിദ് ഖാനുള്‍പ്പെടെ ലോകോത്തര സ്പിന്നര്‍മാരുള്‍പ്പെട്ടതാണ് അഫ്ഗാന്‍ ടീം. അതുകൊണ്ടു തന്നെ ദുബായ് പിച്ചിനെ എങ്ങനെ പ്രയോജനപ്പെടുത്താമെന്നു ഇവര്‍ക്കു നന്നായി അറിയുകയും ചെയ്യാം.

ദുബായില്‍ ഒരുപാട് അന്താരാഷ്ട്ര മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ളവരാണ് അഫ്ഗാന്‍ ടീം. അതിനാല്‍ പിച്ചിനെയും സാഹചര്യങ്ങളെയും കുറിച്ച് അവര്‍ക്കു വ്യക്തമായ ധാരണയുമുണ്ട്. സൗത്താഫ്രിക്ക, ഓസ്‌ട്രേലിയ എന്നിവരേക്കാള്‍ നന്നായി ഈ പിച്ചിനെ ഉപയോഗിക്കാന്‍ കഴിഞ്ഞേക്കുക അഫ്ഗാന് തന്നെയായിക്കും.
വിരാട് കോലിയടക്കം ഇന്ത്യന്‍ നിരയിലെ ചിലര്‍ സ്പിന്‍ ബൗളിങിനെതിരേ അത്ര മികവ് പുലര്‍ത്തുന്നവരുമല്ല. ഇവയെല്ലാം സെമിയില്‍ അഫ്ഗാന്‍ മുതലാക്കിയേക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ സെമിയില്‍ അഫ്ഗാനാണ് എതിരാളികളെങ്കില്‍ ഇന്ത്യ തീര്‍ച്ചയായും ഭയക്കുക തന്നെ വേണം.