ലാഹോര്‍: ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ക്വാര്‍ട്ടര്‍ ഫൈനലിനു സമാനമായ ഗ്രൂപ്പ് ബിയിലെ നില്‍ണായക പോരാട്ടത്തില്‍ ഇന്നു ഓസ്‌ട്രേലിയയും അഫ്ഗാനിസ്താനും ഏറ്റുമുട്ടും. ഉച്ചയ്ക്കു 2.30 മുതല്‍ ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിലാണ് മല്‍സരം. ജയിക്കുന്നവര്‍ക്കു സെമി ഫൈനലിലേക്കു യോഗ്യത നേടാന്‍ സാധിക്കുമെന്നതിനാല്‍ ജീവന്‍ മരണ പോരാട്ടത്തിനാണ് ഇരുടീമുകളും കച്ചമുറുക്കുന്നത്.
എന്നാല്‍ മല്‍സരത്തിനു മഴ വില്ലനായി മാറുമോയെന്ന ആശങ്ക ക്രിക്കറ്റ് പ്രേമികള്‍ക്കുണ്ട്. കാരണം കഴിഞ്ഞ ദിവസം പാകിസ്താനും ബംഗ്ലാദേശം തമ്മില്‍ റാവല്‍പിണ്ടിയില്‍ നടക്കാനിരുന്ന മല്‍സരം മഴ കാരണം ഉപേക്ഷിക്കപ്പെട്ടിരുന്നു. അതിനു മുമ്പ് ഓസ്‌ട്രേലിയും സൗത്താഫ്രിക്കയും തമ്മിലുള്ള കളിയും മഴ കാരണം ഉപേക്ഷിക്കപ്പെട്ടു. ഇന്നു നടക്കാനിരിക്കുന്ന ഓസീസ്- അഫ്ഗാന്‍ കളിയും മഴ കാരണം വേണ്ടന്നു വച്ചാല്‍ അതു ഏതു ടീമിനായിരിക്കും നേട്ടമാവുകയെന്നു നോക്കാം.

ഏതു ടീം സെമിയിലെത്തും?
ടൂര്‍ണമെന്റിലെ മരണഗ്രൂപ്പായി ചൂണ്ടിക്കാണിക്കപ്പെടുന്ന ബിയില്‍ കാര്യങ്ങള്‍ ഇപ്പോഴും വളരെ കടുപ്പം തന്നെയാണ്. രണ്ടു റൗണ്ടുകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞിട്ടും ആരും ഇനിയും സെമി ഫൈനലിലെത്തിയിട്ടില്ല. സൗത്താഫ്രിക്ക, ഓസ്‌ട്രേലിയ (ഇരു ടീമിനും മൂന്നു പോയിന്റ്), അഫ്ഗാനിസ്താന്‍ (2) എന്നിവരാണ് സെമി ബെര്‍ത്തിനായി പോരടിക്കുന്നത്. കളിച്ച രണ്ടു മല്‍സരവും തോറ്റ ഇംഗ്ലണ്ട് പുറത്തായിക്കഴിഞ്ഞു.
ഓസ്‌ട്രേലിയയും അഫ്ഗാനിസ്താനും തമ്മിലുള്ള ഇന്നത്തെ മല്‍സരം മഴയെടുത്താല്‍ അതു നേട്ടമാവുക ഓസീസിനായിരിക്കും. അങ്ങനെ സംഭവിച്ചാല്‍ ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കുവയ്ക്കും. ഇതോടെ നാലു പോയിന്റുമായി കംഗാരുപ്പട സെമിയിലക്കു മുന്നേറുകയും ചെയ്യും. പക്ഷെ അഫ്ഗാന്റെ സെമി സാധ്യത അപ്പോഴും തുലാസില്‍ തന്നെയായിരിക്കും. കാരണം സൗത്താഫ്രിക്കയ്ക്കും അഫ്ഗാനും അപ്പോള്‍ തുല്യ പോയിന്റാവും.
