ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലെ ആദ്യ സെമിയില്‍ ഇന്ത്യക്കെതിരേ ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യുകയാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഓസ്‌ട്രേലിയ വലിയ സ്‌കോറിലേക്ക് നീങ്ങാന്‍ ഇനി സാധ്യതയില്ല. ഇന്ത്യയുടെ ബൗളര്‍മാര്‍ മികച്ച പ്രകടനത്തോടെ വീണ്ടും കൈയടി നേടി. പ്രധാനമായും സ്പിന്നര്‍മാരുടെ പ്രകടനമാണ് എടുത്തു പറയേണ്ടത്. വരുണ്‍ ചക്രവര്‍ത്തിയും കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയും അക്ഷര്‍ പട്ടേലും മുഹമ്മദ് ഷമിയുമെല്ലാം തകര്‍പ്പന്‍ പ്രകടനമാണ് നടത്തുന്നത്.
ഇന്ത്യയെ സംബന്ധിച്ച് ഓസ്‌ട്രേലിയക്കെതിരായ ജയം അഭിമാന പ്രശ്‌നമാണ്. അതുകൊണ്ടുതന്നെ വാശിയേറിയ പോരാട്ടമാണ് ഇന്ത്യ പുറത്തെടുത്തതും. മത്സരത്തിനിടെ ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിനോട് വിരാട് കോലിയും നായകന്‍ രോഹിത് ശര്‍മയും ഒരുമിച്ച് ദേഷ്യപ്പെടുന്ന സംഭവം ഉണ്ടായിരിക്കുകയാണ്. മത്സരത്തിന്റെ 32ാം ഓവറിലാണ് സീനിയര്‍ താരങ്ങളെ കലിപ്പിലാക്കിയ സംഭവമുണ്ടാകുന്നത്. എന്തായാലും കോലിയുടേയും രോഹിത്തിന്റേയും കലിപ്പ് വീഡിയോ ഇതിനോടകം വൈറലായിരിക്കുകയാണ്.
പന്ത് പിടിക്കാത്തതിന്റെ പേരില്‍ ശകാരം
കുല്‍ദീപ് യാദവിനോട് രോഹിത്തും കോലിയും ദേഷ്യപ്പെട്ടത് പന്ത് പിടിക്കാത്തതിനാലാണ്. വിരാട് കോലിയുടെ ത്രോ പിടിക്കാന്‍ ശ്രമിക്കാതെ കുല്‍ദീപ് പിന്നിലേക്ക് കൈ നീട്ടുകയായിരുന്നു. അവിടെ ഫീല്‍ഡ് ചെയ്തിരുന്നത് രോഹിത് ശര്‍മയാണ്. കുല്‍ദീപ് പന്ത് പിടിക്കാന്‍ തയ്യാറാവാത്തത് രോഹിത്തിനെ പ്രകോപിതനാക്കി. പന്ത് പിടിച്ചാല്‍ എന്താണ് പ്രശ്‌നമെന്ന തരത്തില്‍ കുല്‍ദീപിനോട് രോഹിത് ശര്‍മ ദേഷ്യത്തില്‍ സംസാരിച്ചു. ഇതിനിടെ കോലിയും ഇതേ കാര്യത്തിന് കുല്‍ദീപിനെ ശകാരിച്ചു.
എന്നാല്‍ രണ്ട് പേരുടേയും ദേഷ്യപ്പെടല്‍ കേട്ടിട്ടും ഒന്നും മിണ്ടാതെ കുല്‍ദീപ് ബൗളിങ് തുടരുകയാണ് ചെയ്തത്. പന്ത് പിടിക്കാത്തതിന്റെ പേരില്‍ ഇത്രയും ദേഷ്യപ്പെടല്‍ വേണ്ടായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. കുല്‍ദീപിനോട് ദേഷ്യപ്പെടുന്ന വീഡിയോ വൈറലായതിന് പിന്നാലെ രോഹിത്തിനെ വിമര്‍ശിക്കുന്നവരും ഏറെയാണ്. പന്ത് പിടിക്കാത്തതിന്റെ പേരില്‍ ഇങ്ങനെ ദേഷ്യപ്പെടുന്നത് ബൗളറുടെ ആത്മവിശ്വാസം തകര്‍ക്കുമെന്നാണ് ആരാധകര്‍ പറയുന്നത്.

