ഇന്ത്യന്‍ ടീമിന്റെ എക്‌സ് ഫാക്ടറെന്നു ചൂണ്ടിക്കാണിക്കപ്പെട്ടിട്ടും ഇടംകൈയന്‍ ബാറ്ററും വിക്കറ്റ് കീപ്പറുമായ റിഷഭ് പന്ത് ചാംപ്യന്‍സ് ട്രോഫിയില്‍ ബെഞ്ചിലിരുന്ന് കളി കാണുകയാണ്. അദ്ദേഹത്തിനു പകരം കെഎല്‍ രാഹുലിനെയാണ് ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്‍ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറാക്കിയിരിക്കുന്നത്. ബംഗ്ലാദേശുമായുള്ള ആദ്യ കളിയില്‍ വിക്കറ്റ് കാത്ത രാഹുല്‍ തുടര്‍ന്നുള്ള മല്‍സരങ്ങളിലും ഇതേ റോളില്‍ തുടരുമെന്നും ഉറപ്പായിരിക്കുകയാണ്.
നേരത്തേ ഇംഗ്ലണ്ടുമായി നാട്ടില്‍ നടന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലും രാഹുല്‍ തന്നെയാണ് വിക്കറ്റ് കാത്തത്. തനിക്കു അവസരം നല്‍കാതെ ഗംഭീര്‍ നിരന്തരം അവഗണിക്കുന്നതില്‍ റിഷഭിന് അതൃപ്തിയും രോഷവമുണ്ടെന്നു റിപ്പോര്‍ട്ടുകളും വന്നിരുന്നു. എന്തുകൊണ്ടാണ് ഏകദിനത്തില്‍ റിഷഭിനു പകരം രാഹുലിന് ഗംഭീര്‍ മുന്‍തൂക്കം നല്‍കുന്നത് എന്നതിന്റെ കാരണം ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി.

എന്തുകൊണ്ട് രാഹുല്‍ ?
റിഷഭ് പന്തിനെ തഴഞ്ഞ് കെഎല്‍ രാഹുലിനു ഏകദിനത്തില്‍ വിക്കറ്റ് കീപ്പിങ് ചുമതല നല്‍കിയതിനു പിന്നില്‍ വ്യക്തമായ കാരണമുണ്ടെന്നാണ് സൗരവ് ഗാംഗുലിയുടെ അഭിപ്രായം. പിടിഐയോടു സംസാരിക്കുകയായിരുന്നു ദാദ. നമ്മുടേത് വളരെ ശക്തമായിട്ടുള്ള ഒരു ടീമാണ്. പ്രത്യേകിച്ചും ബാറ്റിങില്‍ ഇന്ത്യയുടെ കരുത്ത് എടുത്തു പറയേണ്ടതു തന്നെയാണ്. റിഷഭ് പന്ത് വളരെ മികച്ച കളിക്കാരനാണ്.
പക്ഷെ ഏകദിനത്തില്‍ കെഎല്‍ രാഹുലിന്റെയും നമ്പറുകള്‍ അതിശയിപ്പിക്കുന്നതാണ്. റിഷഭിനു പകരം രാഹുലിനെ ഏകദിനത്തില്‍ ഗംഭീര്‍ കൂടുതല്‍ പിന്തുണയ്ക്കാനുള്ള കാരണവും ഇതായിരിക്കുമെന്നു ഗാംഗുലി വ്യക്തമാക്കി.
ഏകദിനത്തിലെ കണക്കുകള്‍
ഏകദിന ക്രിക്കറ്റില്‍ ബാറ്റിങില്‍ ഇതുവരെയുള്ള കണക്കുകള്‍ നോക്കിയാല്‍ റിഷഭ് പന്തിനേക്കാള്‍ മുകളിലാണ് കെഎല്‍ രാഹുലെന്നു കാണാന്‍ കഴിയും. 81 ഏകദിനങ്ങളിലാണ് രാഹുല്‍ ഇതിനകം കളിച്ചിട്ടുള്ളത്. ഓപ്പണിങ് മുതല്‍ ഏഴാം നമ്പറില്‍ വരെ അദ്ദേഹം ബാറ്റ് ചെയ്തു കഴിഞ്ഞു.
