ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഫൈനലിനൊരുങ്ങുകയാണ് ഇന്ത്യ. കിരീടപ്പോരാട്ടത്തില്‍ ന്യൂസീലന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍. ഇന്ത്യ സെമിയില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചപ്പോള്‍ ന്യൂസീലന്‍ഡ് ദക്ഷിണാഫ്രിക്കയെ മറികടന്നാണ് ഫൈനലിലെത്തിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ ഫൈനലിലും ഇന്ത്യക്ക് ഇത് ആവര്‍ത്തിക്കാന്‍ സാധിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
ഗ്രൂപ്പ് ഘട്ടത്തില്‍ തോല്‍വി അറിയാതെയാണ് ഇന്ത്യ ഫൈനലിലേക്കെത്തിയിരിക്കുന്നത്. ഇതിന് മുമ്പ് രണ്ട് തവണയാണ് ഇന്ത്യ ഐസിസി ടൂര്‍ണമെന്റ് ഫൈനലില്‍ ന്യൂസീലന്‍ഡിനെ നേരിട്ടത്. രണ്ട് തവണയും തോല്‍ക്കാനായിരുന്നു ഇന്ത്യയുടെ വിധി. എന്നാല്‍ ഇത്തവണ കിവീസിനോട് പകരം വീട്ടി ഇന്ത്യക്ക് കപ്പിലേക്കെത്താന്‍ സാധിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇന്ത്യയുടെ പ്രകടനത്തില്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍ സന്തോഷവാനാണ്.
നായകനെന്ന നിലയില്‍ രോഹിത് ശര്‍മയുടെ പ്രകടനവും വലിയ പ്രതീക്ഷ നല്‍കുന്നതാണ്. എന്നാല്‍ രോഹിത്തിന്റെ പ്രകടനത്തില്‍ സംതൃപ്തിയില്ലെന്നും ഗംഭീര്‍ അനാവശ്യമായി നായകനെ പ്രശംസിക്കുകയാണെന്നും വിമര്‍ശിച്ചിരിക്കുകയാണ് സുനില്‍ ഗവാസ്്ക്കര്‍.
രോഹിത് ശര്‍മ നിലവാരത്തിനൊത്ത് ഉയരുന്നില്ല
രോഹിത് ശര്‍മ ഇന്ത്യയുടെ നായകന്‍ മാത്രമല്ല വിശ്വസ്തനായ ഓപ്പണര്‍ കൂടിയാണ്. ഏകദിനത്തില്‍ മറ്റാര്‍ക്കും അവകാശപ്പെടാനാവാത്ത പല ഓപ്പണിങ് റെക്കോഡും രോഹിത്തിന്റെ പേരിലാണ്. അതുകൊണ്ടുതന്നെ ഫൈനലിലും രോഹിത്തിന്റെ പ്രകടനം ഇന്ത്യക്ക് വളരെ നിര്‍ണ്ണായകമാണ്. പവര്‍പ്ലേയില്‍ ആക്രമിച്ച് തുടങ്ങാന്‍ രോഹിത് ശര്‍മക്ക് സാധിക്കുന്നുണ്ട്. എന്നാല്‍ വലിയ സ്‌കോറിലേക്ക് ഉയരാനാവാത്തതാണ് പ്രശ്‌നം. ഫൈനലിലെ രോഹിത്തിന്റെ പ്രകടനം വളരെ നിര്‍ണ്ണായകമാണെന്നാണ് ഗവാസ്‌ക്കര്‍ പറയുന്നത്. മികച്ച തുടക്കത്തെ വലിയ സ്‌കോറാക്കി മാറ്റാന്‍ രോഹിത്തിന് സാധിക്കണമെന്നും അദ്ദേഹം പറയുന്നു.
