ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ വിജയത്തോടെ തുടങ്ങിയിരിക്കുകയാണ്. ബംഗ്ലാദേശിനെ ആറ് വിക്കറ്റിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് ഇന്ത്യ 228 റണ്‍സില്‍ ഒതുക്കി. മറുപടിക്കിറങ്ങിയ ഇന്ത്യ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു. എന്നാല്‍ 46.3 ഓവറിലാണ് ഇന്ത്യ വിജയം കണ്ടത്. ബംഗ്ലാദേശിനെപ്പോലൊരു ശരാശരി ടീമിനെതിരേ ഇന്ത്യ ജയിച്ചത് പ്രതീക്ഷിച്ച പോലെ ആധിപത്യം കാട്ടിയല്ലെന്ന് നിസംശയം പറയാം.
ഒമ്പത് ഓവറില്‍ അഞ്ച് വിക്കറ്റിന് 35 എന്ന നിലയില്‍ തകര്‍ന്ന ബംഗ്ലാദേശ് 228 എന്ന നിലയിലേക്കെത്തിയത് ഇന്ത്യയുടെ പിഴവ് തന്നെയാണ്. ഫീല്‍ഡിങ്ങില്‍ വലിയ പിഴവ് ഇന്ത്യക്ക് സംഭവിച്ചു. നായകന്‍ രോഹിത് ശര്‍മ ഉള്‍പ്പെടെ ഇക്കാര്യത്തില്‍ വിമര്‍ശനം ഏറ്റുവാങ്ങുകയാണ്. ഇന്ത്യ 40 ഓവറിനുള്ളില്‍ ജയിക്കേണ്ട മത്സരമായിരുന്നു ഇത്. എന്നാല്‍ ടോപ് ഓഡറില്‍ വിരാട് കോലിയും മധ്യനിരയില്‍ ശ്രേയസ് അയ്യരും അക്ഷര്‍ പട്ടേലും നിരാശപ്പെടുത്തി.
ഇന്ത്യ ബംഗ്ലാദേശിനെതിരേ ജയിച്ചെങ്കിലും പാകിസ്താനെതിരായ മത്സരത്തിന് മുമ്പ് ഇന്ത്യയുടെ കരുത്ത് വ്യക്തമാക്കാനായിട്ടില്ല. അതുകൊണ്ടുതന്നെ പരിശീലകന്‍ ഗൗതം ഗംഭീറിന് ഇന്ത്യയുടെ വിജയത്തില്‍ പൂര്‍ണ്ണ സംതൃപ്തിയില്ലെന്ന് അദ്ദേഹത്തിന്റെ മുഖ ഭാവത്തില്‍ നിന്ന് വ്യക്തം. അതുകൊണ്ടുതന്നെ ഇന്ത്യ ബംഗ്ലാദേശിനെതിരേ ഇറക്കിയ ടീമില്‍ നിന്ന് ചില നിര്‍ണ്ണായകമാറ്റങ്ങള്‍ പാകിസ്താനെതിരേ വരുത്തിയേക്കും. ഇത് എന്താണെന്ന് പരിശോധിക്കാം.
കുല്‍ദീപിന് പകരം വരുണ്‍
ഗംഭീറിന്റെ ഇഷ്ട താരങ്ങളിലൊരാളാണ് വരുണ്‍ ചക്രവര്‍ത്തി. ബംഗ്ലാദേശിനെതിരേ ഇന്ത്യ കുല്‍ദീപ് യാദവിനെ സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി കളിപ്പിച്ചപ്പോള്‍ കാര്യമായ മികവ് കാട്ടാനായിട്ടില്ല. 10 ഓവറില്‍ 43 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തതെങ്കിലും വിക്കറ്റ് നേടാന്‍ സാധിച്ചിട്ടില്ല. ഇത് മധ്യ ഓവറുകളില്‍ റണ്‍സുയര്‍ത്താന്‍ ബംഗ്ലാദേശിനെ സഹായിച്ചു. പാകിസ്താനെതിരേ മധ്യ ഓവറുകളില്‍ മികവ് കാട്ടാന്‍ കുല്‍ദീപിന് സാധിക്കുമോയെന്ന ആശങ്കയുണ്ട്.
