ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കായുള്ള അവസാന ഘട്ട പടയൊരുക്കത്തിലേക്ക് ഇരു ടീമുകളും കടന്നിരിക്കുകയാണ്. ഇന്ത്യയും ന്യൂസീലന്‍ഡും നേര്‍ക്കുനേര്‍ പോരടിക്കുന്ന കലാശ പോരാട്ടം നാളെയാണ് നടക്കാന്‍ പോകുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ എല്ലാ മത്സരവും ജയിച്ച ഇന്ത്യ സെമിയില്‍ ഓസ്‌ട്രേലിയയേയും തോല്‍പ്പിച്ചു. ദക്ഷിണാഫ്രിക്കയെ സെമിയില്‍ വീഴ്ത്തിയാണ് ന്യൂസീലന്‍ഡ് ഫൈനലിലേക്ക് സീറ്റ് നേടിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ കിവീസിനെ തോല്‍പ്പിക്കാന്‍ ഇന്ത്യക്കായിരുന്നു.
എന്നാല്‍ ഫൈനലില്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പാണ്. ന്യൂസീലന്‍ഡിന്റെ സ്റ്റാര്‍ പേസര്‍ മാര്‍ക്ക് ഹെന്‍ റിക്ക് സെമിക്കിടെ പരിക്കേറ്റിരുന്നു. താരം ഫൈനല്‍ കളിക്കുന്ന കാര്യം സംശയമാണെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. ഇപ്പോഴിതാ ഇന്ത്യയേയും ഞെട്ടിച്ചുകൊണ്ട് ഒരു പരിക്കിന്റെ റിപ്പോര്‍ട്ട് പുറത്തുവരികയാണ്. ഇന്ത്യയുടെ സൂപ്പര്‍ താരം വിരാട് കോലിക്ക് പരിശീലനത്തിനിടെ പരിക്കേറ്റുവെന്നാണ് റിപ്പോര്‍ട്ടുള്ളത്. ഫൈനലില്‍ കോലി ഉണ്ടാവില്ലേയെന്നാണ് ഇപ്പോള്‍ ഉയരുന്ന ആശങ്ക.
പരിശീലനത്തിനിടെ കാല്‍മുട്ടിന് പരിക്ക്
വിരാട് കോലി നെറ്റ്‌സില്‍ പരിശീലനം നടത്തുന്നതിനിടെ കാല്‍മുട്ടിന് പരിക്കേറ്റുവെന്നാണ് പുറത്തുവരുന്ന വിവരം. ജിയോ ന്യൂസാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഔദ്യോഗികമായി ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകളൊന്നും പുറത്തുവിട്ടിട്ടില്ല. കാല്‍ മുട്ടിന് പന്ത് തട്ടിയതിനെത്തുടര്‍ന്ന് വേദന അനുഭവപ്പെട്ടുവെന്നും 36കാരനായ കോലി പരിശീലനം നിര്‍ത്തിയെന്നുമാണ് വിവരം. ഗ്രൗണ്ടില്‍ വെച്ച് ഫിസിയോ പ്രാഥമിക ചികിത്സ നല്‍കിയെന്നുമാണ് റിപ്പോര്‍ട്ടുള്ളത്.
എന്നാല്‍ കോലി പിന്നീട് പരിശീലനം നടത്തിയിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ ബിസിസി ഐ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള മറ്റ് ചില റിപ്പോര്‍ട്ടില്‍ പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന. കാല്‍മുട്ടിന്റെ ഭാഗത്ത് പന്ത് തട്ടിയപ്പോള്‍ ശക്തമായ വേദനയുണ്ടായെങ്കിലും ഇത് പിന്നീട് ഭേദമായെന്നും ഫൈനലില്‍ കോലി ഉണ്ടാവുമെന്നുമാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരമുള്ള സൂചന. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗികമായ സ്ഥിരീകരണമില്ല. എന്തായാലും കോലിയുടെ പരിക്ക് വലിയ ആശങ്കയ്ക്ക് വഴി തുറന്നിരിക്കുകയാണ്.

കോലി കളിച്ചില്ലെങ്കില്‍ ഇന്ത്യക്ക് എട്ടിന്റെ പണി
വിരാട് കോലിയുടെ പ്രകടനം ഫൈനലില്‍ ഇന്ത്യക്ക് നിര്‍ണ്ണായകമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മിന്നും ഫോമിലാണ് കോലി കളിക്കുന്നത്. പാകിസ്താനെതിരേ സെഞ്ച്വറി നേടിയ കോലി സെമിയില്‍ ഓസ്‌ട്രേലിയക്കെതിരേ ഗംഭീര അര്‍ധ സെഞ്ച്വറിയോടെ ശോഭിച്ചു. ഫൈനലിലും കോലിയുടെ പ്രകടനം വളരെ നിര്‍ണ്ണായകമാണ്. ഒട്ടുമിക്ക ഐസിസി ടൂര്‍ണമെന്റുകളുടെ നോക്കൗട്ട് മത്സരങ്ങളിലും ഫൈനലിലും മികച്ച പ്രകടനം നടത്താന്‍ കോലിക്ക് സാധിച്ചിട്ടുണ്ട്.
അതുകൊണ്ടുതന്നെ ഇത്തവണയും കോലിയുടെ പ്രകടനത്തിലാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഈ സമയത്താണ് പരിക്ക് കോലിക്ക് വില്ലനായി മാറിയെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്. കോലിക്ക് ഫൈനല്‍ കളിക്കാതെ വന്നാല്‍ ന്യൂസീലന്‍ഡ് പകുതി ജയം ഉറപ്പിച്ച അവസ്ഥയിലാവും മത്സരം തുടങ്ങുകയെന്ന് പറയാം. കോലിയുടെ പരിക്ക് സംബന്ധിച്ച് ഔദ്യോഗിക റിപ്പോര്‍ട്ടുകളില്ലാത്തതിനാല്‍ കോലി ഫൈനല്‍ കളിച്ച് മാച്ച് വിന്നറായി മാറുമെന്ന് തന്നെ പ്രതീക്ഷിക്കാം.