ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയുടെ ഫൈനലില്‍ ഇന്ത്യ-ന്യൂസീലന്‍ഡിനെ നേരിടാന്‍ പോവുകയാണ്. ഒമ്പതാം തീയ്യതി ദുബായിലാണ് മത്സരം. ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തില്‍ ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ചിരുന്നു. ഈ ആത്മവിശ്വാസം ഫൈനലില്‍ ഇന്ത്യയെ തുണക്കുമെന്ന് തന്നെ കരുതാം. ഇന്ത്യ ഇത്തവണ തോല്‍വി അറിയാതെയാണ് ഫൈനലില്‍ എത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ വലിയ കിരീട പ്രതീക്ഷയിലാണ് ഇപ്പോള്‍ രോഹിത്തും സംഘവും.
സെമിയില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചപ്പോള്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചാണ് ന്യൂസീലന്‍ഡ് ഫൈനല്‍ സീറ്റ് നേടിയത്. രണ്ട് ടീമും തുല്യ ശക്തികളായതിനാല്‍ പോരാട്ടം കടുക്കുമെന്നുറപ്പാണ്. കൂടുതല്‍ പ്രമുഖരും ഇന്ത്യ കിരീടം നേടുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. ഇന്ത്യയുടെ സ്പിന്‍ കരുത്തിനെ മറികടക്കുക ന്യൂസീലന്‍ഡിന് പ്രയാസമാണെന്നാണ് എല്ലാവരും പറയുന്നത്. എന്നാല്‍ ഇന്ത്യയുടെ മോഹങ്ങള്‍ തകര്‍ത്ത് ന്യൂസീലന്‍ഡ് കപ്പ് നേടാന്‍ സാധ്യത കൂടുതലാണ്.
ഇത് പറയാന്‍ ചില പ്രധാന കാരണമുണ്ട്. മുന്‍ കണക്കുകള്‍ നോക്കുമ്പോഴും നോക്കൗട്ട് ഫൈനലുകളില്‍ ഇന്ത്യക്കെതിരേ ന്യൂസീലന്‍ഡിന് മുന്‍തൂക്കമുണ്ട്. ഇന്ത്യ-കിവീസ് മുന്‍ കണക്കുകള്‍ പരിശോധിക്കാം.
ഫൈനലില്‍ ഇന്ത്യയെ രണ്ട് തവണയും തോല്‍പ്പിച്ചു
ഐസിസി ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഇത് മൂന്നാം തവണയാണ് ഇന്ത്യയും ന്യൂസീലന്‍ഡും നേരിടാന്‍ പോകുന്നത്. ഇതിന് മുമ്പ് രണ്ട് തവണയും ഫൈനലില്‍ ഏറ്റുമുട്ടിയപ്പോള്‍ ജയം കിവീസിനായിരുന്നു. 2000ലെ ഐസിസി നോക്കൗട്ട് ഫൈനലിലാണ് ഇരു കൂട്ടരും ആദ്യമായി ഫൈനലില്‍ നേരിട്ടത്. ഈ മത്സരത്തില്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ ന്യൂസീലന്‍ഡിന് സാധിച്ചിരുന്നു. സൗരവ് ഗാംഗുലിക്ക് കീഴില്‍ ഇറങ്ങിയ ഇന്ത്യയെ സ്റ്റീഫന്‍ ഫ്‌ളമിങ്ങിന്റെ ന്യൂസീലന്‍ഡ് തോല്‍പ്പിക്കുകയായിരുന്നു.

265 റണ്‍സ് വിജയലക്ഷ്യം വെച്ചിട്ടും ക്രിസ് കെയ്ന്‍സിന്റെ സെഞ്ച്വറിക്കരുത്തില്‍ കിവീസ് ജയിച്ചു. ഇതിന് ശേഷം 2021ലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലാണ് ഇന്ത്യയും ന്യൂസീലന്‍ഡും വീണ്ടും ഫൈനലിലെത്തിയത്. ഈ മത്സരത്തിലും ഇന്ത്യയെ തോല്‍പ്പിക്കാന്‍ കിവീസിനായി. ഇതിന് ശേഷം ഇപ്പോഴാണ് ഇന്ത്യയും ന്യൂസീലന്‍ഡും വീണ്ടും നേര്‍ക്കുനേര്‍ പോരടിക്കുന്നത്. ഇത്തവണയും ഭാഗ്യം കിവീസിനൊപ്പം നില്‍ക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.
