ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഫൈനലിനായുള്ള കാത്തിരിപ്പ് നാളെ അവസാനിക്കാന്‍ പോവുകയാണ്. കിരീട പോരാട്ടത്തില്‍ കരുത്തരായ ഇന്ത്യയും ന്യൂസീലന്‍ഡുമാണ് ഏറ്റുമുട്ടുന്നത്. രണ്ട് ടീമും ശക്തമായ താരങ്ങളുടെ നിരയാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ചിരുന്നു. എന്നാല്‍ ഫൈനലില്‍ കിവീസിനെ തോല്‍പ്പിക്കുക വളരെ പ്രയാസമാവും. ഇതിന് മുമ്പ് രണ്ട് തവണയാണ് ഇന്ത്യ ഐസിസി ടൂര്‍ണമെന്റ് ഫൈനലില്‍ ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ചത്.
രണ്ട് തവണയും ജയം ന്യൂസീലന്‍ഡിനായിരുന്നു. അതുകൊണ്ടുതന്നെ കണക്കുകളില്‍ അവര്‍ക്ക് ആത്മവിശ്വാസമുണ്ട്. കരുത്തരായ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഗംഭീര ബാറ്റിങ് പ്രകടനം കാഴ്ചവെച്ച് എത്തുന്നതും ന്യൂസീലന്‍ഡിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്ന കാര്യമാണ്. എന്നാല്‍ തോല്‍വി അറിയാതെ ഫൈനലില്‍ എത്തിയ ഇന്ത്യ കപ്പ് നേടുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. പല പ്രമുഖരും വിലയിരുത്തുന്നതും ഇതുതന്നെയാണ്. ഇപ്പോഴിതാ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ ജാതകം വിലയിരുത്തി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ ജ്യോതിഷിയായ ഗ്രീന്‍സ്‌റ്റോണ്‍ ലോബോ.
രോഹിത്തും മെസിയും ഒരുപോലെ
ജാതക പ്രകാരം രോഹിത് ശര്‍മക്ക് വളരെ ഭാഗ്യമുള്ള സമയമാണ്. രോഹിത് ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയെപ്പോലെയാണെന്നാണ് ജ്യോതിഷി പറയുന്നത്. രണ്ട് പേരുടേയും ജാതകം തമ്മില്‍ വലിയ സാമ്യതകളാണുള്ളത്. വലിയ നേട്ടങ്ങള്‍ സ്വന്തമാക്കാനും വലിയ അംഗീകാരങ്ങളും പുരസ്‌കാരങ്ങളും ലഭിക്കാന്‍ സാധ്യതയുള്ള ജാതകമാണ് ഇവരുടേതെന്നാണ് ജ്യോതിഷി ചൂണ്ടിക്കാട്ടുന്നത്. രണ്ട് പേരും കഴിവുകൊണ്ട് ഒരുപോലെയാണെന്നും അദ്ദേഹം പറയുന്നു.
'രോഹിത് ശര്‍മ മെസിയെപ്പോലെയാണെന്ന് ഞാന്‍ എപ്പോഴും പറയാറുണ്ട്. രണ്ട് പേരുടേയും ജനനം ഒരേ വര്‍ഷമാണ്. പല അത്ഭുത സാമ്യതങ്ങളും ഇവരുടെ ജാതക പ്രകാരമുണ്ട്. മെസി ലോകകപ്പും കോപ്പാ അമേരിക്കയും നായകനായി നേടി. എന്നാല്‍ ഇഷ്ടപ്പെട്ട ക്ലബ്ബായ ബാഴ്‌സലോണയില്‍ നിന്ന് അവസാന സമയത്ത് അവഗണന നേരിടേണ്ടി വന്നു. രോഹിത് ശര്‍മയുടെ കാര്യവും അതുതന്നെയാണ്. മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനത്ത് നിന്ന് മാറ്റി.

എന്നാല്‍ അവന്‍ ക്യാപ്റ്റനായി ടി20 ലോകകപ്പ് നേടി. ഇനിയൊരു കിരീടം കൂടി നേടാനുള്ള ഭാഗ്യം രോഹിത്തില്‍ ശേഷിക്കുന്നുണ്ട്. അത് ചാമ്പ്യന്‍സ് ട്രോഫിയാണ്. ഇതിന് ശേഷിയുള്ള താരമാണ് രോഹിത്. അവന്റെ ജാതക പ്രകാരം ഏറ്റവും മികച്ച സന്തോഷത്തിലൂടെ കടന്ന് പോകേണ്ട സമയമാണ്' ജ്യോതിഷി പറഞ്ഞു.
ഇന്ത്യന്‍ ടീമിന്റെ നല്ല സമയം
രോഹിത് ശര്‍മ മാത്രമല്ല ടീമെന്ന നിലയില്‍ ഇന്ത്യയുടെ നല്ല സമയമാണ് മുന്നിലുള്ളതെന്നാണ് ജ്യോതിഷി ചൂണ്ടിക്കാട്ടുന്നത്. ഇപ്പോള്‍ ഇന്ത്യ ടീമെന്ന നിലയില്‍ എടുക്കുന്ന തീരുമാനങ്ങളെല്ലാം വളരെ മികച്ചതായിരിക്കും. ഇന്ത്യയുടെ ടീം കൂട്ടുകെട്ട് ന്യൂസീലന്‍ഡിനെതിരേ മുന്‍തൂക്കം നല്‍കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 'ഇന്ത്യക്ക് അഞ്ച് പ്രധാന താരങ്ങളാണുള്ളത്. കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, ശ്രേയസ് അയ്യര്‍, രോഹിത് ശര്‍മ എന്നിവരാണത്.
1992-1994നും ഇടയില്‍ ജനിച്ചവരാണ് ഇതില്‍ നാല് പേരും. ഇവരുടെ ജാതക പ്രകാരമുള്ള നില ഇന്ത്യയുടെ കിരീട പ്രതീക്ഷകള്‍ സജീവമാക്കുന്നതാണ്. ന്യൂസീലന്‍ഡിന്റെ ആറ് താരങ്ങള്‍ ഈ സമയത്തിനുള്ളില്‍ ജനിച്ചിട്ടുണ്ട്. എന്നാല്‍ ഇവരൊന്നും ഭാഗ്യ സമയത്തിലൂടെ കടന്ന് പോകുന്നവരല്ല. അതുകൊണ്ടുതന്നെ വലിയ പ്രകടനം പ്രതീക്ഷിക്കാനാവില്ല. ജയം ഇന്ത്യക്കൊപ്പമാവും' ജ്യോതിഷി പറഞ്ഞു.
ഫൈനലില്‍ രോഹിത് തിളങ്ങുമോ
ഐസിസി ടൂര്‍ണമെന്റ് ഫൈനലിലേക്ക് ടീമിനെ എത്തിക്കുന്നതില്‍ പ്രത്യേക മികവുള്ള നായകനാണ് രോഹിത് ശര്‍മ. ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് ശര്‍മയെടുത്ത പല തീരുമാനങ്ങളും ടീമിന്റെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. എന്നാല്‍ ഫൈനലില്‍ രോഹിത്തിന്റെ ബാറ്റിങ് പ്രകടനം എങ്ങനെയാവുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
2023ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ 47 റണ്‍സും 2013ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ 9 റണ്‍സും 2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഡെക്കിനുമാണ് രോഹിത് പുറത്തായത്. ഇത്തവണ രോഹിത്തിന്റെ പ്രകടനം വളരെ നിര്‍ണ്ണായകമാണ്. രോഹിത് ഫ്‌ളോപ്പായാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ പ്രയാസമാവുമെന്നുറപ്പാണ്.