ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ അവസാന ഗ്രൂപ്പ് മത്സരം ന്യൂസീസന്‍ഡിനെതിരേ നടക്കാന്‍ പോവുകയാണ്. ആദ്യ മത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനേയും രണ്ടാം മത്സരത്തില്‍ പാകിസ്താനെതിരേയും വമ്പന്‍ ജയമാണ് നേടിയത്. രണ്ട് ടീമുകള്‍ക്കെതിരേയും ആധിപത്യം പുലര്‍ത്തുന്ന വിജയമാണ് ഇന്ത്യ നേടിയെടുത്തത്. എന്നാല്‍ ഇന്ത്യക്ക് മുന്നിലുള്ള ശരിയായ വെല്ലുവിളി വരാനിരിക്കുകയാണ്. കരുത്തരായ ന്യൂസീലന്‍ഡിനെയാണ് ഇനി ഇന്ത്യ നേരിടേണ്ടത്.
പാകിസ്താനെ തകര്‍ത്ത ന്യൂസീലന്‍ഡ് മികച്ച ഫോമിലാണുള്ളത്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്ന കാര്യം ഉറപ്പാണ്. ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ച് ഗ്രൂപ്പില്‍ തലപ്പത്തേക്കെത്താമെന്ന പ്രതീക്ഷയിലാണ് ഇന്ത്യയുള്ളത്. അവസാന ഏകദിന ലോകകപ്പില്‍ ഇന്ത്യ ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ചിരുന്നു. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ എളുപ്പമായിരിക്കില്ലെന്നുറപ്പ്. ഇപ്പോഴിതാ സൂപ്പര്‍ പോരാട്ടത്തിന് മുമ്പ് ഇന്ത്യക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ന്യൂസീലന്‍ഡ് നായകനായ മിച്ചല്‍ സാന്റ്‌നര്‍.
രചിന്‍ രവീന്ദ്രയുടെ പ്രകടനം നിര്‍ണ്ണായകമാവും
ന്യൂസീലന്‍ഡ് നായകനായ മിച്ചല്‍ സാന്റ്‌നര്‍ രചിന്‍ രവീന്ദ്രയുടെ മടങ്ങിവരവിനെയാണ് വലിയ പോസിറ്റീവായി ഉയര്‍ത്തിക്കാട്ടുന്നത്. കണ്ണിന് പരിക്കേറ്റ രചിന്‍ കഴിഞ്ഞ മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചിരുന്നു. രചിന്‍ സെഞ്ച്വറിയോടെ ഗംഭീര പ്രകടനമാണ് നടത്തിയത്. ഇന്ത്യന്‍ വംശജനായ രചിന് ഇന്ത്യക്കെതിരേ മികച്ച ബാറ്റിങ് പ്രകടനം അവകാശപ്പെടാന്‍ സാധിക്കും. മധ്യനിരയില്‍ ഇന്ത്യക്ക് വലിയ തലവേദന സൃഷ്ടിക്കാന്‍ രചിന് സാധിക്കുമെന്നാണ് സാന്റ്‌നര്‍ പറയുന്നത്.
ബംഗ്ലാദേശിനെതിരായ മത്സരത്തിന് ശേഷം സംസാരിക്കവെയാണ് സാന്റ്‌നര്‍ ഇത്തരത്തില്‍ പറഞ്ഞത്. ദുബായില്‍ മഞ്ഞ് വീഴ്ചയുണ്ടാവാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ സ്പിന്നിനെതിരായ രചിന്റെ പ്രകടനം വളരെ പ്രധാനപ്പെട്ടതാവുമെന്നും രചിനെ പുറത്താക്കാന്‍ ഇന്ത്യക്ക് നന്നായി പ്രയാസപ്പെടുമെന്നുമാണ് സാന്റ്‌നര്‍ പറയുന്നത്. ഇന്ത്യക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുന്ന മത്സരമായിരിക്കും ഇതെന്നാണ് സാന്റ്‌നര്‍ പറയുന്നത്. കിവീസ് സംതുലിതമായ താരനിരയാണ്. അതുകൊണ്ടുതന്നെ തോല്‍പ്പിക്കുക പ്രയാസമായിരിക്കും.

