ദുബായ്: ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ബംഗ്ലാദേശിനെ ആറു വിക്കറ്റിനു തകര്‍ത്ത് എതിരാളികള്‍ക്കു ശക്തമായ മുന്നറിയിപ്പാണ് ടീം ഇന്ത്യ നല്‍കിയിരിക്കുന്നത്. ആദ്യം ബൗളിങിലും പിന്നീട് ബാറ്റിങിലും ആധിപത്യം പുലര്‍ത്തിയാണ് ഇന്ത്യ ഈ മല്‍സരം ജയിച്ചുകയറിയത്. എങ്കിലും ഫീല്‍ഡിങില്‍ കുറേക്കൂടി ജാഗ്രത പുലര്‍ത്തിയിരുന്നെങ്കില്‍ ഇതിനേക്കാള്‍ അനായാസമായി ഇന്ത്യക്കു ഈ മല്‍സരത്തില്‍ വിജയം കൊയ്യാമായിരുന്നു.
റണ്‍ചേസില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെയും മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെയും തീര്‍ത്തും വ്യത്യസ്തമായ ശൈലിയിലുള്ള ഇന്നിങ്‌സുകളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറുന്നത്. രോഹിത് പതിവുപോലെ വളരെ അഗ്രസീവായി തന്നെ ബാറ്റ് വീശിയപ്പോള്‍ ടെസ്റ്റിനെ ഓര്‍മിപ്പിക്കുന്നതായിരുന്നു കോലിയുടെ ഇന്നിങ്‌സ്. രണ്ടു പേരും വ്യത്യസ്ത പിച്ചുകളിലാണോ കളിച്ചതെന്നാണ് സോഷ്യല്‍ മീഡിയയില്‍ പരിഹാസ രൂപേണയുള്ള ആരാധകരുടെ ചോദ്യം.

തികച്ചും വ്യത്യസ്തമായ ബാറ്റിങ്
ബംഗ്ലാദേശിനെതിരായ റണ്‍ചേസില്‍ പതിവുപോലെ രോഹിത് ശര്‍മ അഗ്രസീവായി തന്നെയാണ് ബാറ്റ് ചെയ്തത്. ടീമിനു മികച്ചൊരു തുടക്കം നല്‍രുന്നതില്‍ നിര്‍ണായകമായതും ഇതു തന്നെയാണ്. 36 ബോളില്‍ ഏഴു ഫോറുകളടക്കം 41 റണ്‍സ് നേടാന്‍ ഹിറ്റ്മാന് സാധിച്ചിരുന്നു. 113.89 സ്‌ട്രൈക്ക് റേറ്റിലാണിത്. പേസര്‍ ടസ്‌കിന്‍ അഹമ്മദിനെതിരേ ക്രീസിനു പുറത്തേക്കിറങ്ങി ഒരു വമ്പന്‍ ഷോട്ട് കളിക്കാന്‍ ശ്രമിച്ചാണ് റിഷാദ് ഹൊസെയ്‌ന് ക്യാച്ച് സമ്മാനിച്ച് അദ്ദേഹം മടങ്ങിയത്.
ഓപ്പണിങ് വിക്കറ്റില്‍ ശുഭ്മന്‍ ഗില്ലിനൊപ്പം 69 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാനും രോഹിത്തിനു കഴിഞ്ഞു. വെറും 9.5 ബോളിലാണിത്. രോഹിത് മടങ്ങിയതിനു പിന്നാലെ ക്രീസിലെത്തിയ വിരാട് കോലി അമിത പ്രതിരോധത്തിലൂന്നിയുള്ള വളരെ സ്ലോ ബാറ്റിങാണ് കാഴ്ചവച്ചത്. 38 ബോളില്‍ 22 റണ്‍സ് നേടി പുറത്താവുകയും ചെയ്തു. 57.89 സ്‌ട്രൈക്ക് റേറ്റിലാണിത്. ഒരേയൊരു ഫോര്‍മാത്രമേ കോലിയുടെ ഇന്നിങ്‌സിലുണ്ടായിരുന്നുള്ളൂ.
കോലി കളിച്ചത് ടെസ്‌റ്റോ?
