ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ എല്ലാവരും സൂപ്പര്‍ പോരാട്ടമാണ് പ്രതീക്ഷിച്ചത്. എന്നാല്‍ ഇന്ത്യയുടെ സര്‍വാധിപത്യ ജയമാണ് ദുബായില്‍ കാണാനായത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 241 റണ്‍സിനാണ് പുറത്തായത്. രണ്ട് പന്തുകള്‍ ബാക്കി നിര്‍ത്തിയാണ് പാകിസ്താന്‍ ഓള്‍ഔട്ടായത്. മറുപടിക്കിറങ്ങിയ ഇന്ത്യ അനായാസം വിജയ ലക്ഷ്യം മറികടന്നു.
45 പന്തുകള്‍ ബാക്കി നിര്‍ത്തി ആറ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്തത് മുതല്‍ തൊട്ടതെല്ലാം പാകിസ്താന് പിഴച്ചുവെന്ന് പറയാം. പാകിസ്താന്റെ പുതിയ നായകന്‍ മുഹമ്മദ് റിസ്വാന് കീഴില്‍ ടീം അത്ഭുതം പ്രതീക്ഷിച്ചിരുന്നെങ്കിലും ഇന്ത്യക്ക് കീഴില്‍ തകര്‍ന്നടിഞ്ഞു. പാകിസ്താന്റെ ബാറ്റിങ് നിര തീര്‍ത്തും നിറം മങ്ങിയതാണ് ടീമിന് വലിയ നാണക്കേട് സൃഷ്ടിച്ചത്. ബാബര്‍ അസമടക്കം പ്രധാന താരങ്ങളൊന്നും ഉത്തരവാദിത്തം കാട്ടിയില്ല.
ഇപ്പോഴിതാ ബാബര്‍ അസമിനെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുകയാണ് മുന്‍ പാകിസ്താന്‍ സൂപ്പര്‍ താരമായ ഷുഹൈബ് അക്തര്‍. പിആറില്‍ ശ്രദ്ധിച്ച് ഹീറോയാകാന്‍ നോക്കാതെ പ്രകടനംകൊണ്ട് മികവ് കാട്ടണമെന്നാണ് അക്തര്‍ നിര്‍ദേശിക്കുന്നത്.
ബാബറിനെ വിശ്വസിക്കാന്‍ സാധിക്കില്ല
മുന്‍ പാകിസ്താന്‍ നായകനായ ബാബര്‍ അസമിനെ നിലവിലെ ഏറ്റവും മികച്ച താരമായാണ് പാകിസ്താന്‍ ആരാധകര്‍ കാണുന്നത്. അതുകൊണ്ടുതന്നെ വിരാട് കോലിയെക്കാള്‍ കേമനെന്നടക്കമുള്ള പല വിശേഷണങ്ങളും ബാബറിന് പാകിസ്താന്‍ ആരാധകര്‍ നല്‍കാറുണ്ട്. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തോളമായുള്ള ബാബര്‍ അസമിന്റെ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ്. ഇന്ത്യക്കെതിരേയും ബാബറിന് കാര്യമായൊന്നും ചെയ്യാനായില്ലെന്നതാണ് എടുത്തു പറയേണ്ടത്.

26 പന്തില്‍ 23 റണ്‍സാണ് ബാബര്‍ അസം നേടിയത്. 'എപ്പോഴും ബാബര്‍ അസമിനെ വിരാട് കോലിയുമായി താരതമ്യം ചെയ്യുകയാണ്. എന്നാല്‍ ഇപ്പോള്‍ പറയൂ കോലിയേക്കാള്‍ മികച്ചവനാണോ ബാബര്‍?. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 100 അന്താരാഷ്ട്ര സെഞ്ച്വറിയെന്ന റെക്കോഡിലേക്ക് അടുക്കുകയാണ് കോലി. ബാബര്‍ പിആറില്‍ മാത്രമാണ് ഹീറോ. പ്രധാനപ്പെട്ട ഒരു താരവും ബാബറിനെ ഹീറോയായി കാണുന്നില്ല. നിങ്ങള്‍ തെറ്റായ ഹീറോകളെ തിരഞ്ഞെടുക്കരുത്. ചിലരെ വിശ്വസിക്കാനാവില്ല. പണംകൊടുത്ത് ഹീറോയാകാനാണ് ചിലര്‍ ശ്രമിക്കുന്നത്' അക്തര്‍ പറഞ്ഞു.
