ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലെ അഫ്ഗാനിസ്ഥാന്റെ സെമി മോഹങ്ങള്‍ അവസാനിച്ചിരിക്കുകയാണ്. സെമിയിലെത്താന്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരം ജയിക്കേണ്ടത് അഫ്ഗാന് വളരെ നിര്‍ണ്ണായകമായിരുന്നു. എന്നാല്‍ മഴമൂലം മത്സരം ഉപേക്ഷിക്കുകയായിരുന്നു. ഇതോടെ ഓസ്‌ട്രേലിയ സെമി ഉറപ്പിച്ചപ്പോള്‍ അഫ്ഗാന് നിരാശയോടെ മടങ്ങേണ്ടി വന്നു. ഇംഗ്ലണ്ടിനെ തകര്‍ത്തെറിഞ്ഞ പോരാട്ട വീര്യം അഫ്ഗാന് ഓസീസിനെതിരേ കാട്ടാനായില്ല.
അതിവേഗം റണ്‍സുയര്‍ത്തിയ ഓസ്്‌ട്രേലിയക്ക് മുന്നില്‍ അഫ്ഗാന്‍ താരങ്ങള്‍ പതറിയെന്നതാണ് വസ്തുത. പക്ഷെ തിരിച്ചുവരവ് നടത്താനും മികച്ച പോരാട്ടം നടത്താനുമുള്ള അവസരം അഫ്ഗാനുണ്ടായിരുന്നു. എന്നാല്‍ ഈ മോഹമാണ് മഴ തകര്‍ത്തത്. അഫ്ഗാനിസ്ഥാന്‍ സെമി കാണാതെ പുറത്തായതോടെ ഏറ്റവും നിരാശപ്പെടുത്തുന്നത് ഇന്ത്യയാണെന്ന് പറയാം. ഇതിന് ചില കാരണങ്ങളുണ്ട്. അത് എന്താണെന്ന് പരിശോധിക്കാം.
സെമിയില്‍ അഫ്ഗാനെ നേരിടേണ്ടി വരും
ഓസ്‌ട്രേലിയയെ അഫ്ഗാനിസ്ഥാന്‍ തോല്‍പ്പിച്ചിരുന്നെങ്കില്‍ സെമിയില്‍ അഫ്ഗാനെത്തുകയും ഓസീസ് പുറത്താവുകയും ചെയ്യുമായിരുന്നു. എന്നാല്‍ അഫ്ഗാനിസ്ഥാന്‍ നിരാശപ്പെടുത്തി പുറത്തായതോടെ ഇന്ത്യക്കാണ് പണികിട്ടത്. ദക്ഷിണാഫ്രിക്കയ്ക്ക് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാല്‍ സെമിയിലെത്താം. ഓസ്‌ട്രേലിയ തോറ്റാല്‍ ഇംഗ്ലണ്ടിനോട് തോറ്റാലും നെറ്റ് റണ്‍റേറ്റിന്റെ കരുത്തില്‍ അഫ്ഗാനൊപ്പം ദക്ഷിണാഫ്രിക്കയ്ക്ക് സെമിയിലെത്താമായിരുന്നു.
സെമിയില്‍ ഓസ്‌ട്രേലിയയെ നേരിടേണ്ട സാഹചര്യം ഒഴിവാക്കാനാണ് ഇന്ത്യന്‍ ടീം ആഗ്രഹിക്കുകയെന്നുറപ്പ്. ആരാധകര്‍ കൂടുതല്‍ ആഗ്രഹിക്കുന്നതും ഇതുതന്നെയാണ്. ഈ സാഹചര്യത്തില്‍ അഫ്ഗാനിസ്ഥാന്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിക്കണമെന്നായിരുന്നു ആരാധകര്‍ ആഗ്രഹിച്ചിരുന്നത്. എന്നാല്‍ സെമിയിലെത്താന്‍ സാധിക്കാതെ അഫ്ഗാന്‍ പുറത്തായതോടെ ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവരിലൊരാളെ ഇന്ത്യ നേരിടേണ്ടി വരുമെന്നുറപ്പാണ്. രണ്ട് ടീമായാലും ഇന്ത്യക്ക് വലിയ വെല്ലുവിളിയാവുമെന്നുറപ്പ്.

