ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലെ ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ ഇന്ത്യ ന്യൂസീലന്‍ഡിനെ നേരിടാന്‍ പോവുകയാണ്. ബംഗ്ലാദേശിനേയും പാകിസ്താനേയും തോല്‍പ്പിച്ച ഇന്ത്യക്ക് ന്യൂസീലന്‍ഡിനെ കീഴ്‌പ്പെടുത്തുകയെന്നത് അല്‍പ്പം പ്രയാസമാവും. കിവീസ് ശക്തമായ താരനിരയാണ്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് എളുപ്പത്തില്‍ ജയിക്കാന്‍ സാധിക്കില്ലെന്നുറപ്പാണ്. ഗ്രൂപ്പ് ചാമ്പ്യന്മാരെ നിശ്ചയിക്കുന്ന പോരാട്ടമാണ് വരാനിരിക്കുന്നത്.
പാകിസ്താനെതിരായ മത്സരത്തിനിടെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ന്യൂസീലന്‍ഡിനെതിരായ മത്സരം രോഹിത്തിന് നഷ്ടമായേക്കുമെന്നും നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇന്ത്യക്ക് ആശ്വാസമാകുന്ന വാര്‍ത്ത പുറത്തുവരികയാണ്. രോഹിത് ശര്‍മ ന്യൂസീലന്‍ഡിനെതിരേ കളിക്കുമെന്നാണ് ഇന്ത്യന്‍ ടീമിലെ സഹതാരമായ കെ എല്‍ രാഹുല്‍ സൂചന നല്‍കിയിരിക്കുന്നത്.
ഇന്ത്യന്‍ താരങ്ങളില്‍ ആര്‍ക്കും പരിക്കില്ല
നിലവില്‍ ഇന്ത്യന്‍ താരങ്ങളില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് കെ എല്‍ രാഹുല്‍ പറഞ്ഞത്. മുഹമ്മദ് ഷമിയും രോഹിത് ശര്‍മയും പരിക്കിന്റെ പിടിയിലല്ലെന്നും തനിക്ക് ഇതിനെക്കുറിച്ച് അറിയില്ലെന്നുമാണ് രാഹുല്‍ മാധ്യമങ്ങളോട് സംസാരിക്കവെ പ്രതികരിച്ചത്. ഇന്ത്യയുടെ ആദ്യ ഘട്ട പരിശീലന സെക്ഷനില്‍ രോഹിത് ശര്‍മ പങ്കെടുത്തിരുന്നില്ല. ഇതോടെ രോഹിത് കിവീസിനെതിരേ കളിച്ചേക്കില്ല എന്ന അഭ്യൂഹമാണ് ശക്തമായത്. എന്നാല്‍ രണ്ടാമത് പരിശീലന സെക്ഷനില്‍ രോഹിത് പങ്കെടുത്തു.
രോഹിത്തിന് നെറ്റ്‌സില്‍ പന്തെറിയാന്‍ മുഹമ്മദ് ഷമിയും അര്‍ഷ്ദീപ് സിങ്ങും ഉണ്ടായിരുന്നു. ത്രോ സ്‌പെഷ്യലിസ്റ്റിനൊപ്പവും രോഹിത് ഏറെ നേരം പരിശീലനം നടത്തി. ഇതില്‍ നിന്ന് രോഹിത് ഫിറ്റ്‌നസ് വീണ്ടെടുത്തുവെന്ന് തന്നെ പ്രതീക്ഷിക്കാം. രോഹിത് ശര്‍മയുടെ പ്രകടനം ആദ്യ രണ്ട് മത്സരത്തിലെ ഇന്ത്യയുടെ ജയത്തില്‍ വളരെ നിര്‍ണ്ണായകമായിരുന്നു. അതുകൊണ്ടുതന്നെ രോഹിത്തിന്റെ അഭാവമുണ്ടായാല്‍ അത് ഇന്ത്യയെ പ്രതികൂലമായി ബാധിക്കാനാണ് സാധ്യത കൂടുതല്‍.

ഇന്ത്യ പ്ലേയിങ് 11 മാറ്റിയേക്കില്ല
ബംഗ്ലാദേശിനെതിരേയും പാകിസ്താനെതിരേയും ഇന്ത്യ ഒരേ പ്ലേയിങ് 11നെയാണ് കളിപ്പിച്ചത്. രണ്ട് മത്സരത്തിലും വിക്കറ്റ് കീപ്പറായി കെ എല്‍ രാഹുല്‍ കളിച്ചപ്പോള്‍ റിഷഭ് പന്തിന് ഇന്ത്യയുടെ പ്ലേയിങ് 11 സ്ഥാനം ലഭിച്ചിരുന്നില്ല. ന്യൂസീലന്‍ഡിനെതിരേയും രാഹുല്‍ തന്നെ കീപ്പറാവുമെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെ വരുമ്പോള്‍ റിഷഭ് പന്തിന് വീണ്ടും പുറത്തിരിക്കേണ്ടി വരും. ഇന്ത്യ നിലവിലെ വിജയ കൂട്ടുകെട്ടിന് നിലനിര്‍ത്തി മുന്നോട്ട് പോകുമെന്ന നിര്‍ണ്ണായക സൂചനയും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.
നിലവിലെ ഇന്ത്യയുടെ വിജയ കൂട്ടുകെട്ട് പൊളിക്കാന്‍ ടീം ആഗ്രഹിക്കുന്നില്ല. മികച്ച വിജയം തുടരാനാവുമെന്ന പ്രതീക്ഷയും രാഹുല്‍ പങ്കുവെച്ചു. അതേ സമയം ഇന്ത്യക്ക് ഗ്രൂപ്പില്‍ തലപ്പത്തെത്തിയാല്‍ തിരിച്ചടിയായേക്കും. കാരണം ഓസ്‌ട്രേലിയ ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനക്കാരാവാനാണ് സാധ്യത. അങ്ങനെ വന്നാല്‍ ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ച് ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാരായാല്‍ സെമിയില്‍ എതിരാളികളായി ഓസ്‌ട്രേലിയ എത്തും. ഇത് ഇന്ത്യക്ക് വലിയ തലവേദന സൃഷ്ടിച്ചേക്കും.
സാധ്യതാ 11 ഇങ്ങനെ
രോഹിത് ശര്‍മ (c), ശുബ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ഹര്‍ഷിത് റാണ