അന്താരാഷ്ട്ര കരിയറിലെ ഏറ്റവും മോശം ഫോമിലൂടെ കടന്നു പോവുകയാണ് ഇന്ത്യന്‍ ക്യാപ്റ്റനും സ്റ്റാര്‍ ഓപ്പണറുമായ രോഹിത് ശര്‍മ. അവസാനമായി കളിച്ച രണ്ടു പരമ്പരകളിലും അദ്ദേഹം വന്‍ ഫ്‌ളോപ്പായിരുന്നു. ന്യൂസിലാന്‍ഡുമായി നാട്ടില്‍ നടന്ന മൂന്നു ടെസ്റ്റുകളുടെ പരമ്പരയില്‍ 100 റണ്‍സ് പോലും തികയ്ക്കാന്‍ അദ്ദേഹത്തിനായില്ല. അതിനു പിന്നാലെ ഓസ്‌ട്രേലിയയുമായുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലും രോഹിത് ദുരന്തമായി. മൂന്നു ടെസ്റ്റില്‍ നേടാനായത് വെറും 31 റണ്‍സ് മാത്രം.
ഇനി അടുത്ത മാസം തുടങ്ങാനിരിക്കുന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിയിലാവും ഹിറ്റ്മാന്‍ കളിച്ചേക്കുകയെന്നാണ് സൂചനകള്‍. അതിനു മുമ്പ് ഇംഗ്ലണ്ടുമായി ഏകദിന പരമ്പര ഇന്ത്യക്കുണ്ടെങ്കിലും രോഹിത്തിന് വിശ്രമം നല്‍കിയേക്കുമെന്നാണ് വിവരം. ചാംപ്യന്‍സ് ട്രോഫിയിലും ഫ്‌ളോപ്പായി മാറിയാല്‍ രോഹിത് എന്തു ചെയ്യണമെന്നതാണ് സുപ്രധാനമായ ചോദ്യം. ഇതേക്കുറിച്ചു നോക്കാം.

രോഹിത്തിന്റെ ഫോം
കഴിഞ്ഞ വര്‍ഷം രോഹിത് ശര്‍മയെ സംബന്ധിച്ചിടത്തോളം ബാറ്ററെന്ന നിലയില്‍ വളരെ മോശം വര്‍ഷം തന്നെയായിരുന്നു. 14 ടെസ്റ്റുകളിലാണ് നാട്ടിലും പുറത്തുമായി 2024ല്‍ അദ്ദേഹം കളിച്ചത്. ഇവയില്‍ നിന്നും സ്‌കോര്‍ ചെയ്യാനായതാവട്ടെ വെറും 619 റണ്‍സ് മാത്രമാണ്. 24 എന്ന മോശം ശരാശരിയിലായിരുന്നു ഇത്. രോഹിത് നേരത്തേ ഇന്ത്യക്കായി നടത്തിയിട്ടുള്ള പ്രകടനങ്ങള്‍ വിലയിരുത്തുമ്പോള്‍ ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്ത കാര്യമാണിത്.
തുടരെ ബാറ്റിങില്‍ ഫ്‌ളോപ്പായിക്കൊണ്ടിരുന്നത് രോഹിത്തിന്റെ ആത്മവിശ്വാസത്തെയും സാരമായി ബാധിച്ചതായി ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ പ്രകടനവും അടിവരയിടുന്നു. ഒടുവില്‍ സ്വന്തം ഫോം കാരണം സിഡ്‌നിയിലെ അവസാന ടെസ്റ്റില്‍ നിന്നും അദ്ദേഹം പിന്‍മാറിയത് ആരാധകരെയും ശരിക്കും ഞെട്ടിച്ചിരുന്നു.
ഏകദിനത്തിലെ പ്രകടനം
ടെസ്റ്റ് ക്രിക്കറ്റില്‍ തുടരെ ഫ്‌ളോപ്പായതു കൊണ്ടു മാത്രം ഏകദിന ഫോര്‍മാറ്റിലുള്ള ചാംപ്യന്‍സ് ട്രോഫിയിലും രോഹിത് ശര്‍മ ബാറ്റിങില്‍ ക്ലിക്കാവില്ലെന്നു നമുക്കു ഉറപ്പിക്കാന്‍ സാധിക്കില്ല. ഒരുപക്ഷെ വിമര്‍ശകരുടെ വായടപ്പിച്ചുകൊണ്ട് ഹിറ്റ്മാന്റെ വമ്പന്‍ തിരിച്ചുവരവിന് ചാംപ്യന്‍സ് ട്രോഫി വേദിയായേക്കുകയും ചെയ്യും.