കിവീസിന്റെ ബാറ്റിങ് കരുത്ത് ശക്തം
ന്യൂസീലന്‍ഡിന്റെ ബാറ്റിങ് കരുത്താണ് എടുത്തു പറയേണ്ടത്. ഇന്ത്യ സ്പിന്നര്‍മാരെ ഉപയോഗിച്ച് മധ്യനിരയെ പൂട്ടുന്ന തന്ത്രമാണ് കാഴ്ചവെക്കുന്നത്. എന്നാല്‍ ന്യൂസീലന്‍ഡിനെതിരേ ഇത് നടന്നേക്കില്ല. ഡെവോണ്‍ കോണ്‍വേ, ടോം ലാദം, കെയ്ന്‍ വില്യംസണ്‍, രചിന്‍ രവീന്ദ്ര എന്നിവരെല്ലാം സ്പിന്നിനെതിരേ നന്നായി കളിക്കുന്നവരാണ്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ സ്പിന്നര്‍മാര്‍ക്ക് കിവീസിന് വലിയ വെല്ലുവിളി ഉയര്‍ത്താന്‍ സാധിക്കുമെന്ന് കരുതാനാവില്ല.
ഇന്ത്യയുടെ പേസ് നിരയെ വിശ്വസിക്കുക പ്രയാസമാണ്. മുഹമ്മദ് ഷമി സ്ഥിരതയോടെ പന്തെറിയുന്നില്ല. പാകിസ്താനെതിരേ ആദ്യ ഓവറില്‍ ഷമി അഞ്ച് വൈഡുകളാണെറിഞ്ഞത്. ഹര്‍ഷിത് റാണക്ക് ന്യൂബോളില്‍ വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ സാധിക്കുന്നില്ല. എന്നാല്‍ ഡെത്തോവറില്‍ ഭേദപ്പെട്ട പ്രകടനം നടത്താന്‍ ഹര്‍ഷിത് റാണക്ക് സാധിക്കുന്നുണ്ട്. ന്യൂസീലന്‍ഡിന്റെ ബാറ്റിങ് നിര ശക്തമായതിനാല്‍ ഇന്ത്യയുടെ ബൗളര്‍മാര്‍ നന്നായി പ്രയാസപ്പെട്ടക്കും.
ടോസ് മത്സരത്തില്‍ നിര്‍ണ്ണായകം
ഇന്ത്യ-ന്യൂസീലന്‍ഡ് പോരാട്ടത്തില്‍ ടോസ് വളരെ നിര്‍ണ്ണായകമാവും. ഇന്ത്യക്ക് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്നാല്‍ കാര്യങ്ങള്‍ എളുപ്പമാവില്ല. ആദ്യ രണ്ട് മത്സരവും ഇന്ത്യ ജയിച്ചത് രണ്ടാമത് ബാറ്റ് ചെയ്താണ്. ആദ്യം ബാറ്റ് ചെയ്യുമ്പോള്‍ ഇന്ത്യയുടെ പ്രകടനം എങ്ങനെയാവുമെന്നതാണ് കണ്ടറിയേണ്ടത്. ഇന്ത്യയുടെ ഫിനിഷിങ് മികവ് വലിയ ചോദ്യമുയര്‍ത്തുന്നതാണ്. ഹാര്‍ദിക് പാണ്ഡ്യക്ക് ബാറ്റുകൊണ്ട് കൂടുതല്‍ കരുത്തുകാട്ടാന്‍ സാധിക്കേണ്ടതായുണ്ട്.
ഇന്ത്യ കെ എല്‍ രാഹുലിനെ ആറാം നമ്പറിലാണ് കളിപ്പിക്കുന്നത്. ഫിനിഷര്‍ റോളിലേക്ക് രാഹുല്‍ മാറുമ്പോള്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഇന്ത്യ ഒരുപോലെ കരുത്തുകാട്ടാതെ ന്യൂസീലന്‍ഡിനെ കീഴടക്കാനാവില്ല. ഇന്ത്യക്ക് ഗ്രൂപ്പ് ചാമ്പ്യന്മാരാവാന്‍ സാധിക്കാത്ത പക്ഷം സെമിയില്‍ ഓസീസിനെ നേരിടേണ്ടി വന്നേക്കും. അതുകൊണ്ടുതന്നെ ഇന്ത്യക്ക് എന്ത് വിലകൊടുത്തും ന്യൂസീലന്‍ഡിനെ തോല്‍പ്പിക്കേണ്ടതായുണ്ട്.