ദുബായ്: ന്യൂസിലാന്‍ഡിനെതിരായ ചാംപ്യന്‍സ് ട്രോഫിയിലെ സൂപ്പര്‍ പോരില്‍ തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്നും കരകയറിയ ടീം ഇന്ത്യ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ഇതിനു ടീമിനെ സഹായിച്ചത് നാലാം നമ്പറില്‍ കളിച്ച ശ്രേയസ് അയ്യരുടെ (79) കിടിലന്‍ ഫിഫ്റ്റിയാണ്. അര്‍ഹിച്ച സെഞ്ച്വറി നഷ്ടമായെങ്കിലും ഇന്ത്യയുടെ മാനംകാത്ത ഇന്നിങ്‌സ് കളിക്കാനായതില്‍ അദ്ദേഹത്തിനു തീര്‍ച്ചയായും അഭിമാനിക്കാം.
98 ബോളില്‍ നാലു ഫോറും രണ്ടു സിക്‌സറുമുള്‍പ്പെട്ടതാണ് ശ്രേയസിന്റെ ഇന്നിങ്‌സ്. ഏകദിന ഫോര്‍മാറ്റില്‍ തന്റെ ഫേവറിറ്റ് എതിരാളികള്‍ കിവികള്‍ തന്നെയാണെന്നു ഈ കളിയിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ അദ്ദേഹം വീണ്ടും തെളിയിച്ചിരിക്കുകയാണ്. ന്യൂസിലാന്‍ഡിനെിരേ ഏകദിനത്തില്‍ അതിശയിപ്പിക്കുന്ന റെക്കോര്‍ഡ് തന്നെയാണ് ശ്രേയസിനുള്ളത്. താരത്തിന്റെ റെക്കോര്‍ഡിനെക്കുറിച്ചറിയാം.

സൂപ്പര്‍ ശ്രേയസ്
ന്യൂസിലാന്‍ഡിനെതിരേ ഏകദിനത്തില്‍ ശ്രേയസ് അയ്യരുടെ റെക്കോര്‍ഡ് ആരെയും ഞെട്ടിക്കുക തന്നെ ചെയ്യും. ഈ ഫോര്‍മാറ്റില്‍ അവര്‍ക്കെതിരേ അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി 70.37 ആണെന്നു കണക്കുകള്‍ പറയുന്നു. ഇതുവരെ എട്ടു ഏകദിനങ്ങളിലാണ് കിവികള്‍ക്കെതിരേ ശ്രേയസ് കളിച്ചിട്ടുള്ളത്. ഇതില്‍ രണ്ടു സെഞ്ച്വറി പ്ലസ് സ്‌കോറുകളും നാലു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും അദ്ദേഹം കുറിക്കുകയും ചെയ്തു.
ന്യൂസിലാന്‍ഡിനെതിരേ ശ്രേയസിന്റെ ഉയര്‍ന്ന സ്‌കോര്‍ 105 റണ്‍സാണ്. മറ്റൊരു കളിയില്‍ 103 റണ്‍സും അദ്ദേഹം സ്‌കോര്‍ ചെയ്തു. 103, 52, 62, 80, 49, 33, 105, 79 എന്നിങ്ങനെയാണ് ഏകദിനത്തില്‍ കിവികള്‍തിരേ ശ്രേയസിന്റെ ഇതുവരെയുള്ള സ്‌കോറുകള്‍.
അതേസമയം, ഏകദിനത്തില്‍ ശ്രേയസിന്റെ അവസാനത്തെ ആറിന്നിങ്‌സുകളെടുത്താല്‍ അതില്‍ ഒന്നില്‍ മാത്രമേ ഫ്‌ളോപ്പായിട്ടുള്ളൂയെന്നു കാണാം. ആറില്‍ നാലിലും താരം ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ കുറിക്കുകയും ചെയ്തു. 59 റണ്‍സ് (എതിരാളി ഇംഗ്ലണ്ട്), 44 (ഇംഗ്ലണ്ട്), 78 (ഇംഗ്ലണ്ട്), 15 (ബംഗ്ലാദേശ്), 56 (പാകിസ്താന്‍), 79 (ന്യൂസിലാന്‍ഡ്) എന്നിങ്ങനെയാണ് ശ്രേയസിന്റെ സ്‌കോറുകള്‍.
ഇന്ത്യയുടെ തുറുപ്പുചീട്ട്
ന്യൂസിലാന്‍ഡിനെതിരേ മാത്രമല്ല, ഐസിസി ടൂര്‍ണമെന്റുകളിലും ഇന്ത്യയുടെ തുറുപ്പുചീട്ടുകളിലൊരാളാണ് ശ്രേയസ് അയ്യരെന്നു നിസംശയം പറയാം. ദേശീയ ടീമിനായി ഐസിസി ടൂര്‍ണമെന്റുകളില്‍ ഇതിനകം 14 ഇന്നിങ്‌സുകളിലാണ് അദ്ദേഹം കളിച്ചിട്ടുള്ളത്.
ഇവയില്‍ 61.81 എന്ന തകര്‍പ്പന്‍ ശരാശരിയില്‍ 680 റണ്‍സും വാരിക്കൂട്ടി. രണ്ടു സെഞ്ച്വറികളും അഞ്ചു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഇതിലുള്‍പ്പെടും. 104.61 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റും ശ്രേയസിനുണ്ട്.

ഭേദപ്പെട്ട സ്‌കോര്‍
ന്യൂസിലാന്‍ഡിനെതിരായ ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഇന്ത്യ ഭേദപ്പെട്ട സ്‌കോറാണ് നേടിയിരിക്കുന്നത്. ഇന്ത്യയുടെ തുടക്കം പാളിയിരുന്നു. ഏഴാം ഓവറില്‍ മൂന്നു വിക്കറ്റിന് 30 റണ്‍സിലേക്ക്ു ടീം കൂപ്പുകുത്തി.
എന്നാല്‍ നാലാം വിക്കറ്റില്‍ അക്ഷര്‍ പട്ടേലിനെ കൂട്ടുപിടിച്ച് ശ്രേയസ് അയ്യര്‍ ഇന്ത്യയെ രക്ഷിക്കുകയായിരുന്നു. 98 റണ്‍സാണ് ഈ ജോടി ടീം ടോട്ടലിലേക്കു കൂട്ടിച്ചേര്‍ത്തത്. ഇതോടെ മൂന്നിന് 30ല്‍ നിന്നും ഇന്ത്യ 100 കടക്കുകയും ചെയ്തു. ടീം സ്‌കോര്‍ 128ല്‍ വച്ച് അക്ഷറിനെ പുറത്താക്കി രചിന്‍ രവീന്ദ്രയാണ് ഇന്ത്യന്‍ കുതിപ്പിന് ബ്രേക്കിട്ടത്.