ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഓസ്‌ട്രേലിയയെ തകര്‍ത്ത് ഇന്ത്യ ഫൈനല്‍ സീറ്റ് നേടിയെടുത്തിരിക്കുകയാണ്. നാല് വിക്കറ്റിനാണ് ഇന്ത്യ കംഗാരുക്കളെ നാണംകെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 264 റണ്‍സിന് പുറത്തായപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 11 പന്ത് ബാക്കിയാക്കിയാണ് വിജയം നേടിയത്. വിരാട് കോലി 84 റണ്‍സുമായി ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. ശ്രേയസ് അയ്യര്‍ 45 റണ്‍സും കെ എല്‍ രാഹുല്‍ പുറത്താവാതെ 42 റണ്‍സും നേടി ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണായക പങ്കും വഹിച്ചു.
ഓസ്‌ട്രേലിയയുടെ പേസ് നിരയുടെ ദൗര്‍ബല്യത്തെ നന്നായി മുതലാക്കി ജയിക്കാന്‍ ഇന്ത്യക്ക് സാധിച്ചു. ഇന്ത്യയുടെ ബാറ്റിങ് നിരയുടെ പ്രകടനത്തെയാണ് എല്ലാവരും വാഴ്ത്തുന്നത്. വിരാട് കോലി വീണ്ടും ഇന്ത്യയുടെ മാച്ച് വിന്നറായി മാറുന്നതാണ് കണ്ടത്. ശ്രേയസ് അയ്യരുടേയും കെ എല്‍ രാഹുലിന്റേയും പ്രകടനവും ഹാര്‍ദിക് പാണ്ഡ്യയുടെ കാമിയോയും എല്ലാവരും പ്രശംസിക്കുകയാണ്. എന്നാല്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണായകമായത് മറ്റൊരാളാണെന്ന് പറയാം.
അത് മുഹമ്മദ് ഷമിയാണ്. എന്നാല്‍ ഷമിക്ക് അര്‍ഹിച്ച പ്രശംസ ലഭിക്കുന്നില്ലെന്ന് തന്നെ പറയാം. ഓസ്‌ട്രേലിയയുടെ എല്ലാ പ്രതീക്ഷകളേയും തകര്‍ത്ത് മത്സരം ഇന്ത്യക്ക് അനുകൂലമാക്കിയത് ഷമിയാണെന്ന് നിസംശയം പറയാം.
സ്മിത്തിനെ പുറത്താക്കി കളി തിരിച്ചു
ഒരു ഘട്ടത്തില്‍ ഓസ്‌ട്രേലിയ 300ന് മുകളിലേക്ക് പോകുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. സ്റ്റീവ് സ്മിത്ത്, അലക്‌സ് ക്യാരി കൂട്ടുകെട്ട് ഇന്ത്യക്ക് വലിയ തലവേദനയായി മാറുകയായിരുന്നു. ഈ സമയത്താണ് സ്റ്റീവ് സ്മിത്തിനെ ഷമി ക്ലീന്‍ബൗള്‍ഡ് ചെയ്യുന്നത്. ഇന്ത്യയുടെ സ്പിന്നര്‍മാരെ മനോഹരമായി നേരിട്ട് ബൗണ്ടറികളിലൂടെ റണ്‍സുയര്‍ത്താന്‍ സ്മിത്തിന് സാധിച്ചിരുന്നു. ഈ സമയത്ത് ഇന്ത്യന്‍ ബൗളര്‍മാരെല്ലാം വളരെ സമ്മര്‍ദ്ദത്തിലായി.

നായകന്‍ രോഹിത് ശര്‍മ മുഹമ്മദ് ഷമിക്ക് പന്തേല്‍പ്പിച്ചപ്പോള്‍ ചിന്തിച്ചത് എന്താണോ അത് നടപ്പിലാക്കാന്‍ ഷമിക്ക് സാധിച്ചു. സ്മിത്ത് സ്റ്റെപ്പ് ചെയ്ത് കളിക്കുന്നത് കണ്ടപ്പോള്‍ ഫുള്‍ട്ടോസ് എറിഞ്ഞ് ഷമി ഓസീസ് നായകനെ മടക്കുകയായിരുന്നു. ഈ വിക്കറ്റാണ് ഓസീസിന്റെ പ്രതീക്ഷകള്‍ തകര്‍ത്തത്. പിന്നാലെ ഗ്ലെന്‍ മാക്‌സ് വെല്ലിനേയും അലക്‌സ് ക്യാരിയേയുമെല്ലാം മടക്കാന്‍ ഇന്ത്യക്ക് സാധിച്ചു. സ്മിത്ത് ക്രീസില്‍ നിന്നിരുന്നെങ്കില്‍ ഓസീസിന്റെ സ്‌കോര്‍ 300ന് മുകളിലേക്ക് പോകാന്‍ സാധ്യത കൂടുതലായിരുന്നു.
