ടി20 ലോകകപ്പില്‍ കിരീടമുയര്‍ത്തിയതോടെ ഇന്ത്യന്‍ ടീമിന്റെ അടുത്ത ലക്ഷ്യം 2025ല്‍ നടക്കാനിരിക്കുന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിയാണ്. ഏകദിന ഫോര്‍മാറ്റിലുള്ള ഈ ടൂര്‍ണമെന്റിനു വേദിയാവുന്നത് പാകിസ്താനാണ്. പുതുതായി സ്ഥാനമേറ്റെടുക്കുന്ന കോച്ച് ഗൗതം ഗംഭീറിനു മുന്നിലുള്ള ആദ്യത്തെ ചാലഞ്ചും ഈ ടൂര്‍ണമെന്റില്‍ ജയിക്കുകയെന്നതാണ്. സീനിയര്‍ താരങ്ങളെല്ലാം ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമാവുമെന്നു ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കിക്കഴിഞ്ഞു. അതുകൊണ്ടു തന്നെ താരനിബിഡമായ മികച്ചൊരു സ്‌ക്വാഡിനെ തന്നെ പ്രതീക്ഷിക്കാം.
രോഹിത് ശര്‍മ തന്നെയായിരിക്കും ടൂര്‍ണമെന്റില്‍ ഇന്ത്യയെ നയിക്കുക. മുന്‍ നായകനും ഇതിഹാസ ബാറ്ററുമായ വിരാട് കോലിയും ടീമിലുണ്ടാവും. ടി20 ലോകകപ്പ് വിജയത്തിനു ശേഷം ഇരുവരും ടി20 ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചിരുന്നു. ഒരുപക്ഷെ ചാംപ്യന്‍സ് ട്രോഫിയോടെ ഏകദിനത്തിലും രോഹിത്തും കോലിയും വിരമിച്ചേക്കാനും സാധ്യതയുണ്ട്. ഈ ടൂര്‍ണമെന്റിലും ഇന്ത്യക്കു കിരീടം നേടാനായാല്‍ കളി നിര്‍ത്താന്‍ അതിലും നല്ലൊരു മുഹൂര്‍ത്തം ഇരുവര്‍ക്കും ലഭിക്കാനുമില്ല.

2027ലാണ് അടുത്ത ഏകദിന ലോകകപ്പ് നടക്കാനിരിക്കുന്നത്. പ്രായം പരിഗണിക്കുമ്പോള്‍ രോഹിത്തും കോലിയും ഇതില്‍ കളിക്കാനുള്ള സാധ്യത തീരെ കുറവാണ്. അതിനാല്‍ തന്നെ ചാംപ്യന്‍സ് ട്രോഫി വിജയം ഇരുവരെയും സംബന്ധിച്ച് ഏറെ പ്രധാനവുമായിരിക്കും. സമാപിച്ച ടി20 ലോകകപ്പില്‍ ഇന്ത്യന്‍ സംഘത്തില്‍ ഇല്ലാതിരുന്ന ചിലരെ ചാംപ്യന്‍സ് ട്രോഫിയില്‍ കാണാന്‍ സാധിക്കും. സ്റ്റാര്‍ ബാറ്ററും വിക്കറ്റ് കീപ്പറുമായ കെഎല്‍ രാഹുല്‍, മറ്റൊരു മധ്യനിര ബാറ്ററായ ശ്രേയസ് അയ്യര്‍ എന്നിവരാവും ഈ രണ്ടു പേര്‍. കൂടാതെ സീനിയര്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയും ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ ടീമിലുണ്ടാവും.
കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പില്‍ രാഹുലായിരുന്നു ഇന്ത്യക്കായി വിക്കറ്റ് കാത്തത്. അഞ്ചാം നമ്പറില്‍ ഇറങ്ങി ബാറ്റിങില്‍ അദ്ദേഹം മിന്നിക്കുകയും ചെയ്തു. ചാംപ്യന്‍സ് ട്രോഫിയിലും ഈ റോള്‍ രാഹുലിനായിരിക്കും. രണ്ടാമത്തെ വിക്കറ്റ് കീപ്പറുടെ റോളിലേക്കു റിഷഭ് പന്തും സഞ്ജു സാംസണും തമ്മിലായിരിക്കും പിടിവലി. ടി20 ലോകകപ്പില്‍ റിഷഭ് ബാറ്റിങില്‍ ഫ്‌ളോപ്പായിരുന്നു.

ടി20യെ അപേക്ഷിച്ച് ഏകദിനത്തില്‍ അദ്ദേഹത്തിനു മികച്ച റെക്കോര്‍ഡുണ്ടെങ്കിലും ചാംപ്യന്‍സ് ട്രോഫിയില്‍ സഞ്ജു വേണം. ഏകദിനത്തില്‍ മികച്ച പ്രകടനമാണ് സഞ്ജുവിനും അവകാശപ്പെടാനുള്ളത്. കൂടാതെ മലയാളി താരം ടീമിലുള്ളത് ഭാഗ്യം കൊണ്ടുവരുമെന്നു ടി20 ലോകകപ്പ് നേട്ടത്തോടെ വീണ്ടും തെളിഞ്ഞു കഴിഞ്ഞു. അതിനാല്‍ റിഷഭിനു പകരം സഞ്ജു ടീമില്‍ ഇടം പിടിച്ചേക്കും. രാഹുലിനു പ്ലെയിങ് ഇലവനില്‍ സ്ഥാനമുറപ്പായതിനാല്‍ അദ്ദേഹം അവസരം പ്രതീക്ഷിക്കേണ്ടതില്ല.
ബാറ്റിങ് ലൈനപ്പില്‍ ശ്രേയസ് മടങ്ങിയെത്തുമ്പോള്‍ സ്ഥാനം നഷ്ടമാവുക സൂര്യകുമാര്‍ യാദവിനാണ്. ടി20 സ്‌പെഷ്യലിസ്റ്റായ സ്‌കൈയ്ക്കു ഏകദിനത്തില്‍ ഇനിയും യാതൊരു ഇംപാക്ടുമുണ്ടാക്കാനായിട്ടില്ല. കഴിഞ്ഞ ലോകകപ്പില്‍ അദ്ദേഹം ബാറ്റിങില്‍ വന്‍ ഫ്‌ളോപ്പായിരുന്നു. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ടി20യില്‍ നിന്നും വിരമിച്ചെങ്കിലും ചാംപ്യന്‍സ് ട്രോഫിയില്‍ അവസരം കിട്ടിയേക്കും. കാരണം ടി20യെ അപേക്ഷിച്ച് ഏകദിന ഫോര്‍മാറ്റില്‍ കൂടുതല്‍ മികച്ച പ്രകടനങ്ങള്‍ നടത്താന്‍ അദ്ദേഹത്തിനു സാധിക്കും.
ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡ്
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പര്‍), റിങ്കു സിങ്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്.