ഐസിസി ചാംപ്യന്‍സ് ട്രോഫി ക്ലൈമാക്‌സിലെത്തി നില്‍ക്കുകയാണ്. ഇനി വിജയികളുടെ പട്ടാഭിഷേകം മാത്രമാണ് ശേഷിക്കുന്നത്. എട്ടു ടീമുകള്‍ മാറ്റുരച്ച ടൂര്‍ണമെന്റില്‍ ബാക്കിയുള്ളത് വെറും രണ്ടു ടീമുകള്‍ മാത്രം. അതു ഇന്ത്യയും ന്യൂസിലാന്‍ഡുമാണ്. ശേഷിച്ച ആറു ടീമുകളും നാട്ടിലേക്കു വിമാനം കയറിക്കഴിഞ്ഞു.
ടൂര്‍ണമെന്റില്‍ ഇതുവരെ കഴിഞ്ഞ മല്‍സസരങ്ങളെടുത്താല്‍ വ്യക്തിഗത മികവ് കൊണ്ട് അദ്ഭുതപ്പെടുത്തിയ പല താരങ്ങളെയും വിവിധ ടീമുകളോടൊപ്പം നമുക്കു ചൂണ്ടിക്കാണിക്കാന്‍ സാധിക്കും. ഇവരില്‍ ചിലര്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരത്തിനു വേണ്ടി മല്‍സരരംഗത്തുമുണ്ട്. ബാറ്റിങ്, ബൗളിങ്, അല്ലെങ്കില്‍ രണ്ടിലും വലിയ ഇംപാക്ടുണ്ടാക്കിയ താരമായിരിക്കും ഇത്തവണത്തെ അവാര്‍ഡിന്റെ അവകാശി. ഈ പുരസ്‌കാരത്തിനു ഏറ്റമധികം സാധ്യതയുള്ള താരങ്ങളെ അറിയാം

വിരാട് കോലി
പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരത്തിനായി ഏറ്റവും ഫേവറിറ്റ് ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസവും റണ്‍മെഷീനുമായ വിരാട് കോലിയാണ്. ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യക്കായി കസറുകയെന്ന പതിവ് അദ്ദേഹം ഇത്തവണയും തെറ്റിച്ചില്ല. ഇതിനകം ഇന്ത്യ കളിച്ച നാലു മല്‍സരങ്ങളില്‍ രണ്ടിലും ടീമിന്റെ ഹീറോ കോലിയായിരുന്നു. ഇനി ന്യൂസിലാന്‍ഡുമായുള്ള ഫൈനലിലും മാച്ച് വിന്നിങ് ഇന്നിങ്‌സ് കളിക്കാനായാല്‍ അദ്ദേഹത്തിനു പുരസ്‌കാരം ഉറപ്പിക്കാം.
നാലു മല്‍സരങ്ങളില്‍ നിന്നും 72.33 എന്ന തകര്‍പ്പന്‍ ശരാശരിയില്‍ 217 റണ്‍സാണ് കോലിയുടെ സമ്പാദ്യം. ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയും ഇതിലുള്‍പ്പെടും. ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ അദ്ദേഹം രണ്ടാമതുമുണ്ട്. രണ്ടാം ഗ്രൂപ്പ് മല്‍സരത്തില്‍ ചിരവൈരികളായ പാകിസ്താനെ ഇന്ത്യ തകര്‍ത്തുവിട്ടപ്പോള്‍ കോലിയാണ് കളിയിലെ താരമായത്. അപരാജിത സെഞ്ച്വറിയുമായി (100) അദ്ദേഹം റണ്‍ചേസിനു ചുക്കാന്‍ പിടിക്കുകയായിരുന്നു.
പിന്നീട് ഓസ്‌ട്രേലിയക്കെതിരായ സെമി ഫൈനലിലും റണ്‍ചേസില്‍ കോലി ഇന്ത്യയുടെ രക്ഷകനായി മാറി. ഇന്ത്യ നാലു വിക്കറ്റിന്റെ വിജയം കൊയ്ത മല്‍സരത്തില്‍ അദ്ദേഹം 84 റണ്‍സാണ് അടിച്ചെടുത്തത്. പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി.
