ലാഹോര്‍: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലെ കരുത്തരുടെ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് ഓസ്‌ട്രേലിയ. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് എട്ട് വിക്കറ്റിന് 351 എന്ന വമ്പന്‍ സ്‌കോര്‍ നേടിയിട്ടും 15 പന്ത് ബാക്കിയാക്കി അഞ്ച് വിക്കറ്റിന്റെ ജയം നേടിയെടുക്കാന്‍ ഓസ്‌ട്രേലിയക്ക് സാധിച്ചു. ജോഷ് ഇന്‍ഗ്ലിസിന്റെ (120*) സെഞ്ച്വറി പ്രകടനമാണ് ഓസ്‌ട്രേലിയക്ക് വമ്പന്‍ ജയം സമ്മാനിച്ചത്. ഐസിസി ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച റണ്‍ചേസ് എന്ന റെക്കോഡോടെയാണ് ഓസീസ് വിജയം നേടിയത്.
ഓസ്‌ട്രേലിയയുടെ ബൗളിങ് നിരയില്‍ പ്രമുഖരൊന്നും ഇല്ലാതിരുന്നിട്ടും ബാറ്റിങ് കരുത്തില്‍ വിജയത്തിലേക്കെത്താന്‍ കംഗാരുക്കള്‍ക്ക് സാധിച്ചു. ഇംഗ്ലണ്ടിനെ ഓസീസ് തകര്‍ത്തതിന് പിന്നാലെ നിരാശരാകുന്നവരുടെ കൂട്ടത്തല്‍ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സുമുണ്ട്. അതിന്റെ കാരണം ജോഫ്രാ ആര്‍ച്ചറാണ്. കഴിഞ്ഞ മെഗാ ലേലത്തില്‍ രാജസ്ഥാന്‍ ടീമിലേക്കെത്തിച്ച താരമാണ് ആര്‍ച്ചര്‍. എന്നാല്‍ പ്രതീക്ഷിച്ച ഇംപാക്ട് സൃഷ്ടിക്കാനാവാതെ ആര്‍ച്ചര്‍ പ്രയാസപ്പെടുകയാണ്.
ആര്‍ച്ചറുടെ പ്രകടനം രാജസ്ഥാന് തലവേദന
ട്രന്റ് ബോള്‍ട്ടിനെ വിട്ടുകളഞ്ഞ രാജസ്ഥാന്‍ വലിയ പ്രതീക്ഷയോടെയാണ് ഇംഗ്ലണ്ട് പേസറായ ആര്‍ച്ചറെ വീണ്ടും ടീമിലേക്കെത്തിച്ചത്. അതും 12.50 കോടിക്ക്. എന്നാല്‍ ആര്‍ച്ചര്‍ക്കായി മുടക്കിയ പണം നഷ്ടക്കച്ചവടമാകുമെന്ന് തോന്നിക്കുന്ന ബൗളിങ്ങാണ് ആര്‍ച്ചര്‍ കാഴ്ചവെക്കുന്നത്. യാതൊരു ഇംപാക്ടും സൃഷ്ടിക്കാന്‍ ആര്‍ച്ചര്‍ക്ക് സാധിക്കുന്നില്ല. ഓസ്‌ട്രേലിയക്കെതിരേ 10 ഓവറില്‍ 82 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റാണ് ആര്‍ച്ചര്‍ വീഴ്ത്തിയത്. ഡെത്തോവറുകളിലടക്കം തല്ലുകൊണ്ടു.
നോബോളടക്കം എറിഞ്ഞ് യാതൊരു തരത്തിലും മികവിനോട് നീതികാട്ടാന്‍ ആര്‍ച്ചര്‍ക്ക് സാധിച്ചില്ല. അനായാസ ക്യാച്ചും താരം കൈവിട്ട് കളഞ്ഞു. ബാറ്റുകൊണ്ട് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചതാണ് ഏക ആശ്വാസം. 10 പന്തില്‍ പുറത്താവാതെ 21 റണ്‍സാണ് ആര്‍ച്ചര്‍ നേടിയത്. ഇന്ത്യക്കെതിരായ പരമ്പരയിലും വലിയൊരു ഇംപാക്ട് സൃഷ്ടിക്കാന്‍ ആര്‍ച്ചര്‍ക്ക് സാധിച്ചിരുന്നില്ല. ആര്‍ച്ചറെ പ്രധാന ബൗളറായി കളത്തിലിറക്കാന്‍ പദ്ധതിയിടുന്ന രാജസ്ഥാന് വലിയ ആശങ്കയുണ്ടാക്കുന്നതാണ് നിലവിലെ താരത്തിന്റെ പ്രകടനം.

ആര്‍ച്ചര്‍ ഫ്‌ളോപ്പായാല്‍ രാജസ്ഥാന് പണികിട്ടും
വരുന്ന സീസണില്‍ ജോഫ്രാ ആര്‍ച്ചറുടെ പേസാക്രമണത്തിലൂന്നിയാണ് രാജസ്ഥാന്‍ പദ്ധതി മെനയുന്നത്. സന്ദീപ് ശര്‍മയും തുഷാര്‍ ദെശപാണ്ഡെയും ആകാശ് മദ് വാളും ഫസല്‍ഹഖ് ഫറൂഖിയുമെല്ലാം ടീമിലുണ്ടെങ്കിലും ടീമിന്റെ പ്രധാന പേസര്‍ ആര്‍ച്ചറാണ്. അതുകൊണ്ടുതന്നെ ആര്‍ച്ചര്‍ നിരാശപ്പെടുത്തുന്നത് രാജസ്ഥാന് വലിയ ആശങ്കയുണ്ടാക്കുമെന്ന് നിസംശയം പറയാം. സ്ലോ കട്ടറുകളും യോര്‍ക്കറുകളുമെല്ലാം എറിയാന്‍ ആര്‍ച്ചര്‍ക്ക് സാധിക്കുന്നുണ്ട്.
എന്നാല്‍ പഴയതുപോലെ ഇംപാക്ട് സൃഷ്ടിക്കാന്‍ താരത്തിനാവുന്നില്ല. ഒരു കാലത്ത് ആര്‍ച്ചറുടെ അതിവേഗ പന്തുകളെ എല്ലാവരും ഭയപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ ചെണ്ട ബൗളറായി ആര്‍ച്ചര്‍ മാറുകയാണ്. പവര്‍പ്ലേയില്‍ വിക്കറ്റുകള്‍ നേടി വലിയ ഇംപാക്ട് സൃഷ്ടിക്കുന്നതിലും ആര്‍ച്ചര്‍ പരാജയപ്പെട്ടു. ഇതേ പ്രകടനം വരുന്ന മത്സരത്തിലും ആര്‍ച്ചര്‍ തുടര്‍ന്നാല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ കിരീട സ്വപ്‌നങ്ങളേയും അത് പ്രതികൂലമായി ബാധിക്കുമെന്നുറപ്പ്.