അങ്ങനെ വരുമ്പോള്‍ സൗത്താഫ്രിക്കയും ഇംഗ്ലണ്ടും തമ്മില്‍ നാളെ (ശനി) നടക്കാനിരിക്കുന്ന അവസാന മല്‍സരമായിരിക്കും സെമിയിലെത്തുന്ന രണ്ടാമത്തെ ടീമിനെ തീരുമാനിക്കുന്നത്. സൗത്താഫ്രിക്ക ജയിക്കുകയാണെങ്കില്‍ അഞ്ചു പോയിന്റുമായി ഗ്രൂപ്പ് ചാംപ്യന്‍മാരായി അവര്‍ സെമിയിലെത്തും. നാലു പോയിന്റുള്ള ഓസീസ് ഗ്രൂപ്പിലെ റണ്ണറപ്പുമാവും.
എന്നാല്‍ അഫ്ഗാനിസ്താന്‍ സെമിയിലെത്തണമെങ്കില്‍ ഇംഗ്ലണ്ടിനോടു സൗത്താഫ്രിക്ക തോല്‍ക്കണം. പക്ഷെ ചെറിയ മാര്‍ജിനില്‍ പരാജയപ്പെട്ടാലും അതു സൗത്താഫ്രിക്കയ്ക്കു ക്ഷീണമാവില്ല. കാരണം നെറ്റ് റണ്‍റേറ്റില്‍ അവര്‍ (+2.140) ഏറെ മുന്നിലാണ്. അതിനാല്‍ സൗത്താഫ്രിക്കയും അഫ്ഗാനും തുല്യ പോയിന്റമായി ഒപ്പത്തിനൊപ്പമായാലും മികച്ച നെറ്റ് റണ്‍റേറ്റില്‍ സൗത്താഫ്രിക്ക സെമിയിലെത്തും. അഫ്ഗാന്‍ പുറത്താവുകയും ചെയ്യും.
ചാമ്പ്യന്‍സ് ട്രോഫി: രോഹിത്തടക്കം 2 പേര്‍ പുറത്ത്!! ഗില്‍ നയിക്കും, കിവീസിനെതിരായ ഇന്ത്യന്‍ 11
പക്ഷെ ഇംഗ്ലണ്ടിനോടു വന്‍ മാര്‍ജിനില്‍ സൗത്താഫ്രിക്ക തകര്‍ന്നടിയുകയാണെങ്കില്‍ അഫ്ഗാന് പ്രതീക്ഷയുണ്ട്. അങ്ങനെ വന്നാല്‍ അവരുടെ നെറ്റ് റണ്‍റേറ്റിലും വലിയ ഇടിവ് സംവിക്കും. ഇതു അഫ്ഗാനെ സെമിയിലേക്കു യോഗ്യത നേടാന്‍ സഹായിക്കുകയും ചെയ്യും. നിലവില്‍ അഫ്ഗാന്‍ ടീമിന്റെ നെറ്റ് റണ്‍റേറ്റ് -0.990 ആണ്. ഇംഗ്ലണ്ടിനോടു സൗത്താഫ്രിക്കന്‍ ടീം വന്‍ മാര്‍ജിനില്‍ തോറ്റാല്‍ മാത്രമേ അവരുടെ നെറ്റ് റണ്‍റേറ്റ് അഫ്ഗാനേക്കാള്‍ താഴെ പോവുകയുള്ളൂ.

ആകാംക്ഷയോടെ ഇന്ത്യ
ഓസ്‌ട്രേലിയയും അഫ്ഗാനിസ്താനും തമ്മിലുള്ള പോരാട്ടത്തെ ഇന്ത്യയും ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. കാരണം സെമി ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍ ആരാവുമെന്ന ചോദ്യത്തിനുള്ള ഉത്തരം കൂടി ഇതിലൂടെ ലഭിച്ചേക്കും.
ഓസ്‌ട്രേലിയ, അഫ്ഗാന്‍ എന്നിവയിലൊരു ടീമിനെയാവും സെമിയില്‍ ഒരുപക്ഷെ ഇന്ത്യക്കു ലഭിച്ചേക്കുക. ഇവരില്‍ ഓസീസിനെക്കാള്‍ അഫ്ഗാനെ എതിരാളികളായി ലഭിക്കാനാവും ഇന്ത്യ ആഗ്രഹിച്ചേക്കുക. കാരണം അഫ്ഗാനിസ്താനെതിരേ അപരാജിത റെക്കോര്‍ഡാണ് ഇന്ത്യക്കുള്ളത്. അതിനാല്‍ സെമിയില്‍ അവരെ ലഭിച്ചാല്‍ ഉറപ്പായും ജയിക്കാനാവുമെന്ന പ്രതീക്ഷയിലായിരിക്കും ഇന്ത്യ.