രചിന്‍ രവീന്ദ്ര
ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ വംശജനായ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ രചിന്‍ രവീന്ദ്രയാണ് പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരം നേടാന്‍ സാധ്യതയുള്ള രണ്ടാമത്തെയാള്‍. കന്നി ചാംപ്യന്‍സ് ട്രോഫി കളിക്കാനെത്തിയ അദ്ദേഹം കിവികള്‍ക്കായി ബാറ്റിങില്‍ കസറുകയാണ്. നിലവില്‍ ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ രചിന്‍ രണ്ടാമതുണ്ട്.
മൂന്നു മല്‍സരങ്ങളിലാണ് അദ്ദേഹം കിവികള്‍ക്കായി കളിക്കാനിറങ്ങിയത്. ഇതില്‍ രണ്ടിലും കിടിലന്‍ സെഞ്ച്വറികള്‍ കുറിക്കാന്‍ സാധിച്ചുവെന്നതാണ് അതിശയിപ്പിക്കുന്ന കാര്യം. 75.33 ശരാശരിയില്‍ 226 റണ്‍സാണ് രചിന്‍ അടിച്ചെടുത്തത്. ഉയര്‍ന്ന സ്‌കോര്‍ 112 റണ്‍സുമാണ്. ബംഗ്ലാദേശുമായുള്ള രണ്ടാം ഗ്രൂപ്പ് മല്‍സരത്തിലാണ് അദ്ദേഹം റണ്‍ചേസില്‍ സെഞ്ച്വറിയുമായി കളിയിലെ ഹീറോയായത്. 112 റണ്‍സ് താരം നേടി.
അതിനു ശേഷം സെമിയില്‍ സൗത്താഫ്രിക്കയെ 50 റണ്‍സിന് കിവികള്‍ കശാപ്പ് ചെയ്തപ്പോഴും രചിന്‍ തന്നെയായിരുന്നു വിജയശില്‍പ്പി. 108 റണ്‍സ് നേടിയാണ് അദ്ദേഹം കളിയില്‍ പുറത്തായത്. പിന്നീട് ബൗളിങില്‍ ഒരു വിക്കറ്റും രചിന്‍ വീഴ്ത്തി.

വരുണ്‍ ചക്രവര്‍ത്തി
ഇന്ത്യന്‍ സ്പിന്‍ ബൗളിങിലെ പുതിയ സെന്‍സേഷനായ മാറിയ വരുണ്‍ ചക്രവര്‍ത്തിയാണ് ഈ ലിസ്റ്റിലെ അടുത്തയാള്‍. ആദ്യ രണ്ടു കളിയിലും അവസരം ലഭിക്കാതിരുന്ന അദ്ദേഹത്തിനു ശേഷിച്ച രണ്ടു കളിയിലാണ് ടീമിലേക്കു വിളിയെത്തിയത്. ഗംഭീര പ്രകടനത്തിലൂടെ വരുണ്‍ ഇതു ശരിക്കും മുതലാക്കുകയും ചെയ്തു. രണ്ടു കളിയില്‍ ഏഴു വിക്കറ്റുകളാണ് അദ്ദേഹം കടപുഴക്കിയത്. 4.55 ഇക്കോണമി റേറ്റിലാണിത്.
ന്യൂസിലാന്‍ഡിനെതിരേ ഫൈഫറുമായാണ് വരുണ്‍ തുടങ്ങിയത്. ഈ കളിയില്‍ പ്ലെയര്‍ ഓഫ് ദി മാച്ചാവുകയും ചെയ്തു. ഓസ്‌ട്രേലിയയുമായുള്ള സെമിയില്‍ രണ്ടു വിക്കറ്റും അദ്ദേഹം പോക്കറ്റിലാക്കിയിരുന്നു. ഇനി ഫൈനലിലും മാജിക്കല്‍ ഫോം ആവര്‍ത്തിക്കാനായാല്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍മെന്റും വരുണ്‍ തന്നെയാവും.