ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ന്യൂസീലന്‍ഡ് ഇന്ത്യയോട് തോറ്റിരിക്കുകയാണ്. ഗ്രൂപ്പ് ചാമ്പ്യന്മാരാകാന്‍ സാധിക്കുന്ന മത്സരത്തില്‍ ഇന്ത്യയോട് 44 റണ്‍സിനാണ് ന്യൂസീലന്‍ഡ് തോറ്റത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 249 റണ്‍സിലേക്കൊതുക്കാന്‍ ന്യൂസീലന്‍ഡ് ബൗളര്‍മാര്‍ക്കായി. എന്നാല്‍ മറുപടിക്കിറങ്ങിയ ന്യൂസീലന്‍ഡ് 45.3 ഓവറില്‍ 205 റണ്‍സില്‍ കൂടാരം കയറുകയായിരുന്നു. അനായാസം കിവീസ് ജയിക്കേണ്ട കളി ഇന്ത്യന്‍ ബൗളര്‍മാരുടെ മികവില്‍ പിടിച്ചെടുക്കുകയായിരുന്നു.
വരുണ്‍ ചക്രവര്‍ത്തിയുടെ സ്പിന്‍ മികവാണ് എടുത്തു പറയേണ്ടത്. അഞ്ച് വിക്കറ്റുമായി ന്യൂസീലന്‍ഡിന്റെ അന്തകനായത് വരുണാണ്. ദുബായ് പിച്ചിലെ വരുണിന്റെ മികവ് കൃത്യമായി മുതലാക്കാന്‍ ഇന്ത്യക്ക് സാധിച്ചു. ഇതോടെ ന്യൂസീലന്‍ഡിന്റെ പേരുകേട്ട ബാറ്റിങ് നിര കറങ്ങി വീണു. ഇന്ത്യയുടെ സ്പിന്നര്‍മാര്‍ ചേര്‍ന്ന് ഒമ്പത് വിക്കറ്റുകളാണ് വീഴ്ത്തിയത്. കിവീസിനെ തോല്‍പ്പിച്ചതോടെ ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാരായി മാറിയിരിക്കുകയാണ്.
ഗ്രൂപ്പില്‍ തോല്‍വി അറിയാത്ത ഇന്ത്യ വലിയ ആവേശത്തോടെയാണ് ചാമ്പ്യന്‍സ് ട്രോഫി സെമിക്ക് തയ്യാറെടുക്കുന്നത്. എന്നാല്‍ ഇപ്പോഴിതാ ഇന്ത്യ ന്യൂസീലന്‍ഡിനോട് നേടിയ ജയത്തില്‍ അധികം സന്തോഷിക്കേണ്ടെന്നും കിവീസിന്റെ തോല്‍വി ചതിയാണെന്നും ആരോപിച്ചിരിക്കുകയാണ് ഒരു വിഭാഗം ആരാധകര്‍.
കിവീസിന്റെ തോല്‍വിയോടെ ഇന്ത്യ ഓസീസ് കെണിയില്‍
സെമിയില്‍ ഇന്ത്യക്ക് നേരിടേണ്ടി വരിക ഓസ്‌ട്രേലിയയെയാണ്. ദക്ഷിണാഫ്രിക്കയാണ് ന്യൂസീലന്‍ഡിന്റെ എതിരാളി. സെമിയില്‍ ഇന്ത്യക്ക് ഓസ്‌ട്രേലിയയെ ലഭിക്കാന്‍ ന്യൂസീലന്‍ഡ് മനപ്പൂര്‍വ്വം തോറ്റതാണെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. ജയിക്കാന്‍ താല്‍പര്യമുള്ള ബാറ്റിങ് പ്രകടനമല്ല കിവീസ് നടത്തിയതെന്നാണ് ചില തെളിവുകളടക്കം ചൂണ്ടിക്കാട്ടി ആരാധകര്‍ അഭിപ്രായപ്പെടുന്നത്. ന്യൂസീലന്‍ഡ് മുന്‍ നായകനും സൂപ്പര്‍ താരവുമായ കെയ്ന്‍ വില്യംസണ്‍ പുറത്തായതാണ് ഇവര്‍ ഉയര്‍ത്തിക്കാട്ടുന്നത്.

