ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനോടൊപ്പം കിരീടനേട്ടത്തില്‍ പങ്കാളിയായ മലയാളി താരം സഞ്ജു സാംസണ്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിയിലും അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. ടി20 ലോകകപ്പില്‍ ഒരു മല്‍സരത്തില്‍ പോലും കളിക്കാനായില്ലെങ്കിലും അദ്ദേഹത്തിന്റെ സാന്നിധ്യമാണ് ടീമിനു കിരീടനേട്ടം സമ്മാനിച്ചതെന്നാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.
അതിനാല്‍ തന്നെ വരാനിരിക്കുന്ന ചാംപ്യന്‍സ് ട്രോഫിയിലും സഞ്ജുവിനു നറുക്കുവീഴുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു. അതിനിടെ പുതിയൊരു വീഡിയോ പുറത്തുവന്നതോടെ അദ്ദേഹം ടീമില്‍ സ്ഥാനമുറപ്പാക്കിയെന്നു ഉറപ്പ് ലഭിച്ചെന്നാണ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പറയുന്നത്. എന്താണ് ഇതിനു പിന്നിലെ കാരണമെന്നു നമുക്കു നോക്കാം.

ദുബായിലുള്ള സഞ്ജു അവിടെ കിറ്റുമായി പരിശീലനത്തിനു എത്തുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ചുമലില്‍ ബാഗും തോളില്‍ ബാറ്റിന്റെ കിറ്റുകളുമേന്തി വെള്ള തൊപ്പിയും ധരിച്ച് സഞ്ജു നടന്നു പോവുന്ന വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. 12 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയുടെ അവസാനം അദ്ദേഹം വിജയചിഹ്നം കാണുക്കകയും ചെയ്യുന്നുണ്ട്. ഇതോടെയാണ് ഇതു ശുഭസൂചനയാണെന്നു ആരാധകര്‍ പറയുന്നത്.
ട്രെയ്‌നിങ് കിറ്റുമായി സഞ്ജു ദുബായില്‍, വീഡിയോ കാണാം
അടുത്ത ചാംപ്യന്‍സ് ട്രോഫി നടക്കുക പാകിസ്താനിലാണെങ്കിലും ഇന്ത്യയുടെ മല്‍സരങ്ങള്‍ക്കു ദുബായ് ആവും വേദിയായേക്കുക. ഇതു മുന്നില്‍ കണ്ടു തന്നെയാണ് സഞ്ജു സാംസണ്‍ ഇപ്പോള്‍ ദുബായില്‍ പരിശീലനം നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ ടീമില്‍ തനിക്കു തീര്‍ച്ചയായും സ്ഥാനമുണ്ടാവുമെന്നു സഞ്ജു ഉറപ്പിച്ചിരിക്കുകയാണെന്നു കൂടിയാണ് ഈ വീഡിയോ കാണിക്കുന്നതെന്നും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു.
ടി20 ലോകകപ്പിനു ശേഷം ഇനി നമുക്കു സഞ്ജു സാംസണിനെ 2025ലെ ചാംപ്യന്‍സ് ട്രോഫിയിലും കാണാം. ടീമിലുണ്ടാവുമെന്നു പുതിയ കോച്ച് ഗൗതം ഗംഭീറില്‍ നിന്നും അദ്ദേഹത്തിനു ഉറപ്പ് ലഭിച്ചിട്ടുണ്ടാവും. അല്ലെങ്കില്‍ മാസങ്ങള്‍ക്കു മുമ്പ് തന്നെ ഇന്ത്യയുടെ മല്‍സരങ്ങള്‍ നടക്കാനിരിക്കുന്ന ദുബായില്‍ തന്നെയെത്തി അദ്ദേഹം പരിശീലനം തുടങ്ങേണ്ട ആവശ്യമില്ല. പുതിയ കോച്ചായി ഗൗതം ഗംഭീര്‍ വന്നതോടെ ഇനി വരാനിരിക്കുന്നത് സഞ്ജുവിന്റെ നാളുകളാണെന്നും ആരാധകര്‍ വ്യാഖ്യാനിക്കുന്നു.
അതേസമയം, സമാപിച്ച സിംബാബ്‌വെ പര്യടനത്തിനു ശേഷം ഇന്ത്യന്‍ ടീമിനോടൊപ്പം മടങ്ങിവരുന്നതിനിടെ സഞ്ജുവും ഭാര്യ ചാരുലതയും ദുബായില്‍ തങ്ങിയതാണെന്നാണ് സൂചനകള്‍. സിംബാബ്‌വെയില്‍ നടന്ന അഞ്ചു ടി20കളുടെ പരമ്പരയില്‍ അദ്ദേഹം ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു. ശുഭ്മന്‍ ഗില്‍ നയിച്ച ഇന്ത്യന്‍ യുവനിരയുടെ വൈസ് ക്യാപ്റ്റനും കൂടിയായിരുന്നു അദ്ദേഹം.

ടി20 ലോകകപ്പ് വിജയാഘോഷത്തിന്റെ ഭാഗമായി ഇന്ത്യയില്‍ നടന്ന പരിപാടികളില്‍ പങ്കെടുത്തതിനാല്‍ സിംബാബ്‌വെ പര്യടനത്തിലെ ആദ്യത്തെ രണ്ടു ടി20കള്‍ സഞ്ജുവിനു നഷ്ടമായിരുന്നു. മൂന്നാം ടി20 മുതലാണ് അദ്ദേഹം ടീമിനൊപ്പം ചേര്‍ന്നത്. അവസാനത്തെ മൂന്നു മല്‍സരങ്ങളിലും സഞ്ജു കളിക്കുകയും ചെയ്തു.
പക്ഷെ രണ്ടിന്നിങ്‌സുകളില്‍ മാത്രമേ അദ്ദേഹത്തിനു ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചുള്ളൂ. ഒന്നിലാവട്ടെ വെറും ഏഴു ബോള്‍ മാത്രമാണ് സഞ്ജുവിനു നേരിടാനായത്. എന്നാല്‍ അഞ്ചാമത്തെയും അവസാനത്തെയും മല്‍സരത്തില്‍ അദ്ദേഹം ക്ഷീണം തീര്‍ത്തു. പവര്‍പ്ലേയില്‍ തന്നെ നാലാം നമ്പറില്‍ ക്രീസിലെത്തിയ സഞ്ജു ഫിഫ്റ്റിയുമായി (58) ഇന്ത്യന്‍ വിജയത്തിനു ചുക്കാന്‍ പിടിക്കുകയായിരുന്നു. പരമ്പര 4-1നാണ് ഇന്ത്യന്‍ ടീം സ്വന്തമാക്കിയത്.