ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയുടെ രണ്ടാം സെമിയില്‍ ന്യൂസീലന്‍ഡിനോട് തോറ്റ് ദക്ഷിണാഫ്രിക്ക പുറത്തായിരിക്കുകയാണ്. ചാമ്പ്യന്‍സ് ട്രോഫിയിലെ നോക്കൗട്ട് മത്സരത്തിലെ ഏറ്റവും ഉയര്‍ന്ന ടോട്ടലായ 362 റണ്‍സാണ് ന്യൂസീലന്‍ഡ് അടിച്ചെടുത്തത്. മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക 9 വിക്കറ്റിന് 312 റണ്‍സാണ് നേടിയത്. ഇതോടെ 50 റണ്‍സിന്റെ വിജയത്തോടെ ന്യൂസീലന്‍ഡ് ഫൈനല്‍ സീറ്റ് നേടിയപ്പോള്‍ ദക്ഷിണാഫ്രിക്ക പുറത്താവുകയും ചെയ്തു.
ദക്ഷിണാഫ്രിക്ക തോറ്റതോടെ ഫൈനലില്‍ ഇന്ത്യക്കെതിരാളികളായി ന്യൂസീലന്‍ഡ് എത്തിയിരിക്കുകയാണ്. ഇന്ത്യ കലാശപ്പോരില്‍ ദക്ഷിണാഫ്രിക്കയെയാണ് ആഗ്രഹിച്ചിരുന്നത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ന്യൂസീലന്‍ഡിനെയാണ് ഇന്ത്യക്ക് കിരീട പോരാട്ടത്തില്‍ നേരിടേണ്ടത്. ദക്ഷിണാഫ്രിക്കയ്ക്കായി ഡേവിഡ് മില്ലര്‍ വെടിക്കെട്ട് സെഞ്ച്വറിയോടെ ക്രീസില്‍ തുടര്‍ന്നെങ്കിലും വിജയത്തിലേക്കെത്താന്‍ സാധിക്കാതെ പോയി. ഇപ്പോഴിതാ ദക്ഷിണാഫ്രിക്കയുടെ തോല്‍വിക്ക് പിന്നാലെ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ടെംബ ബാവുമയെ വിമര്‍ശിക്കുകയാണ് ഇന്ത്യന്‍ ആരാധകര്‍. ബാവുമയാണ് ദക്ഷിണാഫ്രിക്കയുടെ വില്ലനെന്നാണ് ഇന്ത്യന്‍ ആരാധകര്‍ വിമര്‍ശിക്കുന്നത്.
കളി തോല്‍പ്പിച്ചത് ബാവുമയുടെ പ്രകടനം
ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചത് ക്യാപ്റ്റന്‍ ടെംബ ബാവുമയാണെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്. 363 എന്ന വമ്പന്‍ സ്‌കോര്‍ പിന്തുടരുമ്പോള്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് ആക്രമിച്ചുള്ള തുടക്കമാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഓപ്പണറായി ഇറങ്ങിയ ക്യാപ്റ്റന്‍ ടെംബ ബാവുമ നിരാശപ്പെടുത്തുന്ന സ്‌ട്രൈക്ക് റേറ്റിലാണ് കളിച്ചത്. പവര്‍പ്ലേയിലടക്കം ബാറ്റ് ചെയ്ത ബാവുമ 71 പന്തില്‍ 56 റണ്‍സാണ് നേടിയത്. നാല് ഫോറും ഒരു സിക്‌സുമാണ് താരം നേടിയത്.
പവര്‍പ്ലേയിലടക്കം ബാറ്റ് ചെയ്തിട്ടും ഇത് മുതലാക്കുന്ന പ്രകടനം നടത്താന്‍ ബാവുമക്ക് സാധിക്കാതെ പോയി. ബാവുമ പാഴാക്കിയ പന്തുകള്‍ ഉണ്ടായിരുന്നെങ്കില്‍ ഡേവിഡ് മില്ലര്‍ ദക്ഷിണാഫ്രിക്കയെ ജയിപ്പിക്കുമായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ പ്രതിരോധിച്ച് കളിച്ച് നേരത്തെ തന്നെ തോല്‍വി ഉറപ്പിക്കുന്ന പ്രകടനമാണ് ബാവുമ നടത്തിയതെന്നും ക്യാപ്റ്റന്‍ തന്നെ ടീമിന്റെ വില്ലനായെന്നുമാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്.

മില്ലറുടെ വെടിക്കെട്ടിന് കൈയടി
ദക്ഷിണാഫ്രിക്കയുടെ തോല്‍വിക്കിടയിലും ടീമിന് ആശ്വാസമായത് ഡേവിഡ് മില്ലറുടെ തകര്‍പ്പന്‍ പ്രകടനമാണ്. 67 പന്തില്‍ 10 ഫോറും നാല് സിക്‌സും ഉള്‍പ്പെടെ 100 റണ്‍സോടെ മില്ലര്‍ പുറത്താവാതെ നിന്നു. മൂന്നോ നാലോ ഓവര്‍ കൂടി ലഭിച്ചിരുന്നെങ്കില്‍ ടീമിന് അത്ഭുത ജയം നേടിക്കൊടുക്കാന്‍ ചിലപ്പോള്‍ മില്ലറിന് സാധിക്കുമായിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കയുടെ മറ്റ് പ്രധാന താരങ്ങള്‍ക്കൊന്നും കാര്യമായ പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കാതെ പോയതാണ് ടീമിനെ നിരാശപ്പെടുത്തിയത്.
ഇതില്‍ ഹെന്‍ റിച്ച് ക്ലാസന് ശോഭിക്കാന്‍ സാധിക്കാതെ പോയതാണ് പ്രധാന പ്രശ്‌നം. വെടിക്കെട്ട് താരം ഏഴ് പന്ത് നേരിട്ട് മൂന്ന് റണ്‍സെടുത്താണ് പുറത്തായത്. ഈ വിക്കറ്റ് ദക്ഷിണാഫ്രിക്കയുടെ തോല്‍വിയില്‍ നിര്‍ണ്ണായകമായി മാറി. പിച്ചിലെ സ്ലോ മനസിലാക്കി മധ്യ ഓവറുകളില്‍ സ്പിന്നര്‍മാരെ ഉപയോഗിച്ച ന്യൂസീലന്‍ഡിന്റെ തന്ത്രം ഫലം കാണുകയായിരുന്നു. എന്തായാലും മില്ലറുടെ വെടിക്കെട്ട് ദക്ഷിണാഫ്രിക്കയുടെ തോല്‍വിക്കിടയിലും ആരാധകര്‍ക്ക് ആശ്വാസമായി.
ദക്ഷിണാഫ്രിക്ക തോറ്റതില്‍ ഇന്ത്യക്ക് നിരാശ
ദക്ഷിണാഫ്രിക്കയുടെ തോല്‍വിയില്‍ ഏറ്റവും നിരാശപ്പെടുന്നത് ഇന്ത്യന്‍ ആരാധകരാണെന്ന് പറയാം. ഇന്ത്യ ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ പ്രതീക്ഷിച്ചിരിക്കവെയാണ് ന്യൂസീലന്‍ഡെത്തുന്നത്. കിവീസിനെ ഫൈനലില്‍ കീഴടക്കുകയെന്നത് ഇന്ത്യയെ സംബന്ധിച്ച് അല്‍പ്പം കൂടി പ്രയാസമുള്ള കാര്യമാണ്. ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തില്‍ ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ചിരുന്നു.
എന്നാല്‍ ഫൈനലില്‍ ഇത്തരമൊരു ജയം നേടിയെടുക്കുക ഇന്ത്യക്ക് കടുപ്പമായിരിക്കും. ന്യൂസീലന്‍ഡ് ബാറ്റിങ് നിരയും സ്പിന്നര്‍മാരും ഫോമിലേക്കെത്തിയത് ഇന്ത്യക്ക് വലിയ വെല്ലുവിളിയാണെന്ന് പറയാം. കിവീസ് വെല്ലുവിളി മറികടന്ന് ഇന്ത്യ കപ്പിലേക്കെത്തുമോയെന്നത് കാത്തിരുന്ന് കാണാം.