Champions Trophy: ബാറ്റിങോ, ബൗളിങോ, ബംഗ്ലാ ടീമിനെതിരേ ജയിക്കാന്‍ ബെസ്‌റ്റേത്? അറിയാം
ദുബായ്: ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ടീം ഇന്ത്യ ആദ്യ പോരാട്ടത്തിനൊരുങ്ങുന്നു. വ്യാഴാഴ്ച ഉച്ചയ്ക്കു ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന ഗ്രൂപ്പ് എ മല്‍സരത്തില്‍ ബംഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളികള്‍. ബംഗ്ലാ കടുവകളെ തകര്‍ത്ത് രാജകീയമായി തന്നെ ടൂര്‍ണമെന്റിനു തുടക്കം കുറിക്കാനായിരിക്കും രോഹിത് ശര്‍മയുടെയും സംഘത്തിന്റെയും ലക്ഷ്യം.
ടൂര്‍ണമെന്റിലെ മറ്റു ഏഴു ടീമുകളെ അപേക്ഷിച്ച് ഇന്ത്യയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ് മുഴുവന്‍ മല്‍സരങ്ങളും ഒരേ വേദിയില്‍ ആണെന്നതാണ്. ഇന്ത്യന്‍ ടീം ഫൈനലിലേക്കു മുന്നേറിയാലും അതു ദുബായില്‍ തന്നെയാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ബംഗ്ലാദേശുമായുള്ള ആദ്യ പോരാട്ടത്തില്‍ ടോസ് ലഭിക്കുകയാണെങ്കില്‍ ഇന്ത്യക്കു ഏറ്റവും നല്ല ഓപ്ഷന്‍ എന്താണെന്നു നോക്കാം.

ബാറ്റിങോ, ബൗളിങോ?
ബംഗ്ലാദേശുമായുള്ള ദുബായിലെ ആദ്യ മല്‍സരത്തില്‍ ടോസ് ലഭിക്കുകയാണെങ്കില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ തിരഞ്ഞെടുക്കേണ്ടത് ബൗളിങാണെന്നു ഈ വേദിയിലെ ഇതുവരെയുള്ള കണക്കുകള്‍ പറയുന്നു.
അവസാനമായി ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന 13 ഏകദിന മല്‍സരങ്ങളെടുത്താല്‍ ഇതില്‍ 70 ശതമാനവും ജയിച്ചത് രണ്ടാമത് ബാറ്റ് ചെയ്തവാണ്. അതായത് 13ല്‍ ഒമ്പതിലും രണ്ടാമത് ബാറ്റ് ചെയ്ത് ടീമുകള്‍ ജയിച്ചുകയറി. ആദ്യം ബാറ്റ് ചെയ്തവര്‍ക്കു വെറും നാലു മല്‍സരങ്ങളാണ് ജയിക്കാനായത്.
അതുകൊണ്ടു തന്നെ നാളെ ബംഗ്ലാദേശിനെതിരേ ടോസ് നേടാനായാല്‍ ബൗളിങ് തന്നെയാണ് രോഹിത് തിരഞ്ഞെടുക്കേണ്ടതെന്നു നിസംശയം പറയാം. മറിച്ച് ബാറ്റിങെടുത്താല്‍ ഇന്ത്യക്കു അപ്രതീക്ഷിത പരാജയം നേരിട്ടേക്കാനുമുള്ള സാധ്യതയുണ്ട്. ഈ വേദിയിലെ ബാറ്റിങിലേക്കു വന്നാല്‍ ഇവിടെ ബാറ്റ് ചെയ്യുക ദുഷ്‌കരമായിരിക്കുമെന്നാണ് കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലെ കണക്കുകള്‍ ശരിവയ്ക്കുന്നത്.
തുടക്കത്തിലെ കുറച്ചു ഓവറുകള്‍ക്കു ശേഷം ഇവിടുത്തെ പിച്ച് കൂടുതല്‍ സ്ലോയായി മാറാറുണ്ട്. ഇതു സ്പിന്നര്‍മാരെ വളരെയേറെ സഹായിക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ ബാറ്റര്‍മാര്‍ വളരെ ശ്രദ്ധയോടെ ഇന്നിങ്‌സ് പടുത്തുയര്‍ത്തിയാല്‍ മാത്രമേ ഇവിടെ മികച്ച സ്‌കോറുകള്‍ കുറിക്കാന്‍ സാധിക്കുകയുള്ളൂ.

പേസോ, സ്പിന്നോ?
ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ ബൗള്‍മാരുടെ പ്രകടനത്തിലേക്ക വന്നാല്‍ പേസര്‍മാരെയും സ്പിന്നര്‍മാരെയും ഇതു ഒരുപോലെ തുണയ്ക്കുമെന്നു കാണാം. പക്ഷെ ബാറ്റര്‍മാര്‍ക്കു ഇവിടെ റണ്ണെടുക്കാന്‍ കഠിനാധ്വാനം നടത്തേണ്ടതായും വരും.
കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ദുബായില്‍ കളിച്ചിട്ടുള്ള ഏകദിനങ്ങളിലെ ശരാശരി ഒന്നാമിന്നിങ്‌സ് സ്‌കോര്‍ 186 ആണ്. എന്നാല്‍ രണ്ടാമിന്നിങ്‌സിലെ ശരാശരി സ്‌കോര് 139ഉം ആണ്. ഇവിടെ പേസര്‍മാരുടെ സ്‌ട്രൈക്ക് റേറ്റ് 33.10ഉം സ്പിന്നര്‍മാരുടേത് 37.30ഉം ആണ്.
കണക്കുകളില്‍ ഇന്ത്യ
ഏകദിനത്തില്‍ ഇതുവരെയുള്ള കണക്കുകളെടുത്താല്‍ ബംഗ്ലാദേശിനെതിരേ ഇന്ത്യക്കു വ്യക്തമായ മേല്‍ക്കൈയുണ്ടെന്നു കാണാം. ഇതുവരെ 41 ഏകദിന മല്‍സരങ്ങളിലാണ് ഇരുടീമുകളും കൊമ്പുകോര്‍ത്തത്. ഇതില്‍ 32ലും ഇന്ത്യ ജയിച്ചപ്പോള്‍ ബംഗ്ലാദേശ് ജയിച്ചത് വെറും എട്ടു കളികള്‍ മാത്രമാണ്. ഒരു മല്‍സരം ഫലമില്ലാതെ ഉപേക്ഷിക്കപ്പെടുകയും ചെയ്തു.
അവസാനമായി ഏറ്റുമുട്ടിയ ആറു ഏകദിന മല്‍സരങ്ങള്‍ നേക്കിയാല്‍ അതില്‍ മൂന്നു വീതം ജയങ്ങളുമായി ഇന്ത്യയും ബംഗ്ലാദേശും ഒപ്പത്തിനൊപ്പം നില്‍ക്കുകയാണ്. ചാംപ്യന്‍സ് ട്രോഫില്‍ ഇതു തീര്‍ച്ചയായും ഇന്ത്യയെ ആശങ്കപ്പെടുത്തുകയും ചെയ്യും. 2023ലെ ഏകദിന ലോകകപ്പിലായിരുന്നു അവസാനമായി ഇരുടീമും മുഖാമുഖം വന്നത്. അന്നു ഇന്ത്യ ഏഴു വിക്കറ്റിന്റെ ആധികാരിക വിജയം ആഘോഷിക്കുകയും ചെയ്തിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications