മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെ സസ്‌പെന്‍സ് അവസാനിപ്പിച്ച് ഐസിസി ചാംപ്യന്‍സ് ട്രോഫിക്കുള്ള 15 അംഗ സ്‌ക്വാഡിനെ ബിസിസിഐ പ്രഖ്യാപിച്ചു. കൂടാതെ അതിനു മുമ്പ് ഇംഗ്ലണ്ടുമായി നടക്കാനിരിക്കുന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള സ്‌ക്വാഡിനെയും സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുത്തിട്ടുണ്ട്. ഏറെക്കുറെ സമാനമായ ടീം തന്നെയാണിത്.
പ്രതീക്ഷിക്കപ്പെട്ടതു പോലെ തന്നെ രോഹിത് ശര്‍മയാണ് ചാംപ്യന്‍സ് ട്രോഫിയിലും ഇംഗ്ലണ്ടുമായുള്ള ഏകദിന പരമ്പരയിലും ടീമിനെ നയിക്കുക. സമീപകാലത്തു ബാറ്റിങില്‍ മോശം ഫോമിലാണെങ്കിലും വീണ്ടുമൊരു ഐസിസി ടൂര്‍ണമെന്റില്‍ കൂടി ഹിറ്റ്മാനില്‍ വിശ്വാസമര്‍പ്പിക്കാന്‍ ബിസിസിഐ തീരുമാനിക്കുകയായിരുന്നു. ചാംപ്യന്‍സ് ട്രോഫിയില്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലാണ്.
അടുത്ത മാസം 19 മുതലാണ് ചാംപ്യന്‍സ് ട്രോഫി. കലാശപ്പോരാട്ടം മാര്‍ച്ച് ഒമ്പതിനാണ്. ഗ്രൂപ്പ് എയിലാണ് ഇന്ത്യയുള്ളത്. നിലവിലെ ചാംപ്യന്‍മാരായ പാകിസ്താന്‍, ന്യൂസിലാന്‍ഡ്, ബംഗ്ലാദേശ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. അതേസമയം, ഫെബ്രുവരി ആറിനാണ് ഇംഗ്ലണ്ടിനെതിരേയുള്ള ഏകദിന പരമ്പര ആരംഭിക്കുന്നത്.

സഞ്ജുവില്ല, ജയ്‌സ്വാളുണ്ട്
മിന്നുന്ന ഫോമിലുള്ള യുവ അഗ്രസീവ് ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനു ചാംപ്യന്‍സ് ട്രോഫിയിലും ഇംഗ്ലണ്ടുമായുള്ള ഏകദിന പരമ്പരയിലും ടീമില്‍ ഇടം ലഭിച്ചുവെന്നതാണ് ശ്രദ്ധേയമായ കാര്യം. പക്ഷെ രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും ഫസ്റ്റ് ചോയ്‌സ് ഓപ്പണിങ് ജോടികളായതിനാല്‍ അദ്ദേഹത്തിനു പ്ലെയിങ് ഇലവനില്‍ സ്ഥാനമുണ്ടാവുമോയെന്നതു സംശയവുമാണ്.
മലയാളി താരം സഞ്ജു സാംസണ്‍ രണ്ടു വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാളായി ഇന്ത്യന്‍ ടീമില്‍ ഇടം നേടുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും തഴയപ്പെട്ടു. പകരം റിഷഭ് പന്തും കെഎല്‍ രാഹുലുമാണ് വിക്കറ്റ് കീപ്പര്‍മാരായി രണ്ടു സ്‌ക്വാഡിലുമുള്ളത്. ഏകദിനത്തില്‍ വളരെ മികച്ച റെക്കോര്‍ഡുള്ള സഞ്ജു പക്ഷെ വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിനായി കളിച്ചിരുന്നില്ല. ഈ കാരണത്താലാണ് ചാംപ്യന്‍സ് ട്രോഫിയില്‍ അദ്ദേഹം ഒഴിവാക്കപ്പെട്ടതെന്നാണ് സൂചനകള്‍.
വിജയ് ഹസാരെ ട്രോഫിയില്‍ വിദര്‍ഭയ്ക്കായി അഞ്ചു സെഞ്ച്വറികളടക്കം നേടി വമ്പന്‍ റണ്‍വേട്ട നടത്തിയിട്ടും മറുനാടന്‍ മലയാളിയും മധ്യനിര ബാറ്ററുമമായ കരൂണ്‍ നായര്‍ക്കു ഇന്ത്യന്‍ ടീമില്‍ സ്ഥാനം ലഭിച്ചില്ല. നേരത്തേ പുറത്തുവന്ന സൂചനകള്‍ ശരിവയ്ക്കുന്ന സ്‌ക്വാഡിനെയാണ് അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുത്തത്.
സര്‍പ്രൈസുകള്‍ കുറവ്
ഏകദിനത്തില്‍ ഇനിയും അരങ്ങേറിയിട്ടില്ലാത്ത യശസ്വി ജയ്‌സ്വാളിനെ ഉള്‍പ്പെടുത്തിയതൊഴിച്ചാല്‍ കാര്യമായ സര്‍പ്രൈസുകളില്ലാതെയാണ് ചാംപ്യന്‍സ് ട്രോഫി സ്‌ക്വാഡിനെ സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുത്തത്. വിരാട് കോലി, ശ്രേയസ് അയ്യര്‍, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, മുഹമ്മദ് ഷമി തുടങ്ങിയവരെല്ലാം ടീമിന്റെ ഭാഗമാണ്.

മോശം ഫോമിലുള്ള വെറ്ററന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ തഴയപ്പെട്ടേക്കുമെന്നു നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും അദ്ദേഹത്തെ സെലക്ടര്‍മാര്‍ കൈവിട്ടില്ല. ഫിറ്റ്‌നസിനെക്കുറിച്ച് സംശയങ്ങളുണ്ടെങ്കിലും സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ, ചൈനാമാന്‍ സ്പിന്നറായ കുല്‍ദീപ് യാദവ്, വാഷിങ്ടണ്‍ സുന്ദര്‍ തുടങ്ങിയവും ടീമിനൊപ്പമുണ്ട്. പക്ഷെ മുഹമ്മദ് സിറാജ് രണ്ടു ടീമുകളില്‍ നിന്നും തഴയപ്പെട്ടു.
ചാംപ്യന്‍സ് ട്രോഫി സ്‌ക്വാഡ്
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്.
റിസര്‍വ് കളിക്കാര്‍- നിതീഷ് റെഡ്ഡി, ആവേശ് ഖാന്‍, വരുണ്‍ ചക്രവര്‍ത്തി.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള സ്‌ക്വാഡ്
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ. അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്.