ക്യാച്ചൊന്നുമല്ല പാഴാക്കിയത്. പിന്നില്‍ ഫീല്‍ഡറുള്ളതിനാല്‍ സ്വാഭാവികമായും കാട്ടുന്ന തരത്തില്‍ പിന്നിലേക്ക് കൈകാട്ടുകയാണ് ചെയ്തത്. പൊതുവേ ബൗളര്‍മാര്‍ ഇത് ചെയ്യാറുണ്ട്. അതുകൊണ്ടുതന്നെ കോലിയുടേയും രോഹിത്തിന്റേയും ദേഷ്യപ്പെടല്‍ അനാവശ്യമായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്.
കുല്‍ദീപിന് പ്രതീക്ഷിച്ച ഇംപാക്ട് സൃഷ്ടിക്കാനായില്ല
കുല്‍ദീപ് യാദവില്‍ ഇന്ത്യ വലിയ പ്രതീക്ഷ വെച്ചിരുന്നു. പവര്‍പ്ലേയില്‍ രോഹിത് ശര്‍മ ആദ്യം പന്തേല്‍പ്പിച്ചത് കുല്‍ദീപ് യാദവിനെ ആയിരുന്നു. എന്നാല്‍ താരത്തിന് വിക്കറ്റ് വീഴ്ത്താന്‍ സാധിക്കാതെ പോയി. മറ്റ് സ്പിന്നര്‍മാരെല്ലാം മികവ് കാട്ടിയപ്പോഴും കുല്‍ദീപിന് വിക്കറ്റ് നേടാന്‍ സാധിച്ചില്ല. ഇതിന്റെ നിരാശ നായകന്‍ രരോഹിത് ശര്‍മക്കുമുണ്ടായിരുന്നു. ഒരു ഘട്ടത്തില്‍ ഓസ്‌ട്രേലിയ സ്‌കോര്‍ 300 കടക്കുമെന്ന നിലയിലായിരുന്നു കാര്യങ്ങള്‍.
അതുകൊണ്ടുതന്നെ നായകനെന്ന നിലയില്‍ രോഹിത് ശര്‍മക്ക് വലിയ സമ്മര്‍ദ്ദവുമുണ്ടായി. ഇതിന്റെ ഭാഗമായി ഉണ്ടായ സ്വാഭാവികമായ ദേഷ്യമാണിതെന്നും ഇത്രയും സമ്മര്‍ദ്ദമുള്ള മത്സരത്തില്‍ നായകന്‍ അല്‍പ്പം വൈകാരികമായി പെരുമാറുന്നത് സ്വഭാവികമാണെന്നുമാണ് ഒരു വിഭാഗം ആരാധകര്‍ പറയുന്നത്. കുല്‍ദീപ് യാദവ് അല്‍പ്പം അലസ സ്വഭാവമുള്ള താരമാണ്. പലപ്പോഴും ഇത്തരത്തില്‍ ഫീല്‍ഡിങ് പിഴവും വരുത്താറുണ്ട്. അതുകൊണ്ടാണ് ഇത്തരമൊരു താക്കീത് നല്‍കിയതിനെ തെറ്റ് പറയാന്‍ സാധിക്കില്ല.
ഗംഭീര ബൗളിങ് പ്രകടനവുമായി ഇന്ത്യ
ഓസ്‌ട്രേലിയ കൂറ്റന്‍ സ്‌കോര്‍ നേടുമെന്ന് തോന്നിച്ചിടത്തുനിന്ന് മത്സരം തിരിച്ചത് മുഹമ്മദ് ഷമിയാണെന്ന് പറയാം. ഷമി സ്റ്റീവ് സ്മിത്തിനെ ക്ലീന്‍ബൗള്‍ഡാക്കിയതോടെ ഓസീസ് സമ്മര്‍ദ്ദത്തിലായി. നിര്‍ണ്ണായക സമയത്ത് അലക്‌സ് ക്യാരിയെ നേരിട്ടുള്ള ത്രോയില്‍ ശ്രേയസ് അയ്യര്‍ റണ്ണൗട്ടാക്കി. നായകനെന്ന നിലയില്‍ രോഹിത് ശര്‍മ വരുത്തിയ ബൗളിങ് മാറ്റങ്ങളും ഫീല്‍ഡിങ് വിന്യാസവും മത്സരത്തില്‍ ഇന്ത്യക്ക് വളരെയധികം ഗുണം ചെയ്തുവെന്ന് തന്നെ പറയാം.