ഐസിസി ചാംപ്യന്‍സ് ട്രോഫിക്കു ബുധനാഴ്ച തുടക്കമാവുകയാണ്. നിലവിലെ ചാംപ്യന്‍മാരായ പാകിസ്താനും ന്യൂസിലാന്‍ഡുമാണ് ഉദ്ഘാടന മല്‍സരത്തില്‍ കൊമ്പുകോര്‍ക്കുക. കറാച്ചി ദേശീയ സ്‌റ്റേഡിയത്തില്‍ പകലും രാത്രിയുമായിട്ടാണ് ഈ പോരാട്ടം. ഇന്ത്യയുടെ മല്‍സരം വ്യാഴാഴ്ച ഉച്ചയ്ക്കു ബംഗ്ലാദേശിനെതിരേയാണ്.
ഈ ടൂര്‍ണമെന്റിലെ കിരീട ഫേവറിറ്റുകളില്‍ മുന്നില്‍ നില്‍ക്കുന്ന രണ്ടു ടീമുകള്‍ കൂടിയാണ് ഇന്ത്യയും പാകിസ്താനും. 2017ലെ അവസാന എഡിഷന്റെ ഫൈനലില്‍ മുഖാമുഖം വന്നതും ഇരുവരുമായിരുന്നു. അന്നു ഇന്ത്യയെ വന്‍ മാര്‍ജിനില്‍ തുരത്തിയാണ് പാക് ടീം കന്നി ചാംപ്യന്‍സ് ട്രോഫിയില്‍ മുത്തമിട്ടത്. ഇത്തവണയും ഇന്ത്യ-പാക് ഡ്രീം ഫൈനല്‍ സംഭവിക്കുമോയെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.
രോഹിത് ശര്‍മയാണ് ടൂര്‍ണമെന്റില്‍ ഇന്ത്യയെ നയിക്കുന്നതെങ്കില്‍ പാക് ക്യാപ്റ്റന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ മുഹമ്മദ് റിസ്വാനാണ്. ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്ന ഇന്ത്യ, പാക് ടീമുകളിലെ താരങ്ങളെ ഉള്‍പ്പെടുത്തി ഒരു സംയുക്ത 11 തിരഞ്ഞെടുത്താല്‍ ആര്‍ക്കെല്ലാം ഇടം ലഭിക്കുമെന്നു നോക്കാ.

ടോപ്പ് ത്രീയില്‍ ആരെല്ലാം
സംയുക്ത പ്ലെയിങ് ഇലവന്റെ ടോപ്പ് ത്രീയിലേക്കു വന്നാല്‍ ഇന്ത്യന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ രോഹിത് ശര്‍മയും പാകിസ്താന്റെ ഇടംകൈയന്‍ വെടിക്കെട്ട് താം ഫഖാര്‍ സമാനും ചേര്‍ന്നായിരിക്കും ഓപ്പണ്‍ ചെയ്യുക.
തങ്ങളുടേതായ ദിവസങ്ങളില്‍ തീപ്പൊരി പ്രകടനങ്ങളിലൂടെ തനിച്ച് മല്‍സരഗതി തന്നെ മാറ്റാന്‍ ശേഷിയുള്ള രണ്ടു താരങ്ങളാണ് ഇരുവരും. ആദ്യ ബോള്‍ മുതല്‍ തന്നെ അഗ്രസീവ് ബാറ്റിങ് പുറത്തെടുക്കാനും രോഹിത്തും ഫഖറും മടിക്കാറുമില്ല.
ഇവര്‍ക്കു ശേഷം മൂന്നാം നമ്പറില്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും റണ്‍മെഷീനുമായ വിരാട് കോലിയേക്കാള്‍ മികച്ചൊരു ഓപ്ഷന്‍ ഇല്ലെന്നു തന്നെ പറയാം. ഈ ഫോര്‍മാറ്റില്‍ അദ്ദേഹത്തിന്റെ റെക്കോര്‍ഡുകളും അദ്ഭുതപ്പെടുത്തുന്നതാണ്. ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ സെഞ്ച്വറി റെക്കോര്‍ഡ് പോലും കോലി ഇതിനകം തിരുത്തിക്കഴിഞ്ഞു.
