കറാച്ചി: ചാമ്പ്യന്‍സ് ട്രോഫിയില്‍ തുടര്‍ച്ചയായി മൂന്നാമത്തെ കളിയിലും സെഞ്ച്വറി കുറിക്കപ്പെട്ടപ്പോള്‍ ജയവും ഇതേ ടീമിനോടൊപ്പം തന്നെ നില്‍ക്കുകയും ചെയ്തു. ടൂര്‍ണമെന്റിലെ മരണഗ്രൂപ്പായ ബിയിലെ ആദ്യ കളിയില്‍ അട്ടിമറി മോഹിച്ചെത്തിയ അഫ്ഗാനിസ്താനെ നിലം തൊടീക്കാതെയാണ് സൗത്താഫ്രിക്ക കെട്ടുകെട്ടിച്ചത്. ഏകപക്ഷീയമായ കളിയില്‍ സൗത്താഫ്രിക്കയ്ക്കു ഒരിക്കല്‍പ്പോലും ഭീഷണി സൃഷ്ടിക്കാതെയാണ് അഫ്ഗാന്‍ കീഴടങ്ങിയത്.
107 റണ്‍സിന്റെ ഏകപക്ഷീയമായ ജയമാണ് ടെംബ ബവുമയുടെ ടീം സ്വന്തമാക്കിയത്. ഇതോടെ നെറ്റ് റണ്‍റേറ്റിലും വലിയ കുതിപ്പുണ്ടാക്കാനും ഇതു വഴി സെമി ഫൈനല്‍ സാധ്യത വര്‍ധിപ്പിക്കാനും അവര്‍ക്കു സാധിക്കുകയും ചെയ്തു. എന്നാല്‍ അഫ്ഗാന്റെ സെമി പ്രവേശനം വന്‍ തോല്‍വിയോടെ കൂടുതല്‍ കടുപ്പമേറിയതായി മാറി.

പൊരുതാതെ അഫ്ഗാന്‍
കറാച്ചിയില്‍ നടന്ന കളിയില്‍ 316 റണ്‍സിന്റെ വലിയ വിജയലക്ഷ്യമാണ് അഫ്ഗാനിസ്താനു മുന്നില്‍ സൗത്താഫ്രിക്ക വച്ചത്. പക്ഷെ റണ്‍ചേസില്‍ അഫ്ഗാന്‍ ചിത്രത്തില്‍ ഇല്ലായിരുന്നു. തുടക്കം മുതല്‍ അവര്‍ക്കു കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകകള്‍ നഷ്ടമായിക്കൊണ്ടിരുന്നു. ഇതോടെ റണ്‍ചേസും അവര്‍ക്കു അസാധ്യമായി മാറി. 43.3 ഓവറില്‍ 208ന് അഫ്ഗാന്‍ ഓള്‍ഔട്ടായി.
നാലാമനായി ഇറങ്ങിയ റഹ്മത്ത് ഷാ (90) ഫിഫ്റ്റിയുമായി ഒറ്റയാള്‍ പോരാട്ടം നടത്തിയെങ്കിലും മറ്റുള്ള ആരില്‍ നിന്നും പിന്തുണ ലഭിച്ചില്ല. ഷായെക്കൂടാതെ അവരുടെ ബാറ്റിങ് ലൈനപ്പില്‍ 20 പ്ലസ് റണ്‍സെടുത്ത മറ്റൊരാള്‍ പോലുമില്ലായിരുന്നുവെന്നതാണ് എടുത്തു പറയേണ്ട കാര്യം. 92 ബോളില്‍ ഒമ്പതു ഫോറും ഒരു സിക്‌സറുമടക്കമാണ് ഷാ ടീമിന്റെ ടോപ്‌സ്‌കോററായത്.
15 ഓവറാവുമ്പോഴേക്കും അഫ്ഗാന്‍ നാലിനു 50ലേക്കും 23 ഓവറിവിടെ അഞ്ചിനു 89ലേക്കും കൂപ്പുകുത്തി. ഈ സമയത്തു തന്നെ അവര്‍ കളി തോറ്റു കഴിഞ്ഞിരുന്നു. സൗത്താഫ്രിക്കയ്ക്കു വേണ്ടി കാഗിസോ റബാഡ മൂന്നും ലുംഗി എന്‍ഗിഡിയും വിയാന്‍ മുള്‍ഡറും രണ്ടും വിക്കറ്റുകള്‍ വീതം വീഴ്ത്തി.
