ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യ-പാകിസ്താന്‍ സൂപ്പര്‍ പോരാട്ടം നാളെ നടക്കാന്‍ പോവുകയാണ്. ദുബായില്‍ നടക്കുന്ന പോരാട്ടത്തിനായുള്ള അവസാന ഘട്ട പരിശീലനത്തിലാണ് ഇരു ടീമും. ഇന്ത്യയും പാകിസ്താനും സൂപ്പര്‍ താരങ്ങളുടെ നിരയാണ്. ഇന്ത്യ ബംഗ്ലാദേശിനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ഇറങ്ങുമ്പോള്‍ പാകിസ്താന്‍ ന്യൂസീലന്‍ഡിനോട് തോറ്റ ക്ഷീണത്തിലാണ് കളിക്കാന്‍ ഇറങ്ങുന്നത്. ദുബായിലെ സാഹചര്യത്തില്‍ പാകിസ്താനാണ് മുന്‍തൂക്കം.
രണ്ട് തവണ ഇന്ത്യയെ ദുബായില്‍ തോല്‍പ്പിക്കാന്‍ പാകിസ്താന് സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പാണ്. രണ്ട് ടീമിലും മാച്ച് വിന്നര്‍മാരായ നിരവധി താരങ്ങളുണ്ട്. അതുകൊണ്ടുതന്നെ ആര് ജയിക്കുകയെന്ന് പ്രവചിക്കുക അസാധ്യമാണ്. ഇപ്പോഴിതാ പാകിസ്താനെതിരേ ഇന്ത്യയുടെ ആരാവും കൂടുതല്‍ കസറുകയെന്ന് പ്രവചിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും സൂപ്പര്‍ താരവുമായ യുവരാജ് സിങ്.
രോഹിത് ശര്‍മ കസറും
ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയാവും പാകിസ്താനെതിരേ കൂടുതല്‍ തിളങ്ങുകയെന്നാണ് യുവരാജ് സിങ് പ്രവചിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ രോഹിത് ശര്‍മ തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. ബംഗ്ലാദേശിനെതിരേയും വെടിക്കെട്ട് തുടക്കം നല്‍കാന്‍ രോഹിത്തിന് സാധിച്ചു. ഇതേ മികവ് പാകിസ്താനെതിരേയും കാട്ടാന്‍ രോഹിത് ശര്‍മക്കാവുമെന്നും സെഞ്ച്വറി നേടുമെന്നുമാണ് യുവരാജ് സിങ് പ്രവചിക്കുന്നത്. മോശം ഫോമിലായിരുന്ന രോഹിത് ഇപ്പോള്‍ ഫോം കണ്ടെത്തി തിരിച്ചെത്തിയിരിക്കുകയാണ്.
'രോഹിത് ശര്‍മയുടെ നിലവിലെ ഫോമില്‍ 60 പന്തില്‍ അവന്‍ സെഞ്ച്വറി നേടും. അത്രത്തോളം പ്രതിഭ അവനിലുണ്ട്. ഫോമിലേക്കെത്താന്‍ ബൗണ്ടറി മാത്രമല്ല വലിയ സിക്‌സുകള്‍ നേടാനും അവന് കഴിവുണ്ട്. ഷോര്‍ട്ട് ബോളുകള്‍ കളിക്കാന്‍ ഏറ്റവും മികവുള്ള താരമാണവന്‍. അതിവേഗ പന്തുകളെ അനായാസം അതിര്‍ത്തി കടത്താന്‍ രോഹിത്തിനാവും. അവന്റേതായ ദിവസം 140 സ്‌ട്രൈക്ക് റേറ്റില്‍ കളിക്കാനാവും. ഒറ്റക്ക് മത്സരഫലത്തെ മാറ്റാന്‍ ശേഷിയുള്ളവനാണ് രോഹിത്' ജിയോ ഹോട്ട്‌സ്റ്റാറില്‍ സംസാരിക്കവെ യുവരാജ് സിങ് പറഞ്ഞു.

