ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലെ സെമി ചിത്രം വ്യക്തമായിരിക്കുകയാണ്. ഗ്രൂപ്പ് എയിലെ ചാമ്പ്യന്മാരായ ഇന്ത്യ ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായ ഓസ്‌ട്രേലിയയെ നേരിടും. ഗ്രൂപ്പ് ബിയിലെ ചാമ്പ്യന്മാരായ ദക്ഷിണാഫ്രിക്ക ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരായ ന്യൂസീലന്‍ഡിനോടും ഏറ്റുമുട്ടും. ഇന്ത്യയുടെ ഇത്തവണത്തെ കുതിപ്പ് ആരാധകര്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നതാണ്. ഗ്രൂപ്പില്‍ തോല്‍വി അറിയാതെയാണ് ഇന്ത്യയുടെ മുന്നേറ്റം.
കരുത്തരായ ന്യൂസീലന്‍ഡിനേയും ഇന്ത്യ തോല്‍പ്പിച്ചതിനാല്‍ സെമിയില്‍ ഓസീസിനെ തോല്‍പ്പിച്ച് ഇന്ത്യ ഫൈനല്‍ ടിക്കറ്റ് നേടുമെന്നാണ് കൂടുതല്‍ ആരാധകരും പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ പ്രകടനം ഒരു താരത്തെ ആശ്രയിച്ചല്ല എന്നതാണ് വലിയ ആശ്വാസം. ഓരോ മത്സരത്തിലും ഓരോ മാച്ച് വിന്നര്‍മാരെ സൃഷ്ടിക്കാന്‍ ഇന്ത്യക്ക് സാധിക്കുന്നുണ്ട്. ന്യൂസീലന്‍ഡിനെതിരേ വരുണ്‍ ചക്രവര്‍ത്തിയുടെ പ്രകടനമാണ് ഇന്ത്യക്ക് വിജയമൊരുക്കിയത്.
എന്നാല്‍ ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യ വിജയിക്കാന്‍ സാധ്യത കുറവാണെന്ന് പറയാം. ഓസ്‌ട്രേലിയയുടെ പേസ് കരുത്ത് ശക്തമല്ലെന്നത് വസ്തുതയാണ്. എന്നാല്‍ ഇന്ത്യയെക്കാള്‍ മുന്‍തൂക്കം ഇപ്പോഴും ഓസീസിന് അവകാശപ്പെടാം. ഇതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
ഓസീസിന്റെ ബാറ്റിങ് നിര ശക്തം
ഇന്ത്യക്കെതിരേ മികച്ച റെക്കോഡുള്ള ശക്തമായ ബാറ്റിങ് നിരയാണ് ഓസീസിന്റേത് എന്നതാണ് എടുത്തു പറയേണ്ടത്. സൂപ്പര്‍ താരങ്ങളുടെ നീണ്ട നിര ഓസീസിനൊപ്പം കാണാനാവും. ഇവരെല്ലാം ഇന്ത്യക്കെതിരേ കളിച്ച് മികച്ച റെക്കോഡുള്ളവരുമാണ് എന്നതാണ് എടുത്തു പറയേണ്ടത്. ട്രാവിസ് ഹെഡാണ് വലിയ ഭീഷണി. ഇന്ത്യന്‍ ബൗളര്‍മാരെ നേരിട്ട് ഹെഡിന് നല്ല പരിചയമുണ്ട്. താരത്തിന്റെ വെടിക്കെട്ട് ബാറ്റിങ് ഇന്ത്യക്ക് വലിയ തലവേദനയാണെന്ന് തന്നെ പറയാം. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ഹെഡിന് ശേഷിയുണ്ട്.

ഒറ്റക്ക് മത്സരഫലത്തെ മാറ്റിമറിക്കാന്‍ കഴിവുള്ള ഹെഡ് സ്പിന്നര്‍മാരെ നന്നായി നേരിടുന്ന താരമാണ്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ സ്പിന്‍ തന്ത്രം ഹെഡിനെതിരേ കാര്യമായി വിലപ്പോകില്ല. മാര്‍നസ് ലബ്യുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, ഗ്ലെന്‍ മാക്‌സ് വെല്‍, ജോഷ് ഇന്‍ഗ്ലിസ്, അലക്‌സ് ക്യാരി എന്നിവരെല്ലാം ഇന്ത്യയുടെ പ്രതീക്ഷ തെറ്റിക്കാന്‍ ശേഷിയുള്ള ബാറ്റ്‌സ്മാന്‍മാരാണ്. ദുബായിലെ പിച്ചില്‍ നേരത്തെ കളിച്ച് അനുഭവസമ്പത്തുള്ളവരാണ് ഓസീസ് നിരയില്‍ കൂടുതലുള്ളതെന്ന് പറയാം.