കഴിഞ്ഞ വര്‍ഷം വെറും മൂന്നു ഏകദിനങ്ങളില്‍ മാത്രമേ രോഹിത് കളിച്ചിരുന്നുള്ളൂ. ഇവയില്‍ നിന്നും 52 ശരാശരിയില്‍ 150ന് മുകളില്‍ റണ്‍സും അദ്ദേഹം സ്‌കോര്‍ ചെയ്തു. 2023ലാവട്ടെ 27 മല്‍സരങ്ങളില്‍ നിന്നും രോഹിത് അടിച്ചെടുത്തത് 1255 റണ്‍സുമാണ്.
ഇതേ വര്‍ഷമാണ് ഐസിസിയുടെ ഏകദിന ലോകകപ്പും നടന്നത്. ഇതില്‍ 500 പ്ലസ് റണ്‍സുമായി അദ്ദേഹം റണ്‍വേട്ടയില്‍ രണ്ടാമതുമെത്തി. ഇനി ഈ വര്‍ഷവും ഏകദിനത്തില്‍ രോഹിത്തിന്റെ ഗംഭീര പ്രകടനം കണ്ടാല്‍ അദ്ഭുതപ്പെടാനില്ല. പക്ഷെ അതു സംഭവിച്ചില്ലെങ്കില്‍ അദ്ദേഹം ഭാവിയെക്കുറിച്ച് ഉറച്ച തീരുമാനമെടുക്കണം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതിനെക്കുറിച്ച് അദ്ദേഹത്തിനു ഗൗരവമായി തന്നെ ആലോചിക്കാവുന്നതാണ്.

ജയ്‌സ്വാള്‍ വരട്ടെ
ചാംപ്യന്‍സ് ട്രോഫിയിലും ബാറ്റിങില്‍ ക്ലിക്കായില്ലെങ്കില്‍ തനിക്കു പിന്നില്‍ അവസരം കാത്തിരിക്കുന്ന യുവതാരങ്ങള്‍ക്കായി രോഹിത് ശര്‍മ വഴി മാറിക്കൊടുക്കേണ്ടത് പ്രധാനമാണ്. രോഹിത് വിരമിച്ചാല്‍ ഈ റോള്‍ അടുത്ത 10 വര്‍ഷത്തേക്കെങ്കിലും ഏറ്റെടുക്കാന്‍ തയ്യാറായി നില്‍ക്കുകയാണ് യുവ ബാറ്റിങ് സെന്‍സേഷന്‍ യശസ്വി ജയ്‌സ്വാള്‍.
Champions Trophy 2025: രോഹിത്തടക്കം 4 പേര്‍ ഔട്ട്!! ഫോമില്ലാത്തവര്‍ വേണ്ട, ഈ 11 സൂപ്പര്‍
മറ്റൊരു യുവതാരമായ ശുഭ്മന്‍ ഗില്‍ നേരത്തേ തന്നെ ഓപ്പണിങില്‍ സ്ഥാനമുറപ്പിച്ചു കഴിഞ്ഞതാണ്. അതുകൊണ്ടു തന്നെ ഏകദിനത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ മുന്നോട്ടു നയിക്കുക ഗില്‍- ജയ്‌സ്വാള്‍ ജോടിയായിരിക്കും.
ടി20, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ ജയ്‌സ്വാള്‍ ഇതിനകം കളിക്കുകയും തകര്‍പ്പന്‍ പ്രകടനങ്ങളിലൂടെ ടീമില്‍ സ്ഥാനവും ഉറപ്പിച്ചു കഴിഞ്ഞു. ടെസ്റ്റില്‍ 53നടുത്ത് ശരാശരിയില്‍ താരം വാരിക്കൂട്ടിയത് 1798 റണ്‍സാണ്. ടി20യിലാവട്ടെ ഒരു സെഞ്ച്വറിയടക്കം നേടിയ ജയ്‌സ്വാളിനു 36 എന്ന മോശമല്ലാത്ത ശരാശരിയുമുണ്ട്.