'രോഹിത് ശര്‍മ 25 ഓവര്‍വരെ ബാറ്റ് ചെയ്യുന്ന മത്സരങ്ങള്‍ പോലും ഇന്ത്യ ഈ സമയത്ത് 200നോടടുത്ത് സ്‌കോര്‍ നേടാറുണ്ട്. എന്നാല്‍ അതിന് ശേഷം അവന്‍ ബാറ്റിങ് തുടര്‍ന്നാല്‍ എന്താണ് സംഭവിക്കുകയെന്ന് സങ്കല്‍പ്പിച്ച് നോക്കുക. ഇന്ത്യക്ക് അനായാസം 350 ന് മുകളിലേക്ക് സ്‌കോര്‍ നേടാന്‍ സാധിക്കും. രോഹിത് ശര്‍മ ക്രീസിലേക്കെത്തി കടന്നാക്രമിച്ച് കളിക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍ 25 ഓവറെങ്കിലും താന്‍ ബാറ്റ് ചെയ്യണമെന്ന ചിന്ത രോഹിത് ശര്‍മക്കില്ല.

ബാറ്റ്‌സ്മാനെന്ന നിലയില്‍ 25, 30 റണ്‍സ് നേടുന്നതില്‍ രോഹിത് ശര്‍മ സന്തോഷവാനാണോ?. രോഹിത്തിനോട് എനിക്ക് പറയാനുള്ളത് 25 ഓവറിന് മുകളിലേക്ക് ബാറ്റ് ചെയ്ത് തന്റെ ശരിയായ ഇംപാക്ട് എന്താണെന്ന് കാട്ടിക്കൊടുക്കുക' ഗവാസ്‌ക്കര്‍ പറഞ്ഞു.
ഗംഭീറിന്റെ പ്രശംസ നല്ല സന്ദേശമല്ല
ഗൗതം ഗംഭീര്‍ രോഹിത്തിന്റെ ബാറ്റിങ് ശൈലിയെ പിന്തുണച്ചിരുന്നു. രോഹിത് പവര്‍പ്ലേയില്‍ ഇത്തരത്തില്‍ കടന്നാക്രമിച്ച് കളിക്കണമെന്നാണ് ഗംഭീര്‍ പറയുന്നത്. എന്നാല്‍ രോഹിത് വെടിക്കെട്ട് തുടക്കം നല്‍കുമ്പോഴും വലിയ സ്‌കോറിലേക്ക് ഉയരാന്‍ സാധിക്കുന്നില്ല. പവര്‍പ്ലേയ്ക്കുള്ളില്‍ രോഹിത് ശര്‍മ പുറത്താവുന്നതാണ് ഇന്ത്യയെ പിന്നോട്ടടിക്കുന്നത്. രോഹിത് പുറത്താവുന്നത് ഇന്ത്യയുടെ റണ്ണൊഴുക്കിന്റെ വേഗം കുറക്കുന്നു.
രോഹിത് അനായാസം സിക്‌സര്‍ പറത്താന്‍ ശേഷിയുള്ള താരമാണ്. സെഞ്ച്വറി കടന്നാല്‍ ഇരട്ട സെഞ്ച്വറിയിലേക്കെത്താന്‍ കഴിവുള്ള താരമാണ് രോഹിത്. മൂന്ന് തവണ ഈ നേട്ടത്തിലേക്കെത്താന്‍ രോഹിത്തിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ രോഹിത് പരമാവധി സമയം ബാറ്റ് ചെയ്യാന്‍ ശ്രമിക്കണമെന്നാണ് ഗവാസ്‌ക്കര്‍ ആവശ്യപ്പെടുന്നത്. പരിശീലകനായ ഗംഭീര്‍ രോഹിത്തിന്റെ ആക്രമണ ശൈലിയെ മാത്രം പ്രശംസിക്കുന്നത് ശരിയല്ല. കൂടുതല്‍ സമയം രോഹിത് ക്രീസില്‍ തുടരണമെന്ന് ഗംഭീര്‍ ഉപദേശിക്കണമെന്നാണ് ഗവാസ്‌ക്കര്‍ ആവശ്യപ്പെടുന്നത്.
ഗ്രൂപ്പ് ഘട്ടത്തില്‍ ന്യൂസീലന്‍ഡിനോട് ഇന്ത്യയുടെ ജയിച്ചെങ്കിലും കോലിയും രോഹിത്തും ഗില്ലുമെല്ലാം ഫ്‌ളോപ്പായിരുന്നു. അതുകൊണ്ടുതന്നെ ഫൈനലിലെ ഇവരുടെ പ്രകടനം ഇന്ത്യക്ക് സുപ്രധാനമാണ്.