ഐസിസിയുടെ ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചതു മുതല്‍ ക്രിക്കറ്റ് പ്രേമികള്‍ വലിയ ആവേശത്തിലാണ്. രോഹിത് ശര്‍മയ്ക്കു കീഴില്‍ 15 അംഗ സ്‌ക്വാഡിനെയാണ് സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുത്തത്. മൂന്നാമത്തെ കിരീടവുമായി ഇത്തവണ മടങ്ങിയെത്താമെന്ന ശുഭപ്രതീക്ഷയില്‍ തന്നെയാണ് ഇന്ത്യ.
എട്ടു വര്‍ഷങ്ങള്‍ നീണ്ട ഗ്യാപ്പിനു ശേഷമാണ് വീണ്ടുമൊരു ചാംപ്യന്‍സ് ട്രോഫിയെത്തുന്നത്. 2017ലായിരുന്നു അവസാന ടൂര്‍ണമെന്റ് ഇംഗ്ലണ്ടില്‍ നടന്നത്. അന്നു വിരാട് കോലി നയിച്ച ഇന്ത്യന്‍ ടീം ഫൈനലില്‍ ചിരവൈരികളായ പാകിസ്താനോടു കീഴടങ്ങുകയായിരുന്നു. ഇത്തവണ ഒരേ ഗ്രൂപ്പിലായതിനാല്‍ ഈ തോല്‍വിക്കു പകരം ചോദിക്കാനുള്ള അവസരം കൂടിയാണ് ഇന്ത്യക്കു ലഭിച്ചിരിക്കുന്നത്.
എട്ടു ടീമുകളാണ് ചാംപ്യന്‍സ് ട്രോഫിയിലുള്ളത്. നാലു ടീമുകുകള്‍ വീതം രണ്ടു ഗ്രൂപ്പുകളിലായാണ് അണിനിരക്കുക. ഫൈനലുള്‍പ്പെടെ ഓരോ ടീമിനും പരമാധി അഞ്ചു മല്‍സരങ്ങള്‍ മാത്രമേയുള്ളൂ. അതുകൊണ്ടു തന്നെ പ്ലെയിങ് ഇലവനില്‍ വലിയ അഴിച്ചപണികള്‍ക്കു ടീമുകള്‍ തുനിഞ്ഞേക്കില്ല. ഏറ്റവും ശക്തമായ ഇലവനെ തന്നെയാവും ഇന്ത്യയും ഇറക്കുക. പക്ഷെ ചില താരങ്ങള്‍ക്കു ടൂര്‍ണമെന്റില്‍ ഒരു മല്‍സരം പോലും കളിക്കാന്‍ അവസരം ലഭിച്ചേക്കില്ല. ഇവര്‍ ആരൊക്കെയാണെന്നു നോക്കാം.

വാട്ടര്‍ബോയ്‌സ് ആരെല്ലാം
ചാംപ്യന്‍സ് ട്രോഫിയില്‍ ഗ്രൂപ്പുഘട്ടത്തില്‍ മൂന്നു കളികളാണ് ഇന്ത്യക്കുള്ളത്. തുടര്‍ന്നു സെമി ഫൈനലും ഫൈനലുമാണ്. ദൈര്‍ഘ്യം കുറഞ്ഞ ടൂര്‍ണമെന്റായതിനാല്‍ മുഴുവന്‍ മല്‍സരങ്ങളിലും ഒരേ ടീം കോമ്പിനേഷന്‍ തന്നെ ഇന്ത്യ പരീക്ഷിക്കാനാണ് സാധ്യത. 15 അംഗ സ്‌ക്വാഡിലെ നാലു പേരാണ് അവസരം കിട്ടാതെ പുറത്തിരിക്കുക.
അഗ്രസീവ് ഓപ്പണറും യുവതാരവുമായ യശസ്വി ജയ്‌സ്വാള്‍, വിക്കറ്റ് കീപ്പര്‍ ബാറ്ററായ കെഎല്‍ രാഹുല്‍, സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദര്‍, ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ അര്‍ഷ്ദീപ് സിങ് എന്നിവരാണ് അവസരം കിട്ടാതെ തഴയപ്പെടാന്‍ സാധ്യതയുള്ള കളിക്കാര്‍. ഇവരില്‍ ജയ്‌സ്വാളും അര്‍ഷ്ദീപുമാവട്ടെ മാരക ഫോമിലുമാണ്.