ഓള്‍റൗണ്ടര്‍മാരാല്‍ സമ്പന്നം
ഓസീസിന്റെ പേസ് നിര അല്‍പ്പം ദുര്‍ബലമാണെന്ന് പറയുമ്പോഴും ഒന്നിലധികം സ്പിന്‍ ബൗളര്‍മാരാല്‍ ഓസീസ് ടീം സമ്പന്നമാണ്. ഓസീസിന്റെ പാര്‍ട്ട് ടൈം ബൗളര്‍മാര്‍ ഇന്ത്യക്ക് വലിയ തലവേദന ഉയര്‍ത്താന്‍ ശേഷിയുള്ളവരാണ്. സ്‌പെന്‍സന്‍ ജോണ്‍സന്‍, ബെന്‍ ഡൗര്‍ഷ്യൂസ്, നതാന്‍ ഇല്ലിസ് എന്നിവര്‍ മികച്ച ബൗളര്‍മാര്‍ തന്നെയാണ്. ഇവരോടൊപ്പം സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി ആദം സാംബയുണ്ടാവും. ഗ്ലെന്‍ മാക്‌സ് വെല്‍, ട്രാവിസ് ഹെഡ്, മാര്‍നസ് ലബ്യുഷെയ്ന്‍ എന്നിവരെല്ലാം പാര്‍ട്ട് ടൈം സ്പിന്നര്‍മാരായി ശോഭിക്കും.
ഇവര്‍ക്കെല്ലാം ദുബായിലെ സാഹചര്യത്തില്‍ ശോഭിക്കാന്‍ കഴിവുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്. ഇന്ത്യയുടെ ടോപ് ഓഡര്‍ ബാറ്റ്‌സ്മാന്‍മാരെ തുടക്കത്തിലേ നഷ്ടമായാല്‍ കാര്യങ്ങള്‍ ഇന്ത്യക്ക് പ്രയാസമായിരിക്കും. ഇന്ത്യയെക്കാള്‍ കൂടുതല്‍ ബൗളര്‍മാര്‍ ഓസ്‌ട്രേലിയക്കൊപ്പമുണ്ട്. ഇത് നായകനെന്ന നിലയില്‍ സ്റ്റീവ് സ്മിത്തിന് കാര്യങ്ങള്‍ എളുപ്പമാക്കും. ഇന്ത്യയുടെ സീനിയര്‍ താരങ്ങളുടെ പ്രകടനം നിര്‍ണ്ണായകമാവുമെന്ന കാര്യം ഉറപ്പാണ്.
സ്റ്റീവ് സ്മിത്തിന്റെ ക്യാപ്റ്റന്‍സി
ഇന്ത്യക്ക് ഭീഷണിയാവുന്ന മറ്റൊരു കാര്യം സ്റ്റീവ് സ്മിത്തിന്റെ ക്യാപ്റ്റന്‍സിയാണ്. ഇന്ത്യയുടെ എല്ലാ താരങ്ങളേയും കൈവെള്ളയിലെ രേഖ പോലെ അറിയാവുന്ന താരമാണ് സ്മിത്ത്. സീനിയര്‍ താരമായ സ്മിത്തിനെ എങ്ങനെ രോഹിത്തിനേയും കോലിയേയും ഗില്ലിനേയും പൂട്ടണമെന്ന് നന്നായി അറിയാം. അതിനായുള്ള തന്ത്രം മെനഞ്ഞാവും സ്മിത്ത് ഇന്ത്യക്കെതിരേ ഇറങ്ങുകയെന്നുറപ്പ്. സ്മിത്തിന്റെ ക്യാപ്റ്റന്‍സി തന്ത്രങ്ങളെ മറികടക്കുകയെന്നത് ഇന്ത്യക്ക് മുന്നില്‍ വലിയ വെല്ലുവിളിയാണെന്ന് തന്നെ പറയാം.