പാകിസ്താനില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐസിസിയുടെ ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ ടീമിന്റെ പങ്കാളിത്തം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. പാകിസ്താനില്‍ കളിക്കാന്‍ തയ്യാറല്ലെന്ന നിലപാടിലാണ് ഇന്ത്യ. പകരം തങ്ങളുടെ മല്‍സരങ്ങള്‍ ദുബായിലേക്കോ, മറ്റേതെങ്കിലും വേദിയിലേക്കോ മാറ്റണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. അതിനിടെ ഇന്ത്യന്‍ ടീം പിന്‍മാറിയാല്‍ പകരം ശ്രീലങ്കയെ ടൂര്‍ണമെന്റില്‍ ഐസിസി ഉള്‍പ്പെടുത്തിയേക്കുമെന്നു പല പാകിസ്താന്‍ മാധ്യമപ്രവര്‍ത്തകരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
അതിനിടെ ഇന്ത്യയേക്കാള്‍ നല്ലത് ശ്രീലങ്കന്‍ ടീമാണെന്നു അഭിപ്രായപ്പെട്ടിരിക്കുകയാണ് പാക് മാധ്യമപ്രവര്‍ത്തകര്‍ ഫരീദ് ഖാന്‍. ഇതിനു പിന്നാലെ ഇന്ത്യന്‍ ഫാന്‍സ് അദ്ദേഹത്തെ പരിഹസിക്കുകയും ചെയ്തു. എക്‌സിലൂടെയായിരുന്നു ഇന്ത്യന്‍ ടീമിനെ താഴ്ത്തിക്കെട്ടുന്ന തരത്തിലുള്ള ഫരീദ് ഖാന്റെ പോസ്റ്റ്.

2025ല്‍ പാകിസ്താനില്‍ നടക്കാനിരിക്കുന്ന ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയേക്കാള്‍ നന്നായി ശ്രീലങ്ക പെര്‍ഫോം ചെയ്യും. അവരാണ് കൂടുതല്‍ മല്‍സരബുദ്ധിയുള്ള ടീം, ഇന്ത്യ ഒഴിവായാല്‍ കളിക്കാന്‍ അര്‍ഹതയും ലങ്കയ്ക്കാണ്. നമ്മുടെ അയല്‍ക്കാര്‍ പോലും ഇക്കാര്യം സമ്മതിച്ചു തരുമെന്നായിരുന്നു ഇന്ത്യന്‍ ടീമിനെക്കുറിച്ചുള്ള ഫരീദ് ഖാന്റെ പോസ്റ്റ്.
ഇന്ത്യന്‍ ആരാധകരെ ഈ പോസ്റ്റ് ശരിക്കും ക്ഷുഭിതരാക്കിയിരിക്കുകയാണ്. അവര്‍ അദ്ദേഹത്തെ രൂക്ഷമായി വിമര്‍ശിക്കുകയും കളിയാക്കുകയും ചെയ്തിട്ടുണ്ട്. നിങ്ങള്‍ പറഞ്ഞത് വളരെ ശരിയാണ്. പാകിസ്താനേക്കാള്‍ മല്‍സരബുദ്ധിയുള്ളവരാണ് ശ്രീലങ്ക. ഇന്ത്യയുമായി പോരാടാന്‍ ഒരിക്കലും പാകിസ്താനു സാധിക്കില്ലെന്നും ആരാധകര്‍ പരിഹസിക്കുന്നു.
2023ലെ ഏഷ്യാ കപ്പിന്റെ ഫൈനല്‍ നിങ്ങള്‍ കണ്ടിരുന്നില്ലേ? അന്നു ശ്രീലങ്കയെ ഇന്ത്യന്‍ ടീം വാരിക്കളഞ്ഞത് മറന്നതാണോ, അല്ലെങ്കില്‍ മനപ്പൂര്‍വ്വം കണ്ടില്ലെന്നു നടിക്കുകയാണോ? ഫൈനലില്‍ ഇന്ത്യന്‍ ബൗളിങിനു മുന്നില്‍ തരിപ്പണമായ ശ്രീലങ്ക 15.2 ഓവറില്‍ വെറും 50 റണ്‍സിനാണ് ഓള്‍ഔട്ടായത്. ഇന്ത്യ 6.1 ഓവറില്‍ വെറും 51 റണ്‍സിനു അന്നു വിജയത്തിലെത്തിയതായും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു.