ക്യാപ്റ്റന്‍ രോഹിത് ശര്‍മയും യുവ താരം ശുഭ്മന്‍ ഗില്ലുമായിരിക്കും ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് ഓപ്പണിങ് ജോടികള്‍. ടീമിന്റെ വൈസ് ക്യാപ്റ്റനായി ഗില്ലിനെ നിയമിച്ചു കഴിഞ്ഞു. അതുകൊണ്ടു തന്നെ പ്ലെയിങ ഇലവനില്‍ നിന്നും അദ്ദേഹത്തെ മാറ്റി നിര്‍ത്താനും സാധിക്കില്ല. ബാറ്റിങില്‍ കാര്യമായി തിളങ്ങിയില്ലെങ്കിലും ഗില്‍ ഓപ്പണിങ് സ്ഥാനത്തു തുടരും. അതിനാല്‍ ജയ്‌സ്വാള്‍ ടൂര്‍ണമെന്റിലുടനീളം ബെഞ്ചിലാവുകയും ചെയ്യും.
റിഷഭടക്കം 3 പേര്‍ രോഹിത്തിന് വേണ്ടപ്പെട്ടവര്‍!! സഞ്ജുവിനു 'പുല്ലുവില', അറിയാമോ കാരണം?
വിക്കറ്റ് കീപ്പിങില്‍ റിഷഭ് പന്താണ് ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സെന്നു മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ തുറന്നു പറഞ്ഞു കഴിഞ്ഞു. ഇതോടെ പണികിട്ടിയത് രാഹുലിനാണ്. കൂടുതല്‍ മികച്ച ബാറ്ററും വിക്കറ്റ് കീപ്പറുമായിട്ടും അദ്ദേഹത്തിനു ബെഞ്ചിലായിരിക്കും സ്ഥാനം. പകരം മുഴുവന്‍ മല്‍സരങ്ങളിലും റിഷഭ് വിക്കറ്റ് കാക്കുകയും ചെയ്യും.

ബൗളിങ് കോമ്പിനേഷന്‍
രണ്ടു സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍മാരെയും ഒരു സ്‌പെഷ്യലിസ്റ്റ് സ്പിന്നറെയും ഉള്‍പ്പെടുത്തിയുള്ള ടീം കോമ്പിനേഷനായിരിക്കും ഇന്ത്യ പരീക്ഷിക്കുക. ഓള്‍റൗണ്ടര്‍മാരായി പരിചയസമ്പന്നരായ രവീന്ദ്ര ജഡേജയും അക്ഷര്‍ പട്ടേലുമാണ് ഫേവറിറ്റുകള്‍. മുഖ്യ സ്പിന്നറായി കുല്‍ദീപിനും നറുക്കുവീഴും. മൂന്നു പേരിലൊരാള്‍ക്കു പരിക്കേല്‍ക്കുകയാണെങ്കില്‍ മാത്രമേ വാഷിങ്ടണിനു അവസരം കിട്ടുകയുള്ളൂ. ഇല്ലെങ്കില്‍ എല്ലാ കളിയിലും അദ്ദേഹം പുറത്തിരിക്കുമെന്നുറപ്പാണ്.
പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുക സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബുംറായിരിക്കും. അദ്ദേഹത്തിനു കൂട്ടായി എത്തുക മറ്റൊരു സൂപ്പര്‍ ബൗളറായ മുഹമ്മദ് ഷമിയായിരിക്കും. മൂന്നാമതൊരു പേസറെ ഇന്ത്യ കളിപ്പിക്കാനിടയില്ല. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെയാണ് ഈ റോളില്‍ ടീം ഉപയോഗിക്കുക. അതിനാല്‍ അര്‍ഷ്ദീപിനും നിരാശയായിരിക്കും ഫലം.
ഇന്ത്യന്‍ സ്‌ക്വാഡ്
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്.