മധ്യനിരയില്‍ ഇവര്‍
മധ്യനിരയിലേക്കു വന്നാല്‍ ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റിങ് ജോടികളായ ശ്രേയസ് അയ്യരെയും കെഎല്‍ രാഹുലിനെയുമൊന്നും അവിടെ കാണാന്‍ സാധിക്കില്ല. പകരെ നാലാമനായി പാകിസ്താന്റെ മുന്‍ നായകനും സ്റ്റാര്‍ ബാറ്ററുമായ ബാബര്‍ ആസവും നിലവിലെ പാക് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ മുഹമ്മദ് റിസ്വാനുമാണുള്ളത്.
ഏകദിന ഫോര്‍മാറ്റില്‍ വളരെ മികച്ച റെക്കോര്‍ഡാണ് ബാബറിന്റേത്. ക്ലാസിക്ക് ബാറ്റിങ് ശൈലിയുടെ വക്താവായ അദ്ദേഹത്തിനു വലിയ ഇന്നിങ്‌സുകള്‍ കളിക്കാനും കഴിയും. റിസ്വാനാവട്ടെ കൂടുതല്‍ അഗ്രസീവായി കളിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ്. സമീപകാലത്തു ബാറ്റിങിലും ക്യാപ്റ്റന്‍സിയിലും ഒരുപോലെ മികച്ച പ്രകടനമാണ് റിസ്വാന്‍ കാഴ്ചവയ്ക്കുന്നത്.
പന്തിന് മുട്ടന്‍ പണി വരുന്നു, സഞ്ജുവിനോടു ചെയ്തത് തിരിച്ചുകിട്ടും!! ഗംഭീറിന്റെ പ്ലാനോ?
ഓള്‍റൗണ്ടര്‍മാര്‍, ബൗളിങ് നിര
സംയുക്ത ഇലവവന്റെ ഓള്‍റൗണ്ടമാരിലേക്കു വന്നാല്‍ അവിടെ ഇന്ത്യന്‍ സൂപ്പര്‍ താരം ഹാര്‍ദിക് പാണ്ഡ്യയും പാകിസ്താന്റെ പുതിയ താരോദയമായ സല്‍മാന്‍ അലി ആഗയുമാണുള്ളത്. വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ ഒരിക്കലും മാറ്റിനിര്‍ത്താന്‍ സാധിക്കാത്ത മാച്ച് വിന്നര്‍മാരില്‍ ഒരാളാണ് ഹാര്‍ദിക്.

ബാറ്റ് കൊണ്ടും ബോള്‍ കൊണ്ടും ഒരുപോലെ ശ്രദ്ധേയമായ പ്രകടനങ്ങള്‍ കാഴ്ചവയ്ക്കാന്‍ അദ്ദേഹത്തിനു സാധിക്കും. ആഗയാവട്ടെ തകര്‍പ്പന്‍ പ്രകടനങ്ങളിലൂടൈ ഇതിനകം പാക് ടീമില്‍ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു.
ബൗളിങ് നിരയെടുത്താല്‍ പാകിസ്താന്റെ പേസ് ജോടികളായ ഷഹീന്‍ അഫ്രീഡി, ഹാരിസ് റൗഫ് എന്നിവര്‍ക്കൊപ്പം ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയുമുണ്ട്. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ പരിക്കേറ്റ് പിന്‍മാറിയതിനാല്‍ ഇലവനില്‍ ഉള്‍പ്പെട്ടിട്ടില്ല. ഇലവനിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ ഇന്ത്യന്‍ താരം കുല്‍ദീപ് യാദവാണ്.
ഇന്ത്യ- പാക് സംയുക്ത 11
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഫഖര്‍ സമാന്‍, വിരാട് കോലി, ബാബര്‍ ആസം, മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, സല്‍മാന്‍ ആഗ, ഷഹീന്‍ അഫ്രീഡി, മുഹമ്മദ് ഷമി, ഹാരിസ് റൗഫ്, കുല്‍ദീപ് യാദവ്.