ഞങ്ങള്‍ ഇന്ത്യക്കാര്‍ സ്വന്തം താരങ്ങളുടെ സുരക്ഷയെക്കുറിച്ച് ചിന്തിക്കുന്നവരാണ്. ഒട്ടും സുരക്ഷിതമല്ലാത്ത പാകിസ്താന്‍ പോലെയുള്ള രാജ്യത്തേക്കു ഇന്ത്യന്‍ താരങ്ങള്‍ യാത്ര ചെയ്യരുത്. മറ്റു രാജ്യങ്ങളിലെ കളിക്കാരെ സംബന്ധിച്ച് പാകിസ്താനില്‍ കളിക്കുകയെന്നത് അത്ര വെല്ലുവിളിയുയര്‍ത്തുന്ന കാര്യമല്ല.
ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് പാകിസ്താന്‍ ഒട്ടും സുരക്ഷിതമല്ലാത്ത ഇടം തന്നെയാണ്. അതുകൊണ്ടു തന്നെ ഇന്ത്യന്‍ ടീം അവിടെ കളിക്കാന്‍ തയ്യാറാവുന്നില്ലെങ്കില്‍ അതാണ് ശരിയായ തീരുമാനമെന്നും ആരാധകര്‍ പറയുന്നു.

ഇന്ത്യക്കു പകരം ശ്രീലങ്കയാണ് ചാംപ്യന്‍സ് ട്രോഫി കളിക്കുന്നതെങ്കില്‍ പാകിസ്താനു അവര്‍ക്കെതിരേ വിജയപ്രതീക്ഷയുണ്ട്. ഇന്ത്യയോടു ഏറ്റുമുട്ടിയാല്‍ നിങ്ങള്‍ അതു താങ്ങില്ല. കഴിഞ്ഞ ഏകദിന ലോകകപ്പ്, ടി20 ലോകകപ്പ്, ഏഷ്യാ കപ്പ് എന്നിവയിലെല്ലാം ഇന്ത്യയുമായി ഏറ്റുമുട്ടിയപ്പോഴുള്ള അനുഭവം മറന്നോ? ഇതൊന്നും പരിഗണിക്കാതെയാണ് ശ്രീലങ്കയാണ് ഇന്ത്യയേക്കാള്‍ കേമന്‍മാരെന്നു പാക് മാധ്യമപ്രവര്‍ത്തകന്‍ ചൂണ്ടിക്കാണിക്കുന്നതെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു.
ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയേക്കാള്‍ മിടുക്കരാണ് ശ്രീലങ്കയെന്നു പറയാന്‍ നിങ്ങള്‍ക്കു നാണമില്ലേ? ഈ തരത്തിലുള്ള മണ്ടത്തരങ്ങള്‍ പറയും മുമ്പ് ലോക ക്രിക്കറ്റില്‍ ഇന്ത്യയും ശ്രീലങ്കയും ഇപ്പോള്‍ എവിടെ നില്‍ക്കുന്നുവെന്ന് കൂടി നോക്കേണ്ടതുണ്ട്. ഇന്ത്യന്‍ ടീം കളിച്ചാല്‍ സ്വന്തം നാട്ടുകാര്‍ക്കു മുന്നിലും പാകിസ്താന്‍ ടീം നാണംകെടും. ഈ കാരണത്താലാണ് ഈ തരത്തിലുള്ള വില കുറഞ്ഞ അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നതെന്നും ആരാധകര്‍ തുറന്നടിച്ചു.
അതേസമയം, ഐസിസിയുടെ ഏകദിന റാങ്കിങില്‍ ആദ്യത്തെ ഏഴു സ്ഥാനങ്ങളിലുള്ള ടീമുകള്‍ക്കൊപ്പം ആതിഥേയരായ പാകിസ്താനുമാണ് ഇത്തവണത്തെ ചാംപ്യന്‍സ് ട്രോഫിയിലുള്ളത്. ഇതാദ്യമായാണ് ശ്രീലങ്കയ്ക്കു ടൂര്‍ണമെന്റിലേക്കു യോഗ്യത നേടാന്‍ സാധിക്കാതെ പോയത്.