Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്‍സ് ട്രോഫി: രോഹിത്തും കോലിയും വിരമിക്കരുത്, ഒളിംപിക്‌സ് കളിക്കണം! ശ്രീശാന്ത് പറയുന്നു

മുംബൈ: ചാമ്പ്യന്‍സ് ട്രോഫി ആവേശകരമായ ഫൈനലിലേക്ക് കടന്നിരിക്കുകയാണ്. ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലാണ് കലാശപ്പോരാട്ടം നടക്കുന്നത്. ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തില്‍ ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ ഫൈനലിലും ഇന്ത്യക്ക് മുന്‍തൂക്കമുണ്ടെന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്. ഇന്ത്യ ദുബായില്‍ കളിച്ച് ഫോമില്‍ നില്‍ക്കുന്നതിനാല്‍ കറാച്ചിയില്‍ കളിച്ച് ദുബായിലേക്കെത്തുന്ന ന്യൂസീലന്‍ഡിന് കാര്യങ്ങള്‍ കടുപ്പമാണെന്ന് തന്നെ പറയാം.

എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം രോഹിത് ശര്‍മയും വിരാട് കോലിയും വിരമിച്ചേക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ട്. ഇരുവരുടേയും അവസാന ഐസിസി ടൂര്‍ണമെന്റായിരിക്കും ഇതെന്നാണ് പൊതുവേ പുറത്തുവരുന്ന സൂചനകള്‍. എന്നാല്‍ കോലിയേയും രോഹിത്തിനേയും വിരമിക്കാന്‍ അനുവദിക്കരുതെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസറായ ശ്രീശാന്ത്. അതിന്റെ കാരണവും ശ്രീശാന്ത് തുറന്ന് പറഞ്ഞിരിക്കുകയാണ്.

2028ലെ ഒളിംപിക്‌സ് കളിക്കണം

രോഹിത് ശര്‍മയും വിരാട് കോലിയും ഇപ്പോള്‍ വിരമിക്കരുതെന്നും 2028ലെ ഒളിംപിക്‌സില്‍ കളിച്ച് ജയിച്ച് ഒളിംപ്യന്മാരെന്ന വിശേഷണത്തോടെ പടിയിറങ്ങണമെന്നാണ് ശ്രീശാന്ത് പറയുന്നത്. രാജ്യത്തിന് ഒളിംപിക്‌സ് സ്വര്‍ണ്ണ മെഡല്‍ നേടിക്കൊടുത്ത് ഇവര്‍ പടിയിറങ്ങണമെന്നതാണ് തന്റെ ആഗ്രഹം എന്നാണ് ശ്രീശാന്ത് പറയുന്നത്. 'എല്ലാവരും കോലിയുടേയും രോഹിത്തിന്റേയും വിരമിക്കലിനെക്കുറിച്ചാണ് സംസാരിക്കുന്നത്. അവരെ ദയവായി കളിക്കാന്‍ അനുവദിക്കൂ. രോഹിത്തും കോലിയും ഇന്ത്യക്കായി ഒളിംപിക്‌സ് മെഡല്‍ നേടുന്നതുപോലൊരു മികച്ച അനുഭവം ഇല്ല' ഇന്ത്യ ടുഡെയോട് സംസാരിക്കവെ ശ്രീശാന്ത് പറഞ്ഞു.

എന്നാല്‍ ഇതിനുള്ള ബാല്യം ഇരുവര്‍ക്കും ശേഷിക്കുന്നുണ്ടെന്ന് പറയാനാവില്ല. രോഹിത്തും കോലിയും കരിയറിന്റെ അവസാന സമയത്തിലൂടെയാണ് കടന്ന് പോകുന്നതെന്ന് പറയാം. ഇതിനോടകം ഇരുവരും ടി20യില്‍ നിന്ന് വിരമിച്ചിട്ടുണ്ട്. ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം രോഹിത് ഏകദിനം കളിക്കുമോയെന്ന കാര്യവും സംശയമാണ്. ടെസ്റ്റിലെ ഇരുവരുടേയും പ്രകടനം മോശവുമാണ്. അതുകൊണ്ടുതന്നെ ഇനിയും അധികനാള്‍ മുന്നോട്ട് പോവുക പ്രയാസമാവും.

virat kohli

ചാമ്പ്യന്‍സ് ട്രോഫി കിരീടം ഇന്ത്യ നേടുമോ?

ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ കപ്പിലേക്കെത്തുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ബംഗ്ലാദേശിനേയും പാകിസ്താനേയും ന്യൂസീലന്‍ഡിനേയുമെല്ലാം തോല്‍പ്പിച്ചു. ഗ്രൂപ്പ് എയിലെ ചാമ്പ്യന്മാരാവാന്‍ ഇന്ത്യക്ക് സാധിച്ചു. ഇപ്പോള്‍ വീണ്ടും ന്യൂസീലന്‍ഡിനെ ഇന്ത്യ ഫൈനലില്‍ നേരിടാന്‍ പോവുകയാണ്. ഇന്ത്യ കിരീടം നേടുമെന്നാണ് ശ്രീശാന്ത് പറയുന്നത്.

'ഫൈനലിലെ എതിരാളികള്‍ ആരാണെന്നത് പ്രശ്‌നമല്ല. ഇന്ത്യ കപ്പ് നേടും. പോസിറ്റീവായാണ് ടീം ഇപ്പോള്‍ കളിക്കുന്നത്. മനോഹരമായി എല്ലാ താരങ്ങള്‍ക്കും കളിക്കാന്‍ സാധിക്കുന്നുണ്ട്. വിരാട് കോലി ആംഗര്‍ റോളില്‍ കളിക്കുന്നത് എത്ര മനോഹരമാണെന്ന് നോക്കുക. ശ്രേയസ് അയ്യര്‍ അവസരത്തിനൊത്ത് ഉയരുന്നു. മികച്ച പദ്ധതികള്‍ ഇന്ത്യക്കുണ്ട്. മഹി ഭായി പറയുന്നതുപോലെ ശാന്തമായി കളിക്കുക. ദാദയും പറഞ്ഞിരുന്നത് ഇതാണ്. പദ്ധതികളില്‍ വിശ്വസിച്ച് കളിച്ചാല്‍ കപ്പ് നേടാനാവും' ശ്രീശാന്ത് പറഞ്ഞു.

ഇന്ത്യക്ക് മുന്‍തൂക്കമുണ്ട്

ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യക്ക് മുന്‍തൂക്കം അവകാശപ്പെടാനാവും. ഇന്ത്യ ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫിയിലെ എല്ലാ മത്സരങ്ങളും ദുബായിലാണ് കളിച്ചത്. അതുകൊണ്ടുതന്നെ പിച്ചില്‍ ഇന്ത്യക്ക് സ്വാഭാവികമായ മുന്‍തൂക്കം അവകാശപ്പെടാന്‍ സാധിക്കും. ന്യൂസീലന്‍ഡ് ഇന്ത്യക്കെതിരേ ദുബായില്‍ കളിച്ചു. എന്നാല്‍ ലാഹോറില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചാണ് ഫൈനലില്‍ വരുന്നത്.

ദുബായിലെ പിച്ചില്‍ ഇന്ത്യയെപ്പോലെ വേഗത്തില്‍ പൊരുത്തപ്പെടാന്‍ കിവീസിന് സാധിച്ചേക്കില്ല. ഇത് മുതലാക്കാന്‍ ഇന്ത്യക്ക് സാധിക്കുമോയെന്നതാണ് പ്രധാനപ്പെട്ട ചോദ്യം. ഇന്ത്യ സ്പിന്നര്‍മാരുടെ മികവില്‍ ഇപ്പോഴും വിശ്വസിക്കുന്നു. ഇതേ തന്ത്രം ഉപയോഗിച്ച് കിവീസിനെ തകര്‍ക്കുമെന്ന് തന്നെ കരുതാം.

Story first published: Thursday, March 6, 2025, 8:44 [IST]
Other articles published on Mar 6, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+