വിരാട് കോലിയെ മാതൃകയാക്കണം
സമീപകാലത്തെ വിരാട് കോലിയുടെ പ്രകടനം വലിയ പ്രതീക്ഷ നല്‍കുന്നതായിരുന്നില്ല. പഴയ ഫോമില്‍ കളിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. എന്നാല്‍ ഏറ്റവും പ്രധാന മത്സരത്തില്‍ നിര്‍ണ്ണായക സെഞ്ച്വറിയോടെയാണ് കോലി കരുത്തുകാട്ടിയത്. 111 പന്ത് നേരിട്ട് 7 ബൗണ്ടറി ഉള്‍പ്പെടെയാണ് കോലിയുടെ മിന്നും ബാറ്റിങ്. മോശം ഷോട്ടുകള്‍ക്ക് ശ്രമിക്കാതെ മത്സരത്തിന്റെ സാഹചര്യത്തിനനുസരിച്ച് കളിക്കാന്‍ വിരാട് കോലിക്ക് സാധിച്ചു. 51ാം ഏകദിന സെഞ്ച്വറിയാണ് കോലി നേടിയെടുത്തത്.

ഇപ്പോഴും ബാല്യം തനിക്ക് ശേഷിക്കുന്നുണ്ടെന്ന് വിമര്‍ശകരോട് പ്രകടനംകൊണ്ട് പറയാന്‍ കോലിക്ക് സാധിച്ചു. കോലിയെ മാതൃകയാക്കണമെന്നാണ് അക്തര്‍ പറയുന്നത്. 'വിരാട് കോലിയുടെ പ്രകടനം നോക്കൂ. പാകിസ്താനെതിരേ കളിക്കുമ്പോള്‍ എപ്പോഴും മികവ് കാട്ടാന്‍ കോലിക്ക് സാധിക്കാറുണ്ട്. അവന്റെ മികവിന് കൈയടിക്കാതെ വയ്യ. സൂപ്പര്‍ താരമാണവന്‍. നിലവിലെ ഏറ്റവും മികച്ചവന്‍ കോലിയാണെന്ന് നിസംശയം പറയാം. അവന്റെ പ്രകടനം വളരെയധികം സന്തോഷം നല്‍കുന്നു. എല്ലാ അഭിനന്ദനങ്ങളും അവന്‍ അര്‍ഹിക്കുന്നു' അക്തര്‍ കൂട്ടിച്ചേര്‍ത്തു.
സെമി കാണാതെ പാകിസ്താന്‍ പുറത്ത്
ഇടവേളക്ക് ശേഷമാണ് പാകിസ്താന്‍ ആതിഥേയരായി ഒരു ഐസിസി ടൂര്‍ണമെന്റ് നടക്കുന്നത്. അതുകൊണ്ടുതന്നെ വലിയ ജയത്തോടെ കരുത്തുകാട്ടി പാകിസ്താന് കിരീടം നേടാനാവുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ന്യൂസീലന്‍ഡിനോട് സ്വന്തം തട്ടകമായ കറാച്ചിയില്‍ തോറ്റ പാകിസ്താന്‍ ചിരവൈരികളായ ഇന്ത്യയോട് ദുബായിലും മുട്ടുകുത്തിയിരിക്കുകയാണ്. ഇതോടെയാണ് ടീം സെമി കാണാതെ ഇപ്പോള്‍ പുറത്തായിരിക്കുന്നത്.