വമ്പന്‍ സ്‌കോറടിച്ച് സൗത്താഫ്രിക്ക
ടോസിനു ശേഷം സൗത്താഫ്രിക്കന്‍ ക്യാപ്റ്റന്‍ ടെംബ ബവുമ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇതു ശരിവയ്ക്കുന്ന ബാറ്റിങാണ് അവരുടെ താരങ്ങള്‍ കാഴ്ചവച്ചത്. ഓപ്പണറും വിക്കറ്റ് കീപ്പറുമായ റയാന്‍ റിക്കെല്‍റ്റണിന്റെ (103) കന്നി സെഞ്ച്വറിയിലേറി സൗത്താഫ്രിക്ക ആറു വിക്കറ്റിന് 315 റണ്‍സ് പടുത്തുയര്‍ത്തി.

106 ബോളില്‍ ഏഴു ഫോറും ഒരു സിക്‌സറും റിക്കെല്‍റ്റണിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. അദ്ദേഹത്തെ കൂടാതെ ക്യാപ്റ്റന്‍ ബവുമ (58), റാസി വാന്‍ഡര്‍ ഡ്യുസെന്‍ (52), എയ്ഡന്‍ മാര്‍ക്രം (52*) എന്നിവരുടെ ഫിഫ്റ്റികളും സൗത്താഫ്രിക്കന്‍ ബാറ്റിങിനു ശക്തമായ അടിത്തറയിട്ടു. രണ്ടാം വിക്കറ്റില്‍ റിക്കെല്‍റ്റണ്‍- ബവുമ സഖ്യം ചേര്‍ന്നെടുത്ത 129 റണ്‍സാണ് സൗത്താഫ്രിക്കയെ 300 പ്ലസ് ടോട്ടലില്‍ എത്തിക്കുന്നതില്‍ നിര്‍ണായകമായത്.
പരിക്കു കാരണം വെടിക്കെട്ട് താരവും വിക്കറ്റ് കീപ്പറുമായ ഹെന്‍ട്രിച്ച് ക്ലാസെന്‍ ഈ മല്‍സരത്തില്‍ സൗത്താഫ്രിക്കയ്ക്കു വേണ്ടി കളിക്കാനിറങ്ങിയിയില്ല. പകരം റിക്കെല്‍റ്റണ്‍ ഈ റോള്‍ ഏറ്റെടുക്കുകയായിരുന്നു.
പ്ലെയിങ് 11
സൗത്താഫ്രിക്ക- ടെംബ ബവുമ (ക്യാപ്റ്റന്‍), റയാന്‍ റിക്കെല്‍റ്റണ്‍ (വിക്കറ്റ് കീപ്പര്‍), റാസ്സി വാന്‍ഡെര്‍ ഡ്യുസെന്‍, ഐഡന്‍ മാര്‍ക്രം, ഡേവിഡ് മില്ലര്‍, വിയാന്‍ മുള്‍ഡര്‍, മാര്‍ക്കോ യാന്‍സണ്‍, വിയാന്‍ മുള്‍ഡര്‍, കേശവ് മഹാരാജ്, കാഗിസോ റബാഡ, ലുംഗി എന്‍ഗിഡി.
അഫ്ഗാനിസ്താന്‍- റഹ്മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), ഇബ്രാഹിം സദ്രാന്‍, സെദിഖുള്ള അതെല്‍, റഹ്മത്ത് ഷാ, ഹഷ്മത്തുള്ള ഷാഹിദി (ക്യാപ്റ്റന്‍), അസ്മത്തുള്ള ഒമര്‍സായ്, ഗുല്‍ബദിന്‍ നയ്ബ്, മുഹമ്മദ് നബി, റാഷിദ് ഖാന്‍, ഫസല്‍ഹഖ് ഫാറൂഖി, നൂര്‍ അഹമ്മദ്.