രോഹിത്തിന് മികച്ച റെക്കോഡ്
പാകിസ്താനെതിരേ മികച്ച ബാറ്റിങ് റെക്കോഡ് രോഹിത്തിനുണ്ട്. ന്യൂബോളില്‍ പാകിസ്താന് രോഹിത്തിനെ വീഴ്ത്താനാവാത്ത പക്ഷം വലിയ സ്‌കോറിലേക്കുയരാന്‍ അവന് സാധിക്കും. 19 ഏകദിനത്തില്‍ നിന്ന് 873 റണ്‍സാണ് രോഹിത് പാകിസ്താനെതിരേ നേടിയത്. 51.35 ശരാശരിയിലായിരുന്നു രോഹിത്തിന്റെ പ്രകടനം. രണ്ട് സെഞ്ച്വറിയും എട്ട് ഫിഫ്റ്റിയും അദ്ദേഹം നേടിയിട്ടുണ്ട്. പാകിസ്താന്റെ പേസര്‍മാര്‍ക്ക് വലിയ തലവേദന സൃഷ്ടിക്കാന്‍ രോഹിത്തിനാവും. രോഹിത്തിനേയും വിരാട് കോലിയേയും പൂട്ടൂകയെന്നതാണ് പാകിസ്താന് മുന്നിലുള്ള വലിയ തലവേദന.
16 മത്സരത്തില്‍ നിന്ന് 678 റണ്‍സാണ് കോലി പാകിസ്താനെതിരേ നേടിയത്. 52 ശരാശരിയുള്ള കോലി മൂന്ന് സെഞ്ച്വറിയും രണ്ട് ഫിഫ്റ്റിയുമാണ് അടിച്ചെടുത്തത്. 'രോഹിത് ശര്‍മ ഔട്ട് ഓഫ് ഫോമിലാണെന്ന് പറയാന്‍ ഒരിക്കലും സാധിക്കില്ല. അവനെ എപ്പോഴും മാച്ച് വിന്നറായാണ് ഞാന്‍ കാണുന്നത്. പ്രത്യേകിച്ച് ഏകദിന ഫോര്‍മാറ്റില്‍. ബാറ്റ്‌സ്മാനെന്ന നിലയില്‍ എപ്പോഴും ഇന്ത്യയുടെ മാച്ച് വിന്നറാണവന്‍. രോഹിത് മോശം ഫോമിലാണെന്ന് പറയുമ്പോഴും അവന്‍ റണ്‍സ് നേടുന്നു. എതിരാളികളുടെ വലിയ തലവേദനയാണവന്‍' യുവരാജ് കൂട്ടിച്ചേര്‍ത്തു.
ഹാര്‍ദിക്കിന്റെ പ്രകടനം നിര്‍ണ്ണായകം
ഇന്ത്യയുടേ പേസ് ഓള്‍റൗണ്ടറായ ഹാര്‍ദിക് പാണ്ഡ്യയുടെ പ്രകടനം മത്സരത്തില്‍ വളരെ നിര്‍ണ്ണായകമാവും. ഏഴ് മത്സരത്തില്‍ നിന്ന് 209 റണ്‍സാണ് അവന്‍ നേടിയത്. ഇതില്‍ രണ്ട് ഫിഫ്റ്റിയും ഉള്‍പ്പെടും. എട്ട് വിക്കറ്റുകളും ഹാര്‍ദിക് നേടി. താരത്തിന്റെ ഓള്‍റൗണ്ട് പ്രകടനം ഇന്ത്യക്ക് വളരെ നിര്‍ണ്ണായകമാണ്. കുല്‍ദീപ് യാദവിന്റെ സ്പിന്നാക്രമണത്തേയും പാകിസ്താന്‍ ഭയക്കണം. ആറ് മത്സരത്തില്‍ നിന്ന് അഞ്ച് വിക്കറ്റ് പ്രകടനം ഉള്‍പ്പെടെ 12 വിക്കറ്റുകളാണ് കുല്‍ദീപ് നേടിയത്. ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ മുഹമ്മദ് ഷമിയുടെ ന്യൂബോളിലെ പ്രകടനമാവും ഇന്ത്യക്ക് നിര്‍ണ്ണായകമാവുക.