ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്താനെതിരേ ഇന്ത്യ റണ്‍സ് പിന്തുടരുകയാണ്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 241 റണ്‍സ് അടിച്ചെടുത്തിട്ടുണ്ട്. ദുബായിലെ പിച്ചില്‍ രണ്ടാമത് ബാറ്റ് ചെയ്യുകയെന്നത് അല്‍പ്പം ദുഷ്‌കരമാണെന്നതാണ് വസ്തുത. എന്നാല്‍ ഇന്ത്യന്‍ ഓപ്പണറും നായകനുമായ രോഹിത് ശര്‍മ നസീം ഷായെ ഫോറും സിക്‌സും പറത്തി തുടക്കത്തിലേ വിറപ്പിച്ചു. ആദ്യ ഓവറില്‍ പതിയെ തുടങ്ങിയ ഇന്ത്യ പിന്നീട് ആക്രമണത്തിലേക്ക് ഗിയര്‍ മാറ്റുകയായിരുന്നു.
മത്സരത്തിലൂടെ വമ്പനൊരു ബാറ്റിങ് റെക്കോഡ് സൃഷ്ടിച്ചിരിക്കുകയാണ് രോഹിത് ശര്‍മ. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറേയും വീരേന്ദര്‍ സെവാഗിനേയുമടക്കം പിന്നിലാക്കി ഓപ്പണര്‍മാരില്‍ ഒന്നാമനായി മാറുന്ന റെക്കോഡാണ് രോഹിത് സ്വന്തം പേരിലാക്കിയത്. പാകിസ്താനെ തല്ലിപ്പറത്തി തുടങ്ങിയ രോഹിത് ഏകദിനത്തില്‍ വേഗത്തില്‍ 9000 റണ്‍സ് നേടുന്ന ഓപ്പണറെന്ന റെക്കോഡിലേക്കാണ് പേര് ചേര്‍ത്തിരിക്കുന്നത്. ഇതിനോടകം പല ഏകദിന റെക്കോഡും സ്വന്തമാക്കിയ രോഹിത്തിന്റെ പേരിലേക്കുള്ള മറ്റൊരു പൊന്‍തൂവലാണിത്.
181 ഇന്നിങ്‌സില്‍ നിന്ന് ഈ റെക്കോഡിലെത്തി
ഏകദിനത്തില്‍ ഓപ്പണര്‍ റോളിലേക്കെത്തിയ ശേഷം രോഹിത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. അതിവേഗം റണ്‍സുയര്‍ത്തുന്ന രോഹിത് വളരെ വേഗം തന്നെ പല റെക്കോഡുകളും വെട്ടിപ്പിടിച്ചു. ഇപ്പോഴിതാ 181 ഇന്നിങ്‌സില്‍ നിന്ന് ഓപ്പണറായി 9000 റണ്‍സ് രോഹിത് മറികടന്നിരിക്കുകയാണ്. സച്ചിന്‍ ടെണ്ടുല്‍ക്കറായിരുന്നു ഈ റെക്കോഡില്‍ തലപ്പത്തുണ്ടായിരുന്നത്. 197 ഇന്നിങ്‌സില്‍ നിന്നാണ് ക്രിക്കറ്റ് ഇതിഹാസം ഈ റെക്കോഡിലേക്കെത്തിയത്.
ഇപ്പോള്‍ സച്ചിനേയും മറ്റ് ഓപ്പണര്‍മാരേയുമെല്ലാം മറികടന്ന് തലപ്പത്തേക്കെത്താന്‍ രോഹിത്തിനായിരിക്കുകയാണ്. ഏകദിനത്തിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറിന് ഉടമയായ രോഹിത് മൂന്ന് തവണയാണ് ഏകദിന ഫോര്‍മാറ്റില്‍ ഇരട്ട സെഞ്ച്വറി നേടിയത്. ഇന്ത്യ കണ്ട ഏകദിനത്തിലെ ഏറ്റവും മികച്ച ഓപ്പണറാണ് സെവാഗെന്ന് പറഞ്ഞാലും തെറ്റാകില്ല. പാകിസ്താന്റെ ബൗളര്‍മാരെ തല്ലിപ്പറത്തി ഇന്ത്യക്ക് ഗംഭീര തുടക്കം നല്‍കാനും രോഹിത് ശര്‍മക്ക് സാധിച്ചിട്ടുണ്ട്.

ഷഹീന് മുന്നില്‍ പുറത്തായി
ഷഹീന്‍ ഷാ അഫ്രീദിക്ക് മുന്നില്‍ വീണ്ടും രോഹിത് ശര്‍മക്ക് വിക്കറ്റ് നഷ്ടമായിരിക്കുകയാണ്. 15 പന്തില്‍ 3 ഫോറും 1 സിക്‌സുമടക്കം 20 റണ്‍സ് നേടിയ രോഹിത് ശര്‍മയെ ഷഹീന്‍ ഷാ അഫ്രീദി ക്ലീന്‍ബൗള്‍ഡാക്കുകയായിരുന്നു. എന്നാല്‍ പവര്‍പ്ലേയില്‍ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാതെ ആത്മവിശ്വാസം നല്‍കുന്ന പ്രകടനം കാഴ്ചവെച്ചാണ് രോഹിത് മടങ്ങിയതെന്ന് പറയാം.
മോശം ഫോമിലാണെന്ന് പറയുന്നവരോട് വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ട് മറുപടി നല്‍കാന്‍ രോഹിത്തിന് സാധിക്കുന്നുണ്ട്. എന്നാല്‍ വലിയ സ്‌കോറിലേക്കുയരാന്‍ സാധിക്കുന്നില്ലെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം. പാകിസ്താനെതിരേ മികച്ച റെക്കോഡുള്ള രോഹിത്തിന് പ്രതീക്ഷിച്ചപോലെ വമ്പന്‍ സ്‌കോര്‍ നേടാനാവാത്തത് ആരാധകരെ നിരാശരാക്കുന്നു.
ക്യാച്ചില്‍ കോലിക്ക് വമ്പന്‍ റെക്കോഡ്
രോഹിത് ബാറ്റിങ്ങില്‍ വമ്പന്‍ റെക്കോഡ് സൃഷ്ടിക്കുമ്പോള്‍ വിരാട് കോലി ക്യാച്ചില്‍ പുതു ചരിത്രമെഴുതിയിരിക്കുകയാണ്. ഏകദിനത്തില്‍ കൂടുതല്‍ ക്യാച്ച് നേടുന്ന ഇന്ത്യക്കാരനാണ് കോലി. 157 ക്യാച്ചുകളാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ റെക്കോഡാണ് കോലി മറികടന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ ക്യാച്ചുള്ള ഇന്ത്യക്കാരില്‍ ഒന്നാം സ്ഥാനത്തേക്കെത്താനും കോലിക്കായി. ടി20യില്‍ ഇന്ത്യക്കായി കൂടുതല്‍ ക്യാച്ച് നേടിയത് കോലിയാണ്.
അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റില്‍ കൂടുതല്‍ ക്യാച്ചുള്ള മൂന്നാമത്തെ താരമാണ് കോലി. ഫീല്‍ഡിങ്ങില്‍ കോലിക്ക് പിഴവ് സംഭവിക്കുന്നത് വളരെ അപൂര്‍വ്വമായാണെന്ന് പറയാം. പാകിസ്താനെതിരേ ഗംഭീര ബാറ്റിങ് റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന കോലി വീണ്ടുമൊരു മാച്ച് വിന്നിങ് പ്രകടനം നടത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.