റാഷിദ് ഖാന്റെ പിഴവിന് വിമര്‍ശനം
മഴ പെയ്യാന്‍ സാധ്യതകളുണ്ടെന്ന് നേരത്തെ തന്നെ മുന്നറിയിപ്പുണ്ടായിരുന്നു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അഫ്ഗാനിസ്ഥാന്‍ 273 റണ്‍സാണ് ആകെ നേടിയത്. 300ന് മുകളിലേക്ക് വിജയലക്ഷ്യം വെക്കാനുള്ള അഫ്ഗാന്റെ പദ്ധതി പൊളിഞ്ഞതോടെ ബൗളിങ്ങിലായിരുന്നു ടീമിന്റെ പ്രതീക്ഷ. എതിരാളികള്‍ ഓസീസായതിനാല്‍ ഓരോ ക്യാച്ചിനും വലിയ പ്രാധാന്യമാണുള്ളത്. ഇത്രയും നിര്‍ണ്ണായകമായ മത്സരത്തിലാണ് ട്രാവിസ് ഹെഡിന്റെ ക്യാച്ച് റാഷിദ് ഖാന്‍ പാഴാക്കിയത്.
ഫസല്‍ഹഖ് ഫറൂഖിന്റെ പന്തില്‍ വലിയ ഷോട്ടിന് ശ്രമിച്ച ഹെഡിനെ മിഡ് ഓണിലാണ് റാഷിദ് ഖാന്‍ കൈവിട്ടു കളഞ്ഞത്. മത്സരത്തിന്റെ തലവര മാറ്റിയ പ്രകടനമാണ് ഹെഡ് കാഴ്ചവെച്ചത്. അതിവേഗം റണ്‍സുയര്‍ത്തിയാണ് ഹെഡ് മുന്നോട്ട് പോയത്. ക്യാച്ചവസരത്തിന് പിന്നാലെ തൊട്ടടുത്ത പന്ത് ഹെഡ് സിക്‌സര്‍ പറത്തിയത് വലിയ മുന്നറിയിപ്പായിരുന്നു. വെടിക്കെട്ട് തുടര്‍ന്ന ഹെഡ് 34 പന്തില്‍ എട്ട് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെയാണ് അര്‍ധ സെഞ്ച്വറി നേടിയത്.
സെമിയില്‍ ഇന്ത്യക്ക് ദക്ഷിണാഫ്രിക്ക മതി
സെമിയില്‍ ഓസ്‌ട്രേലിയ വന്നാല്‍ ഇന്ത്യക്ക് കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാവുമെന്നുറപ്പാണ്. ഓസീസിന്റെ ബൗളിങ് നിര അതി ശക്തമല്ല. എന്നാല്‍ ടീമെന്ന നിലയില്‍ ഇപ്പോഴും ഓസീസിനെ ഭയക്കണം. സ്റ്റീവ് സ്മിത്ത് നയിക്കുന്ന ഓസീസ് ഒത്തൊരുമയോടെ കളിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യ ഓസ്‌ട്രേലിയയെ എതിരാളികളായി ലഭിക്കാന്‍ താല്‍പര്യപ്പെടില്ലെന്നുറപ്പ്. ദക്ഷിണാഫ്രിക്കയും കരുത്തരുടെ നിരയാണ്. എന്നാല്‍ പ്രധാന മത്സരങ്ങളില്‍ നിര്‍ഭാഗ്യം അവരെ വേട്ടയാടാറുണ്ട്. ഇക്കാരണത്താല്‍ത്തന്നെ ഇന്ത്യ ദക്ഷിണാഫ്രിക്കയെ സെമിയില്‍ നേരിടാനാവും കൂടുതല്‍ ആഗ്രഹിക്കുക.
ദക്ഷിണാഫ്രിക്ക ഗ്രൂപ്പ് ബിയില്‍ ഒന്നാം സ്ഥാനക്കാരാവാനാണ് സാധ്യത. ഇംഗ്ലണ്ടിനെതിരായ മത്സരം ജയിച്ചാല്‍ ദക്ഷിണാഫ്രിക്ക തലപ്പത്തെത്തും. അങ്ങനെ വരുമ്പോള്‍ ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരെയാവും ദക്ഷിണാഫ്രിക്ക നേരിടേണ്ടി വരിക. ഇന്ത്യ ന്യൂസീലന്‍ഡിനോട് തോല്‍ക്കുകയും രണ്ടാം സ്ഥാനത്തേക്കെത്തുകയും ചെയ്താല്‍ ദക്ഷിണാഫ്രിക്കയുമായി സെമിയില്‍ നേരിടാം. അല്ലാത്ത പക്ഷം ഓസീസുമായി ഏറ്റുമുട്ടാനാണ് സാധ്യത കൂടുതല്‍.