ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഫൈനല്‍ പോരാട്ടത്തിന് ഇന്ത്യ ഇന്ന് ഇറങ്ങുകയാണ്. ആവേശകരമായ ഫൈനലില്‍ ഇന്ത്യ ന്യൂസീലന്‍ഡിനെയാണ് നേരിടാന്‍ പോകുന്നത്. ആരാവും കിരീടത്തിലേക്കെത്തുകയെന്നാണ് എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. ഇന്ത്യ തോല്‍വി അറിയാതെ ഫൈനലില്‍ എത്തിയപ്പോള്‍ ന്യൂസീലന്‍ഡ് ഇന്ത്യയോട് മാത്രമാണ് ഗ്രൂപ്പ് ഘട്ടത്തില്‍ തോറ്റത്. സെമിയില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചപ്പോള്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്താണ് ന്യൂസീലന്‍ഡ് ഫൈനലിലെത്തിയത്.
ഇന്ത്യയുടെ ഇത്തവണത്തെ ഫൈനലിലേക്കുള്ള കുതിപ്പില്‍ ടീമെന്ന നിലയിലുള്ള ഒറ്റക്കെട്ടായ പ്രകടനം കാണാനാവും. എന്നാല്‍ ഇത്തവണത്തെ ഇന്ത്യയുടെ മുന്നേറ്റത്തില്‍ പരിശീലകന്‍ ഗൗതം ഗംഭീറും കൈയടി അര്‍ഹിക്കുന്നു. ടി20യില്‍ മാത്രം മികവ് കാട്ടുന്ന പരിശീലകനെന്ന ചീത്തപ്പേരായിരുന്നു ഗംഭീറിനുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഫൈനലിലേക്ക് ടീമിനെ എത്തിച്ച് എല്ലാ വിരോധികളുടേയും വായടപ്പിക്കാന്‍ ഗംഭീറിന് സാധിച്ചു.
ഇപ്പോഴിതാ ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ ഇല്ലെങ്കിലും ഇന്ത്യയുടെ വിജയത്തിനായി കാത്തിരിക്കുന്ന സൂര്യകുമാര്‍ യാദവ് ഗംഭീറിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്. തന്നിലെ ക്യാപ്റ്റനെ കണ്ടെത്തിയത് ഗംഭീറാണെന്നാണ് സൂര്യകുമാര്‍ പറയുന്നത്.
എനിക്ക് നായകനാവാന്‍ പ്രചോദനം നല്‍കി
ടി20യില്‍ ഇന്ത്യയുടെ വെടിക്കെട്ട് താരമാണ് സൂര്യകുമാര്‍ യാദവ്. എബി ഡിവില്ലിയേഴ്‌സിനെപ്പോലെ മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് കളിക്കാനും അത്ഭുതപ്പെടുത്തുന്ന ഷോട്ടുകളിലൂടെ സിക്‌സര്‍ നേടാനും കരുത്തുള്ള സൂര്യ ഇന്ത്യയുടെ നായകനാവുമെന്നത് ആരും പ്രതീക്ഷിച്ചിരുന്നതല്ല. ടി20 ലോകകപ്പ് ഇന്ത്യ നേടിയപ്പോള്‍ വൈസ് ക്യാപ്റ്റനായി ഹാര്‍ദിക് പാണ്ഡ്യയുണ്ടായിരുന്നു. ഹാര്‍ദിക്കാവും രോഹിത് ശര്‍മക്ക് ശേഷം ഇന്ത്യയുടെ ടി20 നായകനാവുകയെന്നാണ് എല്ലാവരും കരുതിയത്.
എന്നാല്‍ ഗൗതം ഗംഭീര്‍ സൂര്യയെ നായകനാക്കുകയായിരുന്നു. 'കെകെആറിലായിരുന്ന സമയത്ത് എപ്പോഴും എന്നോട് നായകനാവുന്നതിനെപ്പറ്റി ഗംഭീര്‍ ഭായി സംസാരിക്കുമായിരുന്നു. എങ്ങനെയാവണം ഫീല്‍ഡിങ്ങെന്നും എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മികച്ച നായകനാവാമെന്നും അദ്ദേഹം സംസാരിച്ചിരുന്നു. അദ്ദേഹത്തില്‍ നിന്ന് ക്യാപ്റ്റന്‍സിയെക്കുറിച്ച് കണ്ടും കേട്ടും പഠിച്ചു. വളരെ ബുദ്ധിമാനായ നായകനായിരുന്നു അദ്ദേഹം. വളരെ ശാന്തനായ ക്യാപ്റ്റനാണ്. അധികം സംസാരിക്കുന്ന ക്യാപ്റ്റനല്ല. അധികം പ്രകടിപ്പിക്കുന്ന നായകനല്ല. കളത്തിനകത്തും പുറത്തും അദ്ദേഹം മാതൃകയാണ് ' സൂര്യകുമാര്‍ പറഞ്ഞു.

