ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ഇന്ത്യ വിജയത്തിനായി പൊരുതുകയാണ്. ഓസ്‌ട്രേലിയ മുന്നോട്ടുവെച്ച 265 റണ്‍സ് വിജയലക്ഷ്യം പിന്തുടരുകയാണ് ഇന്ത്യ. ഫൈനലിലെത്താന്‍ ഓസ്‌ട്രേലിയയുടെ വെല്ലുവിളിയെ ഇന്ത്യ മറികടക്കേണ്ടതായുണ്ട്. അതിന് ഇന്ത്യക്ക് സാധിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇടവേളക്ക് ശേഷം മറ്റൊരു ഐസിസി ട്രോഫികൂടി ഇന്ത്യ അലമാരയിലേക്കെത്തിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
സെമി ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരേ ഒരു സിക്‌സര്‍ നേടിയതോടെ വമ്പന്‍ റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. സിക്‌സറില്‍ ഇതിനോടകം പല വമ്പന്‍ റെക്കോഡുകളും ഹിറ്റ്മാന്‍ സ്വന്തമാക്കിയിട്ടുണ്ട്. രോഹിത്തിന്റെ സിക്‌സര്‍ നേടാനുള്ള കഴിവാണ് ഹിറ്റ്മാന്‍ വിശേഷണം അദ്ദേഹത്തിന് നേടിക്കൊടുത്തത്. ഇപ്പോഴിതാ സിക്‌സറില്‍ മറ്റൊരു തകര്‍പ്പന്‍ റെക്കോഡ് നേടിയെടുത്തിരിക്കുകയാണ് രോഹിത് ശര്‍മ. അത് എന്താണെന്ന് അറിയാം.
ഐസിസി ഏകദിന ടൂര്‍ണമെന്റില്‍ കൂടുതല്‍ സിക്‌സ്
ഐസിസി ടൂര്‍ണമെന്റുകളില്‍ രോഹിത് ശര്‍മക്ക് പ്രത്യേക മികവാണുള്ളത്. പല തവണ രോഹിത് തകര്‍പ്പന്‍ പ്രകടനത്തോടെ മിന്നിച്ചിട്ടുണ്ട്. ഒരു ഏകദിന ലോകകപ്പില്‍ അഞ്ച് സെഞ്ച്വറി നേടി റെക്കോഡിട്ട രോഹിത് ഇപ്പോള്‍ സിക്‌സറില്‍ ഒന്നാമനായിരിക്കുകയാണ്. ഐസിസി ഏകദിന ടൂര്‍ണമെന്റില്‍ കൂടുതല്‍ സിക്‌സര്‍ നേടുന്ന താരമെന്ന റെക്കോഡിലേക്കാണ് രോഹിത് ശര്‍മ എത്തിയിരിക്കുന്നത്. നിലവില്‍ 65 സിക്‌സുകളാണ് രോഹിത് നേടിയിരിക്കുന്നത്.
64 സിക്‌സുകള്‍ നേടിയ ക്രിസ് ഗെയ്‌ലിന്റെ റെക്കോഡിനെയാണ് രോഹിത് പിന്നിലാക്കിയത്. ഗ്ലെന്‍ മാക്‌സ് വെല്‍ 49 സിക്‌സും ഡേവിഡ് വാര്‍ണര്‍ 44 സിക്‌സും സൗരവ് ഗാംഗുലി 42 സിക്‌സും നേടി പിന്നാലെയുണ്ട്. സിക്‌സറില്‍ രോഹിത്തിന്റെ കരിയറിലേക്കുള്ള മറ്റൊരു പൊന്‍തൂവല്‍ കൂടിയായി ഈ റെക്കോഡ് മാറിയിരിക്കുകയാണ്. ഏകദിനത്തിലെ സിക്‌സര്‍ വേട്ടക്കാരില്‍ ഷാഹിദ് അഫ്രീദിയുടെ റെക്കോഡിനെ മറികടക്കാന്‍ ഇനിയും രോഹിത് കാത്തിരിക്കണം.

രോഹിത്തിന് മാച്ച് വിന്നറാവാനായില്ല
സെമി ഫൈനലില്‍ രോഹിത് ശര്‍മയില്‍ നിന്ന് മാച്ച് വിന്നിങ് പ്രകടനം എല്ലാവരും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഹിറ്റ്മാന് കാര്യമായ പ്രകടനം നടത്താനായില്ല. 29 പന്ത് നേരിട്ട് 28 റണ്‍സാണ് രോഹിത് നേടിയത്. മൂന്ന് ഫോറും ഒരു സിക്‌സും നേടിയ രോഹിത്തിന് യുവതാരം കൂപ്പര്‍ കൊനാലി എല്‍ബിയില്‍ കുടുക്കുകയായിരുന്നു. സ്വീപ് ഷോട്ടിന് ശ്രമിച്ച രോഹിത്തിന് കൃത്യമായി കണക്ട് ചെയ്യാന്‍ സാധിക്കാതെ വന്നതോടെ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു.
ഡെക്കിന് പുറത്തായ ഓപ്പണറെ ഉപയോഗിച്ച് രോഹിത്തിന്റെ വിക്കറ്റ് നേടിയത് സ്മിത്തിന്റെ ഗംഭീര തന്ത്രമാണെന്ന് തന്നെ പറയാം. രണ്ട് തവണ ലൈഫ് ലഭിച്ചിട്ടും ഇതിനെ മുതലാക്കാന്‍ രോഹിത്തിന് സാധിച്ചില്ലെന്നതാണ് ദൗര്‍ഭാഗ്യകരം. കൂപ്പര്‍ കൊനോലി തുടക്കത്തിലേ രോഹിത്തിനെ കൈവിട്ടിരുന്നു. അനായാസമായ ക്യാച്ചായിരുന്നു ഇത്. തൊട്ടടുത്ത ഓവറില്‍ മാര്‍നസ് ലബ്യുഷെയ്‌നും രോഹിത്തിനെ കൈവിട്ടു. എന്നാല്‍ ഈ രണ്ട് ക്യാച്ച് നഷ്ടപ്പെടുത്തലിലൂടെ ലഭിച്ച ലൈഫിനെ മുതലാക്കാന്‍ രോഹിത്തിന് സാധിക്കാതെ പോയി.
ക്യാപ്റ്റന്‍സിയില്‍ തിളങ്ങി രോഹിത്
ഓസ്‌ട്രേലിയ ഒരു ഘട്ടത്തില്‍ 300ന് മുകളിലേക്ക് പോകുമെന്നാണ് തോന്നിച്ചത്. എന്നാല്‍ കൃത്യമായ ബൗളിങ് ചെയ്ഞ്ചിലൂടെ ഓസീസിനെ 264ല്‍ തളച്ചിടാന്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മക്ക് സാധിച്ചു. മുഹമ്മദ് ഷമിയെ കൃത്യ സമയത്ത് കൊണ്ടുവന്ന് സ്റ്റീവ് സ്മിത്തിന്റെ വിക്കറ്റ് നേടിയതും അക്ഷര്‍ പട്ടേലിനേയും വരുണ്‍ ചക്രവര്‍ത്തിയേയും കുല്‍ദീപ് യാദവിനേയും രവീന്ദ്ര ജഡേജയേയുമെല്ലാം ഉപയോഗിച്ച് ഓസീസിന്റെ റണ്ണൊഴുക്ക് തടയാനും നായകനെന്ന നിലയില്‍ രോഹിത് ശര്‍മക്ക് സാധിച്ചു.