കിവീസ് താരങ്ങള്‍ മിന്നും ഫോമില്‍
ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യക്കെതിരായ ന്യൂസീലന്‍ഡിന്റെ പ്രകടനത്തിനെതിരേ വലിയ ആക്ഷേപം ഉയര്‍ന്നിരുന്നു. ന്യൂസീലന്‍ഡിന് സെമിയില്‍ ദക്ഷിണാഫ്രിക്കയെ ലഭിക്കാന്‍ ഇന്ത്യയോട് മനപ്പൂര്‍വ്വം തോറ്റതാണെന്നുവരെ ആക്ഷേപങ്ങളുണ്ടായിരുന്നു. ഇന്ത്യക്കെതിരായ ന്യൂസീലന്‍ഡിന്റെ പ്രകടനത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമായ പ്രകടനമാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ കിവീസ് കാഴ്ചവെച്ചത്. ന്യൂസീലന്‍ഡിന്റെ ബാറ്റിങ് നിര വീണ്ടും ഫോമിലേക്കെത്തിയിരിക്കുകയാണ്.
ടീമിലെ സൂപ്പര്‍ താരങ്ങളെല്ലാം മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്. കെയ്ന്‍ വില്യംസണും രചിന്‍ രവീന്ദ്രയും മിന്നും ഫോമിലാണുള്ളത്. ഫിനിഷര്‍മാരായി ഗ്ലെന്‍ ഫിലിപ്‌സും മിച്ചല്‍ ബ്രാസ് വെല്ലുമുണ്ട്. രണ്ട് പേരും തകര്‍ത്തടിച്ച് കളിക്കുന്നുണ്ട്. കൂടാതെ ഇന്ത്യയുടെ സ്പിന്‍ ആക്രമണത്തിന് അതേ നാണയത്തില്‍ മറുപടി നല്‍കാന്‍ കിവീസിന്റെ സ്പിന്‍ നിരക്ക് സാധിക്കുന്നുണ്ട്. മിച്ചല്‍ സാന്റ്‌നര്‍ക്കൊപ്പം ഗ്ലെന്‍ ഫിലിപ്‌സ്, ബ്രാസ് വെല്‍, രചിന്‍ രവീന്ദ്ര എന്നിവരെല്ലാം പാര്‍ട്ട് ടൈം സ്പിന്നുകൊണ്ട് കസറുന്നു. ഇതെല്ലാം ഇന്ത്യക്ക് വലിയ വെല്ലുവിളിയാണ്.
കിവീസ് വെല്ലുവിളി ഇന്ത്യ മറികടക്കുമോ
ന്യൂസീലന്‍ഡ് വെല്ലുവിളി മറികടക്കാന്‍ ഇന്ത്യക്ക് സീനിയര്‍ താരങ്ങള്‍ ഫോമിലേക്കെത്തേണ്ടത് അത്യാവശ്യമാണെന്ന് പറയാം. രോഹിത് ശര്‍മ, വിരാട് കോലി, ശ്രേയസ് അയ്യര്‍, ശുബ്മാന്‍ ഗില്‍ എന്നിവരുടെ പ്രകടനം ഇന്ത്യക്ക് വളരെ നിര്‍ണ്ണായകമാണ്. ഇന്ത്യയുടെ സ്പിന്‍ നിരയുടെ പ്രകടനവും വളരെ പ്രധാനപ്പെട്ടതാണ്. നാല് സ്പിന്നര്‍മാരെ ഉപയോഗിച്ചാണ് ഇന്ത്യ തന്ത്രം മെനയുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഈ തന്ത്രത്തിലൂടെ ഇന്ത്യ ജയം നേടി. എന്നാല്‍ ഫൈനലില്‍ ഈ തന്ത്രം ഇന്ത്യക്ക് ഗുണം ചെയ്യുമോയെന്നതാണ് കണ്ടറിയേണ്ടത്. വലിയ മത്സരങ്ങളില്‍ ന്യൂസീലന്‍ഡിന് മുന്‍തൂക്കമുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് കാര്യങ്ങള്‍ പ്രയാസമാണെന്ന് നിസംശയം പറയാം.