മൂന്നാം നമ്പറില്‍ ക്രീസിലെത്തിയതിനു ശേഷം ഒച്ചിഴയുന്ന വേഗത്തിസുള്ള ബാറ്റിങാണ് വിരാട് കോലി കാഴ്ചവച്ചത്. രോഹിത് ശര്‍മ ബാറ്റ് ചെയ്യവെ ചീറിപ്പാഞ്ഞ ടീം ഇന്ത്യക്കു സഡന്‍ബ്രേക്കിട്ടതു പോലെയായിരുന്നു ഇത്. തട്ടിയും മുട്ടിയും ക്രീസില്‍ നിന്ന കോലിക്കു സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് സിംഗിളുകള്‍ പോലും നേടാന്‍ സാധിച്ചതുമില്ല.
ആദ്യത്തെ ഒമ്പതു ബോളിലും റണ്ണൊന്നുമെടുക്കാതിരുന്ന കോലി ഒടുവില്‍ പത്താമത്തെ ബോളിലാണ് സിംഗിളുമായി അക്കൗണ്ട് തുറന്നത്. അതിനു ശേഷവും സ്ലോ ബാറ്റിങിലൂടെ അദ്ദേഹം കാണികളുടെ ക്ഷമ പരീക്ഷിച്ചുകൊണ്ടേടിരുന്നു. 21 ബോളുകള്‍ നേരിട്ടപ്പോള്‍ കോലിയുടെ പേരിലുണ്ടായിരുന്നത് വെറും ഒമ്പതു റണ്‍സ് മാത്രം. ആദ്യത്തെ 34 ബോളുകള്‍ കഴിഞ്ഞപ്പോളും ഒരു ഫോര്‍ പോലും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നില്ല എന്നതാണ് പരിതാപകരമാ കാര്യം.

ഒടുവില്‍ 35ാമത്തെ ബോളിലാണ് കോലി ആദ്യത്തെ ഫോര്‍ പായിച്ചത്. സ്ലോ ബൗളറായ മെഹ്ദി ഹസന്‍ മിറാസെറിഞ്ഞ 22ാം ഓവറിലെ അവസാന ബോളിലായിരുന്നു ഇത്. തൊട്ടടുത്ത ഓവറില്‍ തന്നെ അദ്ദേഹം പുറത്താവുകയും ചെയ്തു.
മറ്റൊരു സ്ലോ ബൗളറായ റിഷാദ് ഹൊസെയ്‌നാണ് കോലിയെ മടക്കിയത്. ഓഫ്സ്റ്റംപിന് പുറത്തേക്കു പോയ ബോളില്‍ അദ്ദേഹം ബാക്ക്ഫൂട്ടില്‍ ഷോട്ട് കളിക്കുകയായിരുന്നു. പക്ഷെ ഇതു ബാക്ക്‌വേര്‍ഡ്‌പോയിന്റില്‍ നേരെ സൗമ്യ സര്‍ക്കാരിന്റെ കൈകളിലേക്കാണ് വന്നത്. ഇതോടെ കോലിയുടെ വിരസമായ ഇന്നിങ്‌സ് അവസാനിക്കുകയും ചെയ്തു.
വിമര്‍ശനം, പരിഹാസം
വിരാട് കോലിയുടെ സ്ലോ ബാറ്റിങിനെതിരേ സോഷ്യല്‍ മീഡിയയില്‍ വലിയ പരിഹാസവും വിമര്‍ശനങ്ങളുമാണ് ഉയരുന്നത്. രോഹിത് ശര്‍മയുടെയും വിരാട് കോലിയുടെയും ഇന്നിങ്‌സുകള്‍ തമ്മിലുള്ള വൈരുദ്ധ്യം അവിശ്വസനീയമാണ്. ശരിക്കും രണ്ടു പേരും വ്യത്യസ്ത പിച്ചുകളിലാണോ ബാറ്റ് ചെയ്തത്? രോഹിത്തിന് ഇവിടെ ഈ തരത്തില്‍ ബാറ്റ് ചെയ്യാന്‍ സാധിക്കുമെങ്കില്‍ അതിന്റെ പകുതിയെങ്കിലും കോലിക്കു കഴിയേണ്ടതല്ലേയെന്നു ആരാധകര്‍ ചോദിക്കുന്നു.
വിരാട് കോലി കളി മതിയാക്കുന്നതാണ് നല്ലത്. ഈ രീതിയിലാണ് ബാറ്റ് ചെയ്യുന്നതെങ്കില്‍ മല്‍സരരംഗത്തു തുടരുന്നതില്‍ യാതൊരു കാര്യവുമില്ല. ക്രിക്കറ്റിനോടുള്ള പഴയ പാഷന്‍ അദ്ദേഹത്തിനു നഷ്ടമായതു പോലെയാണ് കാണപ്പെടുന്നതെന്നും ചിലര്‍ വിമര്‍ശിക്കുന്നു.