കൃത്യമായ ഗെയിം പ്ലാനുള്ള നായകന്‍
ഗൗതം ഗംഭീര്‍ മത്സരത്തില്‍ വളരെ കൃത്യമായ പദ്ധതികളോടെ ഇറങ്ങുന്ന നായകനായിരുന്നു. ആരൊക്കെ ഏതൊക്കെ റോളില്‍ തിളങ്ങണമെന്നും എങ്ങനെ മികച്ച സ്‌കോറിലേക്കെത്തണമെന്നും അദ്ദേഹത്തിന് അറിയാം. 'മത്സരത്തില്‍ ഒന്നോ രണ്ടോ താരങ്ങള്‍ അര്‍ധ സെഞ്ച്വറി പ്രകടനം നടത്തണമെന്നും മറ്റുള്ളവര്‍ കഴിയുന്നപോലെ ആക്രമിച്ചാല്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്താനാവുമെന്നും കരുതിയിരുന്ന നായകനാണ് അദ്ദേഹം. ഏത് സാഹചര്യത്തിലും ഭയമില്ലാതെ കളിക്കാന്‍ പഠിക്കണമെന്ന് സഹതാരങ്ങളെ ഉപദേശിച്ചിരുന്നു.
താരങ്ങളെ വിശ്വസിച്ച് അവസരം നല്‍കിയിരുന്നു. ഡഗൗട്ടില്‍ വളരെ ശാന്തതയോടെ ഇരിക്കുന്ന അപൂര്‍വ്വം നായകന്മാരിലൊരാളായിരുന്നു ഗംഭീര്‍. തന്റെ പദ്ധതികളില്‍ പരിപൂര്‍ണ്ണ വിശ്വാസം അദ്ദേഹത്തിന് ഉണ്ടായിരുന്നു ' സൂര്യകുമാര്‍ കൂട്ടിച്ചേര്‍ത്തു. കെകെആറില്‍ ഗംഭീറിനൊപ്പം കളിച്ചതാണ് സൂര്യയെ ഇന്ത്യയുടെ നായകസ്ഥാനത്തേക്കെത്തിച്ചതെന്ന് പറയാം. സൂര്യക്ക് കീഴില്‍ ഇന്ത്യയുടെ ടി20 ടീമിന്റെ പ്രകടനം അതി ഗംഭീരമാണ്. അടുത്ത ടി20 ലോകകപ്പിലും സൂര്യ ഇന്ത്യയെ നയിക്കാനാണ് സാധ്യത.
സൂര്യയുടെ സമീപകാല പ്രകടനങ്ങള്‍ മോശം
തല്ലിത്തകര്‍ക്കുന്ന നായകനാണെങ്കിലും സൂര്യകുമാറിന്റെ സമീപകാലത്തെ പ്രകടനങ്ങള്‍ വളരെ മോശമാണ്. നായകനായി മിന്നിക്കുമ്പോഴും ബാറ്റിങ്ങില്‍ വേണ്ടപോലെ തിളങ്ങാന്‍ സൂര്യക്ക് സാധിക്കുന്നില്ല. സൂര്യ ബാറ്റിങ്ങില്‍ പഴയ ഫോം വീണ്ടെടുക്കേണ്ടത് അത്യാവശ്യമാണെന്ന് പറയാം. അല്ലാത്ത പക്ഷം നായകനായി മുന്നോട്ട് പോവുക പ്രയാസമായിരിക്കും. ഗംഭീര്‍ പോയാലും നായകസ്ഥാനത്ത് തുടരാന്‍ ബാറ്റുകൊണ്ട് അദ്ദേഹം തിളങ്ങേണ്ടത് അത്യാവശ്യമാണ്.