വില്യംസണ്‍ സെഞ്ച്വറിയോടടുത്ത് ക്രീസില്‍ തുടരുകയായിരുന്നു. ഈ സമയത്താണ് അക്ഷര്‍ പട്ടേലിന്റെ പന്തില്‍ ക്രീസില്‍ നിന്ന് കയറിക്കളിച്ച് സ്റ്റംപിങ്ങിലൂടെ പുറത്താവുന്നത്. പന്ത് ബാറ്റില്‍ കണക്ട് ആവാതെ ഇരുന്നതോടെ തിരിഞ്ഞുപോലും നോക്കാതെയാണ് വില്യംസണ്‍ മടങ്ങിയത്. വില്യംസണെപ്പോലൊരു സീനിയര്‍ താരം ഇത്രയും നിര്‍ണ്ണായക സമയത്ത് ഇത്തരമൊരു മണ്ടത്തരം കാട്ടില്ല. ഇതിന് കാരണം കിവീസിന് ജയിക്കാനുള്ള താല്‍പര്യക്കുറവാണെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.
ഓസീസിനെ നേരിടാന്‍ ഭയം
എല്ലാ ടീമുകള്‍ക്കും സെമി ഫൈനലില്‍ ഓസ്‌ട്രേലിയയെ നേരിടാന്‍ ഭയമാണ്. ഓസ്‌ട്രേലിയ കരുത്തരുടെ നിരയാണെന്ന് മാത്രമല്ല വലിയ മത്സരങ്ങള്‍ ജയിക്കാന്‍ പ്രത്യേക കഴിവുമുണ്ട്. അതുകൊണ്ടുതന്നെ സെമിയില്‍ ഓസ്‌ട്രേലിയയെ നേരിടാന്‍ എല്ലാവരും ഭയപ്പെടും. ഇന്ത്യയോട് കിവീസ് തോറ്റതോടെ സെമിയില്‍ ദക്ഷിണാഫ്രിക്കയാണ് എതിരാളികളാവുന്നത്. ഇന്ത്യ ഓസ്‌ട്രേലിയയേയും നേരിടും. ഇന്ത്യയും ഓസീസും സെമിയില്‍ ഏറ്റുമുട്ടുമ്പോള്‍ ഏതെങ്കിലും ഒരു വമ്പന്മാരെ ഫൈനലിലെത്തൂ.
ഓസ്‌ട്രേലിയയുടെ വെല്ലുവിളി മറികടക്കുക ന്യൂസീലന്‍ഡിന് പ്രയാസമാണെന്നാണ് ചരിത്രം വ്യക്തമാക്കുന്നത്. നിലവില്‍ ഓസീസ് പേസ് നിര അല്‍പ്പം ദുര്‍ബലമാണ്. എന്നാല്‍ ബാറ്റിങ് കരുത്തിലൂടെയും മികച്ച ക്യാപ്റ്റന്‍സിയിലൂടെയും സ്റ്റീവ് സ്മിത്ത് ടീമിനെ മുന്നോട്ട് കൊണ്ടുപോകുന്നത്. അതുകൊണ്ടുതന്നെ എതിരാളികള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്. എന്തായാലും ഓസ്‌ട്രേലിയയുടെ ഭീഷണിയില്‍ നിന്ന് തല്‍ക്കാലം തടിയൂരാന്‍ കിവീസിന് സാധിച്ചിട്ടുണ്ട്.
ഓസീസിനെ വീഴ്ത്തുക ഇന്ത്യക്ക് എളുപ്പമല്ല
ഗ്രൂപ്പില്‍ മൂന്ന് മത്സരവും ജയിച്ച ഇന്ത്യക്ക് സെമിയില്‍ ഓസീസ് കടമ്പ മറികടക്കുക വലിയ വെല്ലുവിളിയാണ്. ഇന്ത്യയെ ഇന്ത്യയില്‍ തോല്‍പ്പിച്ച് ലോകകപ്പ് കിരീടം നേടിയ ഓസീസിനോട് പകരം വീട്ടാനുറച്ചാവും രോഹിത് ശര്‍മയും സംഘവും ഇറങ്ങുക. എന്നാല്‍ കംഗാരുക്കള്‍ അവസാന നിമിഷംവരെ തോല്‍ക്കാന്‍ മനസില്ലാത്തവരുടെ നിരയാണ്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്ന കാര്യം ഉറപ്പാണ്. എന്തായാലും വലിയ വെല്ലുവിളിയാണ് ഇന്ത്യയെ കാത്തിരിക്കുന്നതെന്ന് നിസംശയം പറയാം.