പവര്‍പ്ലേയില്‍ ഓസീസിനെ വിറപ്പിക്കാന്‍ ഷമിക്കായി
ഓസ്‌ട്രേലിയയുടെ പവര്‍പ്ലേയിലെ പ്രകടനം വളരെ പ്രധാനപ്പെട്ടതാണ്. ട്രാവിസ് ഹെഡ് പവര്‍പ്ലേയില്‍ അതിവേഗം റണ്‍സുയര്‍ത്തുന്ന താരമാണ്. എന്നാല്‍ ആദ്യ ഓവറുകളില്‍ ഓസീസിനെ സമ്മര്‍ദ്ദത്തിലാക്കുന്ന ബൗളിങ് പ്രകടനമാണ് ഷമി കാഴ്ചവെച്ചത്. കൂപ്പര്‍ കൊനോലിയെന്ന യുവ ഓപ്പണറെ അക്കൗണ്ട് തുറക്കും മുമ്പ് മടക്കാനും ഷമിക്ക് സാധിച്ചു. നതാന്‍ എല്ലിസ് അവസാന സമയത്ത് ഒരു സിക്‌സറടക്കം പറത്തി. എന്നാല്‍ എല്ലിസിനേയും മടക്കാന്‍ ഷമിക്ക് സാധിച്ചു. മൂന്ന് വിക്കറ്റുകളാണ് ഷമി വീഴ്ത്തിയത്.
ഓസ്‌ട്രേലിയയുടെ സ്‌കോര്‍ 300ന് മുകളിലേക്ക് പോയിരുന്നെങ്കില്‍ ദുബായില്‍ പിന്തുടര്‍ന്ന് ജയിക്കാന്‍ യാതൊരു സാധ്യതയുമില്ലായിരുന്നു. എന്നാല്‍ ഇത്തരമൊരു സാഹചര്യത്തില്‍ നിന്ന് ഇന്ത്യയെ രക്ഷിച്ചത് ഷമിയുടെ ബൗളിങ് പ്രകടനമാണ്. എന്നാല്‍ ഷമിയെ അധികം ആരും പ്രശംസിച്ചില്ലെന്നതാണ് വസ്തുത. കോലിക്കും ശ്രേയസിനും രാഹുലിനും ലഭിച്ച കൈയടികള്‍ ഷമിയും അര്‍ഹിച്ചിരുന്നു. സെമിയില്‍ ഇന്ത്യയുടെ വാഴ്ത്തപ്പെടാത്ത ഹീറോയാണ് ഷമിയെന്ന് പറയാം.
സ്പിന്നര്‍മാരുടെ പ്രകടനം നിര്‍ണ്ണായകമായി
ഇന്ത്യ നാല് സ്പിന്നര്‍മാരെ കളിപ്പിക്കാനുള്ള തീരുമാനം സെമിയിലും വളരെ നിര്‍ണ്ണായകമായി. നായകനെന്ന നിലയില്‍ ഇവരെയെല്ലാം നന്നായി ഉപയോഗിക്കാന്‍ രോഹിത് ശര്‍മക്കുമായി. കുല്‍ദീപ് യാദവ് ഒഴികെ അക്ഷര്‍ പട്ടേലും വരുണ്‍ ചക്രവര്‍ത്തിയും രവീന്ദ്ര ജഡേജയുമെല്ലാം വിക്കറ്റ് നേടി. ഡെത്തോവറില്‍ അതിവേഗത്തില്‍ റണ്‍സുയര്‍ത്താനുള്ള ഓസീസിന്റെ തന്ത്രത്തെ തകര്‍ക്കാന്‍ ഇന്ത്യയുടെ സ്പിന്നര്‍മാര്‍ക്ക് സാധിച്ചുവെന്ന് നിസംശയം പറയാം.