ഈ സാഹചര്യത്തില്‍ ഇന്ത്യ കുല്‍ദീപ് യാദവിന് പകരം വരുണ്‍ ചക്രവര്‍ത്തിയെ കളിപ്പിക്കാനാണ് സാധ്യത. പാക് താരങ്ങള്‍ക്ക് നേരിട്ട് അധികം പരിചയമില്ലാത്ത സ്പിന്നറാണ് വരുണ്‍. ദുബായിലെ പിച്ചില്‍ സ്പിന്നര്‍മാര്‍ക്ക് തിളങ്ങാനാവുമെന്ന് വ്യക്തം. ഐപിഎല്ലിലൂടെ ദുബായില്‍ മികവ് തെളിയിച്ചവനാണ് വരുണ്‍. ഈ സാഹചര്യത്തില്‍ ഗംഭീര്‍ പാകിസ്താനെതിരേ എക്‌സ് ഫാക്ടറായി വരുണ്‍ ചക്രവര്‍ത്തിയെ കൊണ്ടുവരാനാണ് സാധ്യത കൂടുതല്‍.

റിഷഭ് പന്തിനെ പരിഗണിച്ചേക്കും
കെ എല്‍ രാഹുലാണ് വിക്കറ്റ് കീപ്പര്‍ റോളില്‍ ബംഗ്ലാദേശിനെതിരേ കളിച്ചത്. വിക്കറ്റിന് പിന്നില്‍ ശരാശരി പ്രകടനം നടത്തിയ രാഹുല്‍ 47 പന്തില്‍ പുറത്താവാതെ 41 റണ്‍സുമായി ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. എന്നാല്‍ രാഹുലിന്റെ പ്രകടനം സംതൃപ്തി നല്‍കുന്നതല്ല. മൂന്ന് മികച്ച ക്യാച്ചുകള്‍ നേടിയെങ്കിലും ഒരു ക്യാച്ചും സ്റ്റംപിങ്ങും നഷ്ടപ്പെടുത്തി. രാഹുല്‍ സ്റ്റംപിങ് നഷ്ടപ്പെടുത്തിയപ്പോള്‍ വിരാട് കോലി ദേഷ്യപ്പെടുകയും ചെയ്തു.
രാഹുലിന്റെ ബാറ്റിങ്ങിലേക്ക് വരുമ്പോഴും പിഴവുകളേറെ. ബംഗ്ലാദേശിനെതിരേ ഭാഗ്യം വേണ്ടുവോളം തുണച്ചതുകൊണ്ടാണ് 41 റണ്‍സ് നേടാന്‍ രാഹുലിന് സാധിച്ചത്. രാഹുല്‍ 9 റണ്‍സില്‍ നില്‍ക്കവെ പുറത്താവേണ്ടതായിരുന്നു. എന്നാല്‍ ക്യാച്ച് നഷ്ടപ്പെടുത്തിയതിനാല്‍ ലൈഫ് ലഭിക്കുകയായിരുന്നു. രണ്ട് തവണയാണ് റണ്ണൗട്ടില്‍ നിന്ന് രക്ഷപെട്ടത്. രാഹുലിന്റെ ആകെയുള്ള പ്രകടനം ശരാശരി മാത്രമാണെന്നിരിക്കെ എക്‌സ് ഫാക്ടര്‍ താരമായ റിഷഭിനെ ഇന്ത്യ മധ്യനിരയിലേക്ക് കൊണ്ടുവരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
പാകിസ്താനെതിരായ സാധ്യതാ 11
രോഹിത് ശര്‍മ (c), ശുബ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി, മുഹമ്മദ് ഷമി