48.26 ശരാശരിയില്‍ 87.74 സ്‌ട്രൈക്ക് റേറ്റില്‍ 2944 റണ്‍സാണ് രാഹുലിന്റെ സമ്പാദ്യം. ഏഴു സെഞ്ച്വറികളും 18 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. ഉയര്‍ന്ന സ്‌കോര്‍ 112 റണ്‍സുമാണ്. ആങ്കറായും അതിവേഗം സ്‌കോര്‍ ചെയ്യേണ്ട സന്ദര്‍ഭങ്ങളില്‍ ബാറ്റിങിലെ ഗിയര്‍ മാറ്റിയും രാഹുല്‍ പല ശ്രദ്ധേയമായ പ്രകടനങ്ങളും നടത്തിയിട്ടുണ്ട്.

മറുഭാഗത്തു ഏകദിനത്തില്‍ റിഷഭിന്റെ റെക്കോര്‍ഡ് അത്രത്തോളം മികച്ചതല്ല. 31 മല്‍സരങ്ങളില്‍ നിന്നും 33.50 ശരാശരിയില്‍ 106.2 സ്‌ട്രൈക്ക് റേറ്റില്‍ 871 റണ്‍സാണ് അദ്ദേഹത്തിനു ഇതിനകം നേടാനായത്. ഒരു സെഞ്ച്വറിയും അഞ്ചു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.
റിഷഭിന്റെ അഗ്രസീവ് സമീപനവും ബാറ്റിങിലെ ഒഴുക്കുമെല്ലാം തള്ളിക്കളയാന്‍ സാധിക്കാത്ത കാര്യമാണ്. എന്നാല്‍ കൂടുതല്‍ മെച്ചപ്പെട്ട ശരാശരിയും പ്രതിസന്ധി ഘട്ടങ്ങളില്‍ ആശ്രയിക്കാവുന്ന ബാറ്ററാണെതും രാഹുലിനെ ഒരുപടി മുകളില്‍ നിര്‍ത്തുന്നു.
അതേസമയം, ഗംഭീര്‍ കോച്ചായതിനു ശേഷം രാഹുലിനു അദ്ദേഹത്തിന്റെ ഫേവറിറ്റ് പൊസിഷനായ അഞ്ചാം നമ്പര്‍ നല്‍കുന്നില്ലെന്നതു വിമര്‍ശനങ്ങള്‍ക്കു വഴിയൊരുക്കുന്നുണ്ട്. ഇന്ത്യയുടെ ടോപ്പ് ഫൈവില്‍ ഒരു ഇടംകൈന്‍ ബാറ്റര്‍ പോലുമില്ലെന്നതിനാല്‍ അക്ഷര്‍ പട്ടേലിനെ ആദ്യ അഞ്ചിലേക്കു ഗംഭീര്‍ പ്രൊമോട്ട് ചെയ്തിരിക്കുകയാണ്.
ഇംഗ്ലണ്ടുമായുള്ള കഴിഞ്ഞ പരമ്പരയിലും ബംഗ്ലാദേശിനെതിരായ ആദ്യ കളിയിലുമെല്ലാം അദ്ദേഹം ഇതു തുടരുകയും ചെയ്തു. ആറിലേക്കു മാറ്റപ്പെട്ടതിനു ശേഷം രാഹുലിനു ബാറ്റിങില്‍ പഴയതു പോലെ തിളങ്ങാനും സാധിക്കുന്നില്ല. ടോപ്പ് ഫൈവില്‍ നിന്നും പുറത്തായതിനു ശേഷം ഒരു ഫിഫ്റ്റി പോലും രാഹുലിനു നേടാനായില്ലെന്നതും എടുത്